|    Jan 23 Mon, 2017 6:13 pm
FLASH NEWS

ഇടത്തോട്ട് ആഞ്ഞുവീശി പാലക്കാടന്‍ കാറ്റ്

Published : 20th May 2016 | Posted By: SMR

പാലക്കാട്: സംസ്ഥാനത്തൊട്ടാകെ ആഞ്ഞു വീശിയ ഇടതു കൊടുങ്കാറ്റിനൊപ്പം തന്നെ നെല്ലറയുടെ നാടായ പാലക്കാടും നില കൊണ്ടു. 2011ല്‍ നേടിയ ഏഴ് മണ്ഡലത്തോടൊപ്പം രണ്ട് മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുത്താണ് ജില്ലയില്‍ എല്‍ഡിഎഫ് കരുത്ത് തെളിയിച്ചത്.
ആലത്തൂര്‍, മലമ്പുഴ, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, തരൂര്‍, നെന്മാറ എന്നീ നിലവിലെ മണ്ഡലങ്ങളോടൊപ്പം യുഡിഎഫിന്റെ കൈയിലുണ്ടായിരുന്ന പട്ടാമ്പി, ചിറ്റൂര്‍ എന്നീ മണ്ഡലങ്ങളും പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. ജില്ലയില്‍ പാലക്കാടും മണ്ണാര്‍ക്കാടും തൃത്താലയും നിലനിര്‍ത്താനായി എന്നത് മാത്രമാണ് യുഡിഎഫിന് ആശ്വാസം പകരുന്നത്. ഇതോടൊപ്പം ജില്ലയില്‍ എന്‍ഡിഎ മികച്ച മുന്നേറ്റമാണ് നടത്തിയത്.
പാലക്കാട് എല്‍ഡിഎഫിനെയും മലമ്പുഴയില്‍ യുഡിഎഫിനെയും മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടാമതെത്തി.
ത്രികോണ മല്‍സരം നടന്ന പാലക്കാട് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫിന്റെ ഷാഫി പറമ്പില്‍ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ ശക്തയായ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ ആദ്യ മണിക്കൂറുകളില്‍ മുന്നേറ്റമുണ്ടാക്കിയെങ്കിലും വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തില്‍ ഷാഫി വ്യക്തമായ ലീഡ് നേടി. കഴിഞ്ഞ തവണയുണ്ടായ 7403 വോട്ടിന്റെ ഭൂരിപക്ഷം 17483 ആയി ഉയര്‍ത്താനും ഷാഫിക്കു സാധിച്ചു. അതേ സമയം സിപിഎമ്മിന്റെ മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വിഎസ്സിന്റെ സ്ഥാനാര്‍ഥിത്വംകൊണ്ട് ഗ്ലാമര്‍ പോരാട്ടം നടന്ന മലമ്പുഴയില്‍ രണ്ടാം സ്ഥാനത്തിനായി ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു മല്‍സരം. ബിഡിജെഎസിന്റെ സഹായത്തോടെ പ്രചാരണം നടത്തിയ ബിജെപി മികച്ച മുന്നേറ്റമാണ് മലമ്പുഴയിലുണ്ടാക്കിയത്. ബിജെപിയുടെ കൃഷ്ണകുമാര്‍ രണ്ടാമതെത്തിയപ്പോള്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇടത് സംഘടനകള്‍ ഒറ്റക്കെട്ടായി പിന്തുണച്ച ജെഎന്‍യു വിദ്യാര്‍ഥി മുഹമ്മദ് മുഹ്‌സിനും നാലാം തവണയും എംഎല്‍എ സ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ കോ ണ്‍ഗ്രസ്സിന്റെ സിപി മുഹമ്മദും തമ്മില്‍ നടന്ന മല്‍സരത്തില്‍ മുഹ്‌സിന്‍ വിജയത്തേരിലേറി. ജെഎന്‍യുവിലെ എഐഎസ്എഫ് യൂനിറ്റ് വൈസ് പ്രസിഡന്റായ മുഹ്‌സിന്‍ 7404 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപി മുഹമ്മദിനെ മറികടക്കുകയായിരുന്നു. ആലത്തൂര്‍, നെന്മാറ, തരൂര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, കോങ്ങാട് എന്നീ മണ്ഡലങ്ങളില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് എല്‍ഡിഎഫ് വിജയിച്ചു കയറിയത്. ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ്സിന്റെ സി സംഗീത ഒരു ഘട്ടത്തില്‍ പോലും സിപിഎമ്മിന്റെ പികെ ശശിക്ക് വെല്ലുവിളിയുയര്‍ത്തിയില്ല. കഴിഞ്ഞ തവണ സലീഖ നേടിയതിനേക്കാള്‍ പതിനായിരം വോട്ടുകളാണ് പികെ ശശി നേടിയത്. സംവരണ മണ്ഡലമായ തരൂരില്‍ നിന്നും മുന്‍മന്ത്രി എകെ ബാലന്‍ നാലാം തവണയും വിജയിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബെദ ഇസ്ഹാഖിനെ രംഗത്തിറക്കിയ തൃത്താലയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇടതു മുന്നണിക്കായില്ല. 2011ല്‍ സിപിഎമ്മിന്റെ ടിപി കുഞ്ഞുണ്ണിയില്‍ നിന്ന് ഭരണം പിടിച്ചെടുത്ത വിടി ബല്‍റാം 2016ല്‍ എംഎല്‍എ സ്ഥാനം നിലനിര്‍ത്തി. 10547 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ബല്‍റാം വിജയിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ ഏഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ബല്‍റാം നേടിയത്.
ഒറ്റപ്പാലത്ത് സിപിഎമ്മിന്റെ പി ഉണ്ണി വിജയിച്ചപ്പോള്‍ ആലപ്പുഴയില്‍ നിന്നെത്തിയ പ്രധാന എതിരാളി ഷാനിമോള്‍ ഉസ്മാന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കോങ്ങാട് പന്തളം സുധാകരനെയും നെന്മാറയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് എന്‍വി ഗോപിനാഥനെയും രംഗത്തിറക്കി പിടിച്ചെടുക്കാമെന്ന് യുഡിഎഫ് കരുതിയിരുന്നെങ്കിലും കെവി വിജയദാസും കെ ബാബുവും ഒരടി പോലും പിന്നോട്ട് പോയില്ല. ജില്ലയില്‍ ഇടതുപക്ഷത്തിന് പരമ്പരാഗതമായി ഏകപക്ഷീയമായി വിജയം സമ്മാനിക്കുന്ന മണ്ഡലമായ ആലത്തൂരില്‍ കെ ഡി പ്രസേനന്‍ 36000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇത് വിഎസ് അച്യുതാനന്ദന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ്.
പഴയ പ്രാദേശിക അസ്വാരസ്യങ്ങള്‍ മാറ്റിവച്ച് പ്രചാരണത്തിനിറങ്ങിയ സിപിഎമ്മും ജനദാതള്‍ എസും ചിറ്റൂരില്‍ മികച്ച മുന്നേറ്റമാണുണ്ടാക്കിയത്. ചിറ്റൂരില്‍ അഞ്ചാം വിജയം ലക്ഷ്യമിട്ടറിങ്ങിയ സി അച്യുതനെ 7285 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജനദാതള്‍ എസിന്റെ കൃഷ്ണന്‍കുട്ടി പരാജയപ്പെടുത്തിയത്. പരമ്പരാഗതമായി കെ അച്യുതനു ലഭിക്കുന്ന അതിര്‍ത്തിമേഖലയിലെ ഒരു പങ്ക് വോട്ടുകള്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥി മയില്‍സ്വാമി പിടിച്ചെടുത്തതും ചിറ്റൂരില്‍ യുഡിഎഫിന് വിനയായി. ചിറ്റൂരിലെ വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാംപാറ മണ്ഡലങ്ങളില്‍ സ്വാധീനമുള്ള ആര്‍ബിസി കനാല്‍ സംരക്ഷ സമിതി കൃഷണന്‍ കുട്ടിക്ക് പിന്തുണ നല്‍കിയതും മണ്ഡലത്തിലെ ജയപരാജയത്തില്‍ നിര്‍ണായകമായി.
എപി, ഇകെ സുന്നികള്‍ തമ്മിലുള്ള മല്‍സരമായി മാറിയ മണ്ണാര്‍ക്കാട്ടെ പോരാട്ടത്തില്‍ മുസ്‌ലിം ലീഗിന്റെ നിലവിലെ എംഎല്‍എ എന്‍ ഷംസുദ്ദീന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഷംസുദ്ദീനെതിരെ എപി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ രംഗത്തെത്തിയതോടെയാണ് മണ്ണാര്‍ക്കാട്ടെ മല്‍സരം ചൂടുപിടിച്ചത്. എന്നാല്‍ ലീഗ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കണമെന്ന കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇ കെ സുന്നി വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതാണ് മണ്ണാര്‍ക്കാട് ഷംസുദ്ദീന് നേട്ടമായത്. അതേ സമയം കാന്തപുരത്തിന്റെ പ്രസ്താവനയിലൂടെ വിജയിക്കാമെന്ന് കരുതിയ എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ ഇവിടെ തകര്‍ന്നടിയുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക