|    Nov 17 Sat, 2018 9:12 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഇടതു മുന്നണിയും സഹയാത്രികരും

Published : 5th August 2018 | Posted By: kasim kzm

എനിക്ക് തോന്നുന്നത് – അഡ്വ. എസ് എ കരീം, തിരുവനന്തപുരം

ഇടതു മുന്നണി ഇപ്പോള്‍ സിപിഎമ്മും സിപിഐയും ജനതാദള്‍-എസും കോണ്‍ഗ്രസ്-എസും എന്‍സിപിയും ചേര്‍ന്നതാണ്. ആകെ അഞ്ചു പാര്‍ട്ടികള്‍. അവരുടെ സഹയാത്രികരായി 10 പാര്‍ട്ടികളുമുണ്ട്. ഇന്ന് കേരളത്തില്‍ മാത്രമാണ് ഇടതു മുന്നണി ഭരിക്കുന്നത്. എല്ലാ സഹയാത്രികര്‍ക്കും വേണ്ടത് ഒരു എംഎല്‍എ സ്ഥാനമോ മന്ത്രി സ്ഥാനമോ എംപി സ്ഥാനമോ ആണ്. ഒറ്റയ്ക്ക് നിന്നാല്‍ ഒരിടത്തും എത്താത്തതുകൊണ്ടാണ് അവര്‍ മുന്നണിയില്‍ ചേര്‍ന്നുനില്‍ക്കുന്നത്.
2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കും. ഇനി കഷ്ടിച്ച് 10 മാസമേയുള്ളൂ. ഇവരെയെല്ലാം കൂട്ടി മുന്നണി വിപുലമാക്കി വോട്ട് സമാഹരിച്ചാലേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ എംപിമാരെ വിജയിപ്പിച്ച് അയക്കാന്‍ സാധിക്കുകയുള്ളൂ. സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ ആ ദിശയില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇടതു മുന്നണി സഹയാത്രികരുടെ എണ്ണം കൂട്ടുമ്പോള്‍ മറ്റു മുന്നണിയില്‍ കുറവുണ്ടാവും. ഇത് മനസ്സില്‍ വച്ച് ഇടതു മുന്നണി വിപുലീകരിക്കാന്‍ ഒരു കമ്മിറ്റി തിരുവനന്തപുരത്തു വിളിച്ചു. അത് ജൂലൈ 26നായിരുന്നു. ഒന്നിലധികം പാര്‍ട്ടികള്‍ ഒരേ പേരില്‍ ഉള്ളതിനാലും ഒരേ ആശയത്തില്‍ ഒന്നിലധികം പാര്‍ട്ടികള്‍ ഉള്ളതിനാലും കൂട്ടിച്ചേര്‍ക്കേണ്ടവരെ ചേര്‍ത്തും ചേര്‍ക്കാതെയും സഹയാത്രികരുടെ എണ്ണം കുറച്ച് വീണ്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് മുന്നണി യോഗം വിളിക്കാമെന്ന നിഗമനത്തില്‍ വിപുലീകരണ ചര്‍ച്ച തല്‍ക്കാലം അവസാനിപ്പിച്ചു.
ഈ സഹയാത്രികരില്‍ ഏറ്റവും പ്രായം ചെന്ന പാര്‍ട്ടിയാണ് ഐഎന്‍എല്‍. കഴിഞ്ഞ 25 വര്‍ഷമായി സിപിഎമ്മിന്റെ ബാഗ് ചുമക്കുന്ന പാര്‍ട്ടിയാണ് ഐഎന്‍എല്‍. ചുമന്നു ചുമന്നു മടുത്തവരെല്ലാം മാതൃസംഘടനയായ മുസ്‌ലിം ലീഗിലേക്കു തിരിച്ചുപോയി. ഐഎന്‍എല്ലിലും ഗ്രൂപ്പ് ഉണ്ടായി- ഐഎന്‍എല്‍(ഡി). ഇവരോട് ചേരാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയാണ് പി ടി എ റഹീമിന്റെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്. ഇവരും മുസ്‌ലിംലീഗില്‍ നിന്നു വിട്ടു വന്ന് പ്രത്യേക പാര്‍ട്ടി ഉണ്ടാക്കിയവരാണ്. മുസ്‌ലിംലീഗില്‍ നിന്നു വിട്ടത് പ്രത്യേക ആദര്‍ശത്തിന്റെ പേരിലല്ല. നേതൃനിരയിലെ അഭിപ്രായവ്യത്യാസങ്ങളും തന്‍പ്രമാണിത്തവും ഒരുമിച്ചുപോക്ക് സാധ്യമല്ലെന്ന മുന്‍വിധിയുമാണ് ലീഗില്‍ നിന്ന് ഇവര്‍ പുറത്താവാന്‍ കാരണം. ഇവര്‍ രണ്ടു പേരും ചേര്‍ന്ന് ഒരു മഹാപ്രസ്ഥാനമായാല്‍ ഇടതു മുന്നണിക്ക് ഒരു മുതല്‍ക്കൂട്ടാവുമെന്ന് അവര്‍ കരുതുന്നു.
സിപിഎമ്മിന്റെ ഭാഷയില്‍ മുസ്‌ലിംലീഗ് അറുപിന്തിരിപ്പന്‍ വര്‍ഗീയ പാര്‍ട്ടിയാണ്. ലീഗില്‍ നിന്നു രണ്ടു കഷണം അടര്‍ന്ന് ഇടതു മുന്നണിയില്‍ എത്തിയാല്‍ അവരും വര്‍ഗീയമാണ്. രണ്ടു വര്‍ഗീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ഒന്നായാലും അത് വര്‍ഗീയം തന്നെ. ഇടതു മുന്നണി പത്തര മാറ്റ് മതേതരമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അങ്ങനെ ഒരു മുന്നണിയില്‍ നാഷനല്‍ ലീഗും സെക്കുലര്‍ കോണ്‍ഫറന്‍സും വന്നാല്‍ ഇടതു മുന്നണി വര്‍ഗീയമാകില്ലേ? ഇത് ഒഴിവാക്കാനാണ് നാഷനല്‍ ലീഗിനെയും സെക്കുലര്‍ കോണ്‍ഫറന്‍സിനെയും മുന്നണിയില്‍ ചേര്‍ക്കാതെ ചുമട്ടു തൊഴിലാളികളാക്കി നിര്‍ത്തിയിരിക്കുന്നത്. ഈ രണ്ടു പേരും അവകാശപ്പെടുന്നുണ്ടാവും, അവരാണ് മുസ്‌ലിംകളിലെ മതേതരവാദികളെന്ന്. രണ്ടു പേരെയും മതേതരമെന്ന് സിപിഎം അംഗീകരിച്ചിരുന്നുവെങ്കില്‍ കാത്തിരിപ്പ് വേണ്ടിവരുമായിരുന്നില്ല. കഴിഞ്ഞ മുന്നണി വിപുലീകരണ കമ്മിറ്റിയില്‍ ഇടതു മുന്നണി ഒരു തീരുമാനമെടുത്തു. എസ്ഡിപിഐക്കും പോപുലര്‍ ഫ്രണ്ടിനുമെതിരേ വര്‍ഗീയവിരുദ്ധ സമരത്തിനു സിപിഎം തീരുമാനിച്ചിരിക്കുന്നുവെന്ന്. ഈ വര്‍ഗീയവിരുദ്ധ പോരാട്ടത്തെ ആളിക്കത്തിക്കാന്‍ നാഷനല്‍ ലീഗിനും സെക്കുലര്‍ കോണ്‍ഫറന്‍സിനും അവസരം കിട്ടുമെന്ന് അവര്‍ ആഗ്രഹിക്കുന്നു. കാരണം, ഇവരുടെ ഭൂരിപക്ഷം അണികളും മുസ്‌ലിംകളാണ്. ഫലത്തില്‍ മുസ്‌ലിംകള്‍ വര്‍ഗീയവാദികളും മറ്റുള്ളവര്‍ മതേതരവാദികളും എന്ന നിലയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss