|    Jul 23 Mon, 2018 2:57 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇടതു സര്‍ക്കാര്‍ കോര്‍പറേറ്റ് ശക്തികള്‍ക്കൊപ്പം: എം എം ഹസന്‍

Published : 6th September 2017 | Posted By: fsq

 

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയോടും തൊഴിലാളികളോടും കാണിക്കുന്ന അവഗണനയ്ക്കും വാഗ്ദാനലംഘനത്തിനുമെതിരേ ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) കെഎസ്ആര്‍ടിസി ജീവനക്കാര്‍ തിരുവോണനാളില്‍ പട്ടിണിസമരം നടത്തി. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും കോര്‍പറേഷന്റെ 102 ഓഫിസുകള്‍ക്കു മുന്നിലും വാഴയിലയില്‍ ഇരുന്നാണ് പട്ടിണിസമരം നടത്തിയത്. സെക്രട്ടേറിയറ്റിനു മുന്നിലെ പട്ടിണിസമരം കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ഉദ്ഘാടനം ചെയ്തു. ഇടതു സര്‍ക്കാര്‍ ജനങ്ങളോടും തൊഴിലാളികളോടുമൊപ്പമല്ല, മുതലാളിമാരോടും കോര്‍പറേറ്റ് ശക്തികളോടുമൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ നടക്കുന്നതു കുത്തഴിഞ്ഞ ഭരണമാണ്. ഇതൊക്കെ സഹിക്കുന്ന ജീവനക്കാരെ അദ്ഭുതത്തോടെ മാത്രമേ നോക്കിക്കാണാന്‍ കഴിയൂ. കേന്ദ്രസര്‍ക്കാര്‍ ബോണസ് നിയമം നടപ്പാക്കിയിട്ടും കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍ ബോണസ് 7000 രൂപ നല്‍കുന്നില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ജീവനക്കാര്‍ക്കു കിട്ടിക്കൊണ്ടിരുന്ന പെര്‍ഫോമന്‍സ് അലവന്‍സ് സര്‍ക്കാര്‍ ഏകപക്ഷീയമായി പിടിച്ചെടുത്തു. തൊഴില്‍നിയമങ്ങളിലൂടെ അമിത അധ്വാനഭാരം ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പിച്ചു. എന്നിട്ടും ഇവിടത്തെ പ്രധാന ഇടതുപക്ഷ യൂനിയനുകള്‍ ഇതൊക്കെ നടപ്പാക്കാന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ്. ഇവര്‍ കഴിഞ്ഞ കാലത്ത് നടത്തിയ സമരങ്ങള്‍, പ്രഖ്യാപനങ്ങള്‍, ഉറപ്പുകള്‍ എന്നിവ കാപട്യമാണെന്നു വ്യക്തമായി. മദ്യമുതലാളിമാര്‍ക്കു വേണ്ടി നാടൊട്ടുക്ക് മദ്യശാല തുറക്കുന്നു. ക്വാറി മാഫിയക്കും സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കും വേണ്ടി സഹായം നല്‍കുന്നു. സമസ്ത മേഖലകളിലും സര്‍ക്കാര്‍ പരാജയമാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തില്‍ നിന്ന് ഒഴിയുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ കടം 1600 കോടി ആയിരുന്നെങ്കില്‍ എല്‍ഡിഎഫ് ഭരണം 15 മാസം തികയ്ക്കുമ്പോള്‍ അത് 3000 കോടിയായി ഉയര്‍ന്നെന്ന് ചടങ്ങില്‍ സംസാരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പെന്‍ഷന്‍ ബാധ്യത കഴിഞ്ഞ സര്‍ക്കാര്‍ പകുതി ഏറ്റെടുത്തു. ബാക്കി പകുതി ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാവണം- ഉമ്മന്‍ചാണ്ടി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss