|    Nov 13 Tue, 2018 7:59 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇടനാഴികളും അംബരചുംബികളും

Published : 24th August 2018 | Posted By: kasim kzm

അഡ്വ. സി എം എം ഷരീഫ്

പേമാരിയും മഴക്കെടുതിയും കൊണ്ട് കേരളം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ പോയ വാരത്തില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച രണ്ടു വിധികള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. പരിസ്ഥിതിയെ പിച്ചിച്ചീന്തിയും പീഡിപ്പിച്ചും നിയമവിരുദ്ധമായി പണിതുയര്‍ത്തിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്നു കാണിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. റിസോര്‍ട്ടുകളും ബഹുനില കെട്ടിടങ്ങളും കെട്ടിയുയര്‍ത്തിയത് നിയമം ലംഘിച്ചാണെന്ന പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ട പരമോന്നത കോടതി ആരോപണവിധേയമായ ഇത്തരം നിര്‍മാണങ്ങള്‍ക്കു തടയിടാന്‍ ഉതകുംവിധമുള്ള വിധിയാണ് പുറപ്പെടുവിച്ചത്. നീലഗിരിയിലെ അതീവ പരിസ്ഥിതിപ്രാധാന്യമുള്ള സംരക്ഷിത പ്രദേശത്ത് നിയമവിരുദ്ധമായി പണിതുയര്‍ത്തിയ 27 റിസോര്‍ട്ടുകള്‍ 48 മണിക്കൂറിനകം അടച്ചുപൂട്ടി സീല്‍ ചെയ്യാനാണ് സുപ്രിംകോടതി തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. സമാന നിലയിലുള്ള മറ്റ് 12 റിസോര്‍ട്ടുകള്‍ തങ്ങള്‍ക്കു ലഭിച്ചുവെന്നു പറയപ്പെടുന്ന അനുമതിപത്രങ്ങള്‍ ജില്ലാ കലക്ടര്‍ മുമ്പാകെ 48 മണിക്കൂറിനകം ഹാജരാക്കാനും കോടതി അനുമതി നല്‍കിയെങ്കിലും, രേഖകള്‍ അപൂര്‍ണവും അനുമതി ലഭിച്ചിട്ടില്ലാത്തതുമായ റിസോര്‍ട്ടുകള്‍ എത്രയും വേഗം അടച്ചുപൂട്ടേണ്ടതാണെന്നും കോടതി ഉത്തരവിടുകയുണ്ടായി. വാസഗൃഹങ്ങള്‍ നിര്‍മിക്കാന്‍ അനുമതി വാങ്ങിയ ശേഷം അത്തരം നിര്‍മാണങ്ങള്‍ കാലക്രമത്തില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള റിസോര്‍ട്ടുകളും ഹോട്ടലുകളുമായി മാറ്റിയെന്നതായിരുന്നു ഹരജിയിലെ മുഖ്യ പരാതി. വന്യമൃഗങ്ങളുടെ ആവാസമേഖലയായ, പ്രത്യേകിച്ച് ആനകളുടെ വിഹാരകേന്ദ്രമായ നീലഗിരിയില്‍ വിനോദസഞ്ചാര സാധ്യതകള്‍ മുതലെടുക്കാന്‍ റിസോര്‍ട്ട് ഉടമകള്‍ നടത്തിയ നിയമവിരുദ്ധ നിര്‍മാണങ്ങള്‍ക്കെതിരെയാണ് സുപ്രിംകോടതി നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. എ രംഗരാജനും മറ്റും കേന്ദ്ര സര്‍ക്കാരിനെയും റിസോര്‍ട്ട് ഉടമകളെയും എതിര്‍കക്ഷികളാക്കി സുപ്രിംകോടതി മുമ്പാകെ സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പരിസ്ഥിതിയെ ബാധിക്കും വിധമുള്ള നിയമവിരുദ്ധ നിര്‍മാണങ്ങള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കിയത്. റിസോര്‍ട്ടുകള്‍ നിര്‍മിച്ചവരില്‍ ഒരാള്‍ സിനിമാ നടനായ മിഥുന്‍ ചക്രവര്‍ത്തിയായിരുന്നു. നീലഗിരിയില്‍ വാസഗൃഹത്തിന് അനുമതി വാങ്ങി വാണിജ്യ കെട്ടിടം നിര്‍മിച്ചതായിരുന്നു സിനിമാ നടന്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനം. കേസിന്റെ വിചാരണാവേളയില്‍, കോടതിയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട അഭിഭാഷകനായ അഡ്വ. എ ഡി എന്‍ റാവു നിയമവിരുദ്ധ റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടുന്നതിനെ അനുകൂലിക്കുകയും ഇത്തരത്തിലുള്ള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും നല്‍കിയ വൈദ്യുതി-വെള്ളം കണക്ഷനുകള്‍ അടിയന്തരമായി വിച്ഛേദിക്കേണ്ടതാണെന്നും കോടതി മുമ്പാകെ ആവശ്യപ്പെടുകയുമുണ്ടായി. ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പരാതിക്ക് ആസ്പദമായ കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്ന നീലഗിരി പ്രദേശത്ത് പ്രവര്‍ത്തിച്ചുവരുന്ന ഏതാണ്ടെല്ലാ റിസോര്‍ട്ടുകളും നിയവിരുദ്ധമായാണ് പ്രവര്‍ത്തിച്ചുവരുന്നതെന്നും അവയുടെ നിര്‍മാണം പോലും അനധികൃതമാണെന്നും വ്യക്തമാക്കി. കേസിന്റെ പരിഗണനാവേളയില്‍ 27 റിസോര്‍ട്ട് ഉടമകള്‍ക്കു വേണ്ടി ആരുംകോടതിയില്‍ ഹാജരായിരുന്നില്ല. ഇതില്‍ നിന്നു ജില്ലാ കലക്ടറുടെ റിപോര്‍ട്ട് അവര്‍ക്ക് സ്വീകാര്യമാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു എന്നും ഫലത്തില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിനുള്ള അനുമതി അവര്‍ക്ക് ഇല്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി. ഇപ്രകാരമുള്ള 27 റിസോര്‍ട്ടുകളാണ് അടച്ചുപൂട്ടി സീല്‍ ചെയ്യാന്‍ ജില്ലാ കലക്ടറോട് കോടതി നിര്‍ദേശിച്ചത്. ജില്ലാ കലക്ടറുടെ റിപോര്‍ട്ടില്‍ പരാമര്‍ശിച്ച മറ്റു റിസോര്‍ട്ട് ഉടമകള്‍ റിട്ട് ഹരജിയിലെ ഉത്തരവിനു വിധേയമായി രണ്ടു മാസത്തിനകം റിസോര്‍ട്ട് നടത്തിപ്പിന് ആവശ്യമായ രേഖകള്‍ ജില്ലാ കലക്ടര്‍ മുമ്പാകെ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. തമിഴ്‌നാട്ടിലെ കേസില്‍ നിയമവിരുദ്ധ റിസോര്‍ട്ടുകളായിരുന്നു ഹരജിയിലെ വിഷയമെങ്കില്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ നടന്നത് കെട്ടിട നിര്‍മാണരംഗത്തെ മറ്റൊരു നിയമലംഘനമാണ്. റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഗോയല്‍ ഗംഗ ഡെവലപേഴ്‌സ് പരിസ്ഥിതിക്കു വിനാശകരമായ രീതിയില്‍ നിയമം ലംഘിച്ചു നടത്തിയ താമസാവശ്യത്തിനുള്ള കെട്ടിടസമുച്ചയ നിര്‍മാണത്തിനെതിരേ ഫയല്‍ ചെയ്യപ്പെട്ട ഹരജിയിലാണ് സുപ്രിംകോടതി നടപടി സ്വീകരിച്ചത്. അനധികൃതവും നിയമവിരുദ്ധവുമായി പണികഴിപ്പിച്ച ഫഌറ്റുകള്‍ പൊളിച്ചുകളയണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. നിയമലംഘനം ബോധ്യപ്പെട്ട കോടതി, പണി തീര്‍ന്ന ഫഌറ്റുകളുടെ ഉടമസ്ഥാവകാശം ഇതിനകം അവ വാങ്ങിയവര്‍ക്കു കൈമാറിയ സാഹചര്യത്തില്‍ ബില്‍ഡര്‍മാരായ ഗോയല്‍ ഗംഗ ഡെവലപേഴ്‌സ് എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്ക് 105 കോടി രൂപ പിഴ ചുമത്തി. എന്നാല്‍, പ്രസ്തുത തുക കെട്ടിവയ്ക്കാന്‍ കമ്പനിക്ക് ആറു മാസത്തെ സമയം അനുവദിച്ച കോടതി, ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നപക്ഷം കമ്പനിയുടെയും ഡയറക്ടര്‍മാരുടെയും സകല സ്വത്തുക്കളും കണ്ടുകെട്ടുമെന്നും വ്യക്തമാക്കുകയുണ്ടായി. പൂനെയിലെ സിന്‍ഹഗഡ് റോഡില്‍ 738 ഫഌറ്റുകളും 115 കടകളും പണികഴിപ്പിച്ചതിലെ അപാകതകള്‍ക്കും നിയമലംഘനങ്ങള്‍ക്കുമെതിരേ നേരത്തേ ഗ്രീന്‍ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച പിഴ ചുമത്തല്‍ വിധിക്കെതിരേ കമ്പനി സമര്‍പ്പിച്ച ഹരജിയില്‍ ട്രൈബ്യൂണലിന്റെ വിധി ശരിവച്ച സുപ്രിംകോടതി, കമ്പനി നടത്തിയ നിര്‍മാണങ്ങളിലെ നിയമലംഘനങ്ങള്‍ എടുത്തുപറയുകയുണ്ടായി. കൂടാതെ കമ്പനി രണ്ടു കെട്ടിട സമുച്ചയങ്ങളിലായി നിര്‍മിക്കേണ്ടിയിരുന്ന 454 ഫഌറ്റുകളുടെ നിര്‍മാണത്തിന് അനുമതി നല്‍കരുതെന്നും ഫഌറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് 9% പലിശ സഹിതം പണം തിരിച്ചുനല്‍കാനും നിര്‍ദേശിക്കുകയുണ്ടായി. കെട്ടിട നിര്‍മാണവും അതോടനുബന്ധിച്ചു നടന്നുവരുന്ന വ്യാപകമായ നിയമലംഘനങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. കെട്ടിടനിര്‍മാണ മേഖലയില്‍ അതതു സംസ്ഥാനങ്ങളിലെ മുനിസിപ്പാലിറ്റി നിയമങ്ങള്‍, അനുബന്ധ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഇതര ചട്ടങ്ങള്‍ എന്നിവയ്ക്ക് വിധേയമായും അവ പാലിച്ചും മാത്രമേ കെട്ടിട നിര്‍മാണം ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ പാടുള്ളൂ എന്നാണ് നിയമം അനുശാസിക്കുന്നത്. പരിസ്ഥിതി സംരക്ഷണം, വായു, വെളിച്ചം, വെള്ളം എന്നിവയുടെ നീതിപൂര്‍വമായ ഉപയോഗം, വ്യക്തികളുടെ സ്വകാര്യത ലംഘിക്കാതിരിക്കല്‍, പൊതുഇടങ്ങളുടെ കൈയേറ്റം തടയല്‍, തീരദേശ പരിപാലനം, പരിസര ശുചീകരണം മുതലായ തത്ത്വങ്ങളില്‍ അധിഷ്ഠിതമായ നിയമങ്ങള്‍ പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ രാജ്യത്തെ ഓരോ പൗരനും ബാധ്യസ്ഥനാണ്. എന്നാല്‍, ഇന്നു കെട്ടിടനിര്‍മാണരംഗത്ത് നടന്നുവരുന്ന അഹിതകരമായ ചെയ്തികളെ പല തരത്തിലും ന്യായീകരിച്ച് ക്രമവല്‍ക്കരിക്കാനാണ് പലരും ശ്രമിച്ചുവരുന്നത്. മല തകര്‍ത്തും പുഴ മാന്തിയും കുന്നിടിച്ചും കടലോരം കവര്‍ന്നും അംബരചുംബികളായ ആഡംബര ഫഌറ്റുകളും വില്ലകളും വിദേശികളെ വരവേല്‍ക്കാന്‍ മുന്തിയ തരം നക്ഷത്ര ഹോട്ടലുകളും പണിതുയര്‍ത്തുന്ന നിയമലംഘകര്‍ക്കുള്ള താക്കീതു കൂടിയാണ് മേല്‍ പ്രസ്താവിച്ച വിധികള്‍. ഈ മേഖലയിലെ നിയമലംഘനം അവസാനിപ്പിക്കാന്‍ പ്രകൃതി സ്വമേധയാ അതിന്റെ നീതി നടപ്പാക്കിയേക്കാം; കഴിഞ്ഞ ദിവസങ്ങളില്‍ നാം അനുഭവിച്ച ദുരനുഭവങ്ങള്‍ നമുക്ക് നല്‍കുന്ന മുന്നറിയിപ്പ് അതാണ്. അത്തരം സാഹചര്യം ഒഴിവാക്കാനും ആവര്‍ത്തിക്കാതിരിക്കാനും എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. അല്ലാത്തപക്ഷം ഇടവേളകള്‍ക്ക് ഇടം നല്‍കാതെ മലമടക്കുകളിലും കുന്നിന്‍ ചരിവുകളിലും പുഴയുടെ തീരങ്ങളിലും നിന്ന് ഇനിയും ആര്‍ത്തനാദങ്ങളും ദീനരോദനങ്ങളും വിലാപങ്ങളും ഉയര്‍ന്നേക്കാം. അത്തരം സാഹചര്യം ഒഴിവാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss