|    Apr 24 Mon, 2017 10:49 am
FLASH NEWS

ഇടതുസര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍: ഉമ്മന്‍ചാണ്ടി

Published : 22nd October 2016 | Posted By: SMR

കോഴിക്കോട്: ഇടതുസര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടിലാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാര്‍ തങ്ങള്‍ നടത്തിയ അഴിമതി സ്വയം സമ്മതിച്ച് പുറത്ത്‌പോവുകയാണെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. മന്ത്രിയായിരിക്കെ കുടുംബക്ഷേത്ര നവീകരണത്തിന് 1200 ക്യുബിക് മീറ്റര്‍ തേക്ക് സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രിക്ക് ഇ പി ജയരാജന്‍ കത്തെഴുതിയെന്ന കാര്യവും പുറത്ത് വന്നിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് 47,000 രൂപ സ്വാശ്രയമെഡിക്കല്‍ കോളജില്‍ മെറിറ്റ് സീറ്റില്‍ വര്‍ധിപ്പിച്ചതിനെതിരെ സമരം നടത്തിയ എല്‍ഡിഎഫ് അധികാരത്തിലേറിയപ്പോള്‍ ഒറ്റയടിയ്ക്ക് എംബിബിഎസിന് 65000 രൂപയും ബിഡിഎസിന് 90,000 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്ത്യന്‍ ജനസമൂഹത്തി ല്‍ വിഭാഗീയത വളര്‍ത്താനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കം. ഏകപക്ഷീയമായി സമിതി രൂപീകരിച്ചത് തന്നെ വിവാദമായിരിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ധര്‍ണാസമരം നടത്തി ജയില്‍വാസം അനുഷ്ഠിച്ച യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി പി നൗഷിര്‍, ജെയ്‌സല്‍ അത്തോളി, നിജേഷ് മുതുകാട്, കെ എം അഭിജിത്ത്, ആര്‍ ഷഹിന്‍, ഷബീര്‍ നളന്ദ, രഞ്ജിത്ത്, ജിതേഷ് എന്നിവരെയും മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വിദ്യാ ബാലകൃഷ്ണനെയും ഉമ്മന്‍ചാണ്ടി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഡിസിസി പ്രസിഡന്റ് കെ സി അബു അധ്യക്ഷനായിരുന്ന യോഗത്തില്‍ എം പിമാരായ എം കെ രാഘവന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം ഐ ഷാനവാസ്, മുന്‍മന്ത്രിമാരായ സിറിയക് ജോണ്‍, എം ടി പത്മ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി എം സുരേഷ്ബാബു, എന്‍ സുബ്രഹ്മണ്യന്‍, കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍, കെപിസിസി സെക്രട്ടറിമാരായ അഡ്വ. കെ ജയന്ത്, അഡ്വ. കെ പ്രവീണ്‍കുമാര്‍, പി എം അബ്ദുറഹ്മാന്‍, സത്യന്‍ കടിയങ്ങാട് സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day