|    Apr 23 Mon, 2018 3:23 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇടതുവിജയം നല്‍കുന്ന സന്ദേശങ്ങള്‍

Published : 20th May 2016 | Posted By: SMR

slug-elctn2006ല്‍ നിന്ന് 2016ല്‍ എത്തിയപ്പോള്‍ മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി എന്നു പറഞ്ഞപോലെ സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും വീണ്ടും കേരളത്തില്‍ അധികാരത്തിലേക്ക്. 2006ലെ ജനവിധിയുമായി പല നിലയിലും താരതമ്യപ്പെടുത്താവുന്നതാണ് ഇത്തവണത്തെ ജനവിധിയും. അക്കാരണംകൊണ്ടുതന്നെ കേരളത്തിന്റെ ഭാവിരാഷ്ട്രീയദിശകളുടെ ചില സൂചനകളും ഈ ഫലത്തില്‍ അടങ്ങിയിരിക്കുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് 10 വര്‍ഷം മുമ്പത്തെ വിജയം ഇടതുപക്ഷം ആവര്‍ത്തിക്കുമെന്ന് ആദ്യമായി പ്രസ്താവിച്ചത്. പിന്നീട് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനും സമാനമായ പ്രഖ്യാപനങ്ങള്‍ നടത്തി. നൂറിലധികം സീറ്റ് നേടുമെന്നാണ് പിണറായി പ്രവചിച്ചതെങ്കില്‍ 95നടുത്ത് എന്നാണ് അച്യുതാനന്ദന്‍ പറഞ്ഞത്.
മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ജനഹിതം തിരിച്ചറിയുന്നതില്‍ അസാധാരണ വിജയമാണ് ഇടതുപക്ഷനേതൃത്വം പ്രകടിപ്പിച്ചത് എന്ന് തീര്‍ച്ച. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ചുരുങ്ങിയ വോട്ടിന് അധികാരം നഷ്ടപ്പെടുമെന്നു കണ്ടറിയുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. അന്ന് പാര്‍ട്ടി അണികളില്‍നിന്നുള്ള വിവരശേഖരണത്തിലൂടെ തയ്യാറാക്കിയ കണക്കുകള്‍ പാടെ തെറ്റിയതായി അവര്‍ തന്നെ പിന്നീട് കണ്ടെത്തി. താഴെ നിന്നു കൃത്യമായ വിവരങ്ങള്‍ മേല്‍ഘടകങ്ങളിലേക്കയക്കാന്‍ സഖാക്കള്‍ വിമുഖത കാട്ടുന്നു എന്ന കുറ്റാരോപണം പോലും കഴിഞ്ഞതവണയുണ്ടായി. ഇത്തവണ അങ്ങനെ സംഭവിച്ചില്ല. പാര്‍ട്ടി സംവിധാനം കൂടുതല്‍ കൃത്യതയോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായിരിക്കാം. അല്ലെങ്കില്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ സിപിഎം നേതൃത്വം ഏര്‍പ്പെടുത്തിയ ബംഗളൂരുവിലെ ഏജന്‍സി കണക്കുകളുടെ ശേഖരണത്തിലും പാര്‍ട്ടിയെ സഹായിച്ചിരിക്കാം.
തീര്‍ച്ചയായും സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും അര്‍ഹിച്ച വിജയം തന്നെയാണു നേടിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വികസനരംഗത്തും അടിസ്ഥാന സൗകര്യങ്ങളുടെ മേഖലയിലും വലിയതോതില്‍ മുന്നേറ്റം നടത്തുന്നതില്‍ വിജയിക്കുകയുണ്ടായെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കു പ്രതീക്ഷ നല്‍കുന്ന ഒരു രാഷ്ട്രീയചിത്രമല്ല അവര്‍ കാഴ്ചവച്ചത്. രാജ്യത്ത് വളര്‍ന്നുവരുന്ന തീവ്ര വലതുപക്ഷ വര്‍ഗീയശക്തികളുടെ കടന്നാക്രമണം നേരിടുന്നതില്‍ പൊതുവില്‍ അലംഭാവപൂര്‍ണമായ സമീപനമാണു യുഡിഎഫ് നേതൃത്വം സ്വീകരിച്ചത് എന്ന ആരോപണം ഇടതുപക്ഷ കക്ഷികളില്‍നിന്നു മാത്രം വന്നതല്ല. പൊതുവില്‍ കോണ്‍ഗ്രസ്-യുഡിഎഫ് നേതൃത്വത്തിന്റെ നിലപാടുകളില്‍ തീവ്രഹിന്ദുത്വശക്തികളുമായി പരസ്പര സഹായ സഹകരണ സമീപനത്തിന്റെ ലാഞ്ഛനകള്‍ സമൂഹം ദര്‍ശിക്കുകയുണ്ടായി. അതിന്റെ പ്രതിഫലനം കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കാലത്തുതന്നെ രാഷ്ട്രീയരംഗത്ത് കാണാനിടയായി. ഏതാണ്ട് 67 ശതമാനം സീറ്റുകള്‍ ആ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ഇടതുകക്ഷികളും നേടുകയുണ്ടായി എന്ന് കണക്കുകള്‍ വ്യക്തമാക്കി. വോട്ടുകളുടെ കണക്ക് നോക്കിയാലും ഇടതുപക്ഷം കേരളത്തില്‍ മേല്‍ക്കൈ നേടുന്ന ദൃശ്യം അതില്‍ വ്യക്തമായിരുന്നു.
പക്ഷേ, അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ ഇതേ പ്രവണത എല്ലായ്‌പ്പോഴും പ്രതിഫലിക്കാറില്ല എന്നതാണു നിലവിലെ തിരഞ്ഞെടുപ്പ് ശക്തമായ ബലപരീക്ഷണമായി മാറുന്നതിനു രാസത്വരകമായത്. പൊതുവില്‍ രണ്ടു മുന്നണികളും തമ്മിലുള്ള കടുത്ത ബലപരീക്ഷണം തന്നെയാണ് ഇത്തവണ നടന്നതും. യഥാര്‍ഥത്തില്‍ സമീപകാലം വരെ രണ്ടു മുന്നണികള്‍ക്കുമിടയിലുള്ള വോട്ട് വ്യത്യാസം വളരെ ചെറിയ മാര്‍ജിന്‍ മാത്രമായിരുന്നുതാനും. ഇപ്പോള്‍ സംഭവിച്ച മാതിരിയുള്ള ശക്തമായ ഒരു തരംഗത്തിന് വഴിതുറക്കുന്നതരത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മനോഗതിമാറ്റം ഉണ്ടായതായി യാതൊരു സൂചനയും കാണാനുണ്ടായിരുന്നില്ല.
അപ്പോള്‍ എവിടെയാണ് ഇപ്പോള്‍ സംഭവിച്ച വന്‍ വ്യതിയാനത്തിന്റെ വേരുകള്‍ കിടക്കുന്നത്? ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവിജയത്തെക്കാളേറെ പുതിയ രാഷ്ട്രീയ വെല്ലുവിളികളോടുള്ള കേരളീയസമൂഹത്തിന്റെ ശക്തമായ പ്രതികരണമായി ഈ തിരഞ്ഞെടുപ്പുഫലത്തെ വ്യാഖ്യാനിക്കാന്‍ കഴിയും. ബിജെപിയും സഖ്യകക്ഷികളും ഇത്തവണ ഉയര്‍ത്തിവിട്ട ഭീഷണിയും അതു പടര്‍ത്തിയ ഭീതിയും അത്ര ചെറുതായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും കേന്ദ്രമന്ത്രിസഭയിലെ ഒരുഡസന്‍ മന്ത്രിമാരുമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരണം നടത്തിയത്. കേരളത്തിലെ പ്രബല സാമുദായികസംഘടനയും അതിന്റെ നേതാവ് വെള്ളാപ്പള്ളി നടേശനും തന്നെ അവരുടെ മുഖ്യ സഖ്യകക്ഷിയായി പ്രചാരണരംഗത്ത് നിറഞ്ഞുനിന്നു. ഇത്തവണ സംഘപരിവാരം കേരളത്തില്‍ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ വന്‍ മുന്നേറ്റം നടത്തും എന്ന ഭീഷണി നിറഞ്ഞുനിന്നു.
അതിനോടുള്ള ശക്തമായ പ്രതികരണമാണ് ഇത്തവണ കേരളത്തിലെങ്ങും പ്രത്യക്ഷമായത്. സംഘപരിവാര രാഷ്ട്രീയത്തെ ഏറ്റവും ശക്തമായി ചെറുക്കുന്നത് ഇടതുപക്ഷമാണ് എന്ന സാധാരണ ജനങ്ങളുടെ നിരീക്ഷണത്തിന് വസ്തുതാപരമായ പിന്‍ബലമുണ്ട്. കോണ്‍ഗ്രസ് പലപ്പോഴും വര്‍ഗീയശക്തികളോട് മൃദുസമീപനം സ്വീകരിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയാണ്. മുസ്‌ലിംലീഗും കേരളാ കോണ്‍ഗ്രസ്സും പോലുള്ള ന്യൂനപക്ഷസമുദായങ്ങളില്‍ വേരുള്ള സഖ്യകക്ഷികളാവട്ടെ ഇത്തരം അടിസ്ഥാനപ്രശ്‌നങ്ങളില്‍ സത്യസന്ധവും ആത്മാര്‍ഥവുമായ ഒരു തത്ത്വാധിഷ്ഠിത നിലപാട് ഒരുകാലത്തും പ്രകടിപ്പിച്ചിട്ടുമില്ല. അധികാര രാഷ്ട്രീയത്തിനപ്പുറം മറ്റൊരു സൈദ്ധാന്തികമായ സമസ്യകളും ഇന്നേവരെ കെ എം മാണിയെയോ പി കെ കുഞ്ഞാലിക്കുട്ടിയെയോ അലട്ടിയതായി കേരളം കേട്ടറിഞ്ഞിട്ടില്ല. മാത്രമല്ല, സംഘപരിവാരവുമായി മുന്‍കാലത്ത് ഒളിഞ്ഞും തെളിഞ്ഞും അവര്‍ നടത്തിയ കൊടുക്കല്‍ വാങ്ങല്‍ ഇടപാടുകള്‍ അത്ര രഹസ്യമായ കാര്യം ഒന്നുമായിരുന്നില്ലതാനും. അത്തരത്തിലുള്ള തന്‍കാര്യലാഭത്തിനുവേണ്ടിയുള്ള തത്ത്വദീക്ഷയില്ലാത്ത നിലപാടുകള്‍ ഇപ്പോള്‍ യുഡിഎഫിലെ ന്യൂനപക്ഷ പിന്തുണയുള്ള കക്ഷികള്‍ക്കുപോലും വലിയ വിനയായി തീര്‍ന്നിരിക്കുന്നു എന്നു വ്യക്തം.
കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും ഇത്തവണ തങ്ങളുടെ തേരോട്ടം നടത്തുന്നതില്‍ എല്‍ഡിഎഫ് വിജയിച്ചിരിക്കുന്നു. ആദ്യമായാണ് മലബാറും തിരു-കൊച്ചി പ്രദേശങ്ങളും ഒരേപോലെ ഇടതുമുന്നണിക്ക് അനുകൂലമായി മാറുന്നത്. അതിന്റെ മറ്റൊരു പ്രതിഫലനമാണ് കേരളത്തിലെ മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങളില്‍പ്പെട്ട വോട്ടര്‍മാരുടെ പിന്തുണയും ഇത്തവണ ഏതാണ്ട് ഒരേ അളവില്‍ ഇടതുപക്ഷത്തിന് അനുകൂലമായിവന്നിരിക്കുന്നു എന്ന യാഥാര്‍ഥ്യം. ഇന്നുവരെ യുഡിഎഫിന് താങ്ങായിനിന്ന ന്യൂനപക്ഷവിഭാഗങ്ങള്‍ അവരെ കൈവിടുകയാണ് എന്ന വസ്തുതയാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ഈ അസംബ്ലി തിരഞ്ഞെടുപ്പിലും കാണാന്‍ കഴിയുന്നത്.
മറ്റൊരു കാര്യം തത്ത്വാധിഷ്ഠിതമായ നിലപാടുകള്‍ സ്വീകരിച്ച നേതാക്കളെ അവര്‍ ഏതു പാര്‍ട്ടിയിലും മുന്നണിയിലുമായാലും സ്വീകരിച്ച ജനം അവസരവാദികളെയും കാലുമാറ്റക്കാരെയും നിര്‍ദാക്ഷിണ്യം പുറത്തുകളയാന്‍ തയ്യാറായി എന്ന സത്യവും. തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായി മാണിയെ പിന്നില്‍നിന്നു കുത്തി ഇടതുപക്ഷത്തേക്കു വച്ചുപിടിച്ച കേരളാ കോണ്‍ഗ്രസ്സിലെ ജനസേവകരെ ജനം തൊഴിച്ചു പുറത്തുകളയുകയാണു ചെയ്തത്. അതേസമയം കേരളത്തിലെ പൊതുജീവിതത്തില്‍ അഴിമതിവിരുദ്ധ കുരിശുയുദ്ധത്തിന്റെ പ്രതീകമായി സ്വയം നിലയുറപ്പിച്ച പി സി ജോര്‍ജ് രണ്ടു മുന്നണികളെയും ഞെട്ടിച്ചുകൊണ്ട് വന്‍ വിജയം നേടി. ദീര്‍ഘമായ പൊതുജീവിതത്തില്‍ കൃത്യമായ നിലപാടുകള്‍ക്കും സത്യസന്ധതയ്ക്കും ആര്‍ജവത്തിനുമുള്ള ഒരു അംഗീകാരം തന്നെയാണ് 90 കഴിഞ്ഞ ഒ രാജഗോപാലിന് ഇത്തവണ നേടാന്‍ കഴിഞ്ഞ ആദ്യ വിജയവും.
ഈ ഇടതു വിജയവും അതിന്റെ സന്ദേശങ്ങളും വലുതാണ്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അതിന്റെ ഭാവി ശോഭനമല്ല. തിരുത്തല്‍പ്രക്രിയകള്‍ എങ്ങനെ എന്ന ചോദ്യം സ്വാഭാവികമായി ഉയരും. അതേപോലെ ഇടതുപക്ഷത്തെ സംബന്ധിച്ച് 2006ല്‍ കൈവന്ന വിജയം അഞ്ചുകൊല്ലംകൊണ്ട് കൈമോശംവന്ന കൂട്ടരാണ് അവര്‍. ഇത്തവണയും അത് ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ കരുത്തുള്ള ഒരു പുതിയ ഭരണനേതൃത്വത്തെ അവര്‍ അവരോധിക്കണം. തങ്ങള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം. അതൊക്കെയാണോ സംഭവിക്കുന്നത് എന്ന കാര്യം പക്ഷേ, കാത്തിരുന്നു കാണുക തന്നെ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss