|    Apr 21 Sat, 2018 10:55 pm
FLASH NEWS

ഇടതുമുന്നണി കരിങ്കൊടിയേന്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു: ഉമ്മന്‍ചാണ്ടി

Published : 6th April 2016 | Posted By: SMR

കൊല്ലം: യുഡിഎഫ് സര്‍ക്കാര്‍ വികസനം സംസ്ഥാനത്ത് നടപ്പാക്കിയപ്പോള്‍ ഇടതുമുന്നണി കരിങ്കൊടിയും വഴിതടയലും അടിസ്ഥാന രഹിതമായ ആരോപണങ്ങളും അഴിച്ചുവിട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എത്ര ഹീനമായ ആക്ഷേപങ്ങളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ ഉന്നയിച്ചത്. ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ പരിശോധിച്ച് തെറ്റി തിരുത്തിയിട്ടുണ്ടെന്നും ആസൂത്രിതമാണെന്ന് തിരിച്ചറിഞ്ഞത് അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജില്ലയിലെ അസംബ്ലി തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആദ്യ യുഡിഎഫ് കണ്‍വെന്‍ഷന്‍ ഇരവിപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോപണങ്ങളില്‍ തകരുന്നതല്ല യുഡിഎഫ് ഭരണ സംവിധാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആരോപണങ്ങളുടെ കെട്ട് അഴിച്ചു വിട്ടിട്ടും പ്രതിപക്ഷമായ ഇടതുമുന്നണിക്ക് എന്തു നേടാനായെന്ന് മുഖ്യമന്ത്രി ചോദിച്ചു.
മോദി സര്‍ക്കാര്‍ രാജ്യത്തിന് അപകടകാരിയാണ്. വിഭാഗീയതയെ പ്രോല്‍സാഹിപ്പിക്കുന്ന പ്രധാനമന്ത്രിയായി മോദി. രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ ജനങ്ങളോടുള്ള മോദി സര്‍ക്കാരിന്റെ വിശ്വാസവഞ്ചന മറ നീക്കി പുറത്തുവന്നിരിക്കുന്നു. ക്രൂഡോയിലിന് റിക്കോര്‍ഡ് വില ഇടിവുണ്ടായിട്ടും വിലകുറക്കാന്‍ കൂട്ടാക്കുന്നില്ല.
കോണ്‍ഗ്രസ്സിന് മാത്രമെ മതേതരജനാധിപത്യം സംരക്ഷിക്കാനും ബിജെപിയെ പ്രതിരോധിക്കാനുമാകുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭരണ തുടര്‍ച്ചയാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയം. സംസ്ഥാനത്ത് സമഗ്രവികസനം നടപ്പാക്കാന്‍ കഴിഞ്ഞു. ജനങ്ങളെ ഇത്രയേറെ തെറ്റിദ്ധരിപ്പിച്ച ഒരു പ്രതിപക്ഷം സംസ്ഥാനത്തുണ്ടായിട്ടില്ല.
കഴിഞ്ഞ അഞ്ചു വര്‍ഷം അടിസ്ഥാനമില്ലാത്ത അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളെയും നിയമസഭയെയും തെറ്റിദ്ധരിപ്പിച്ച പിണറായിയും കോടിയേരിയും പാര്‍ലമെന്റേറിയെന്ന പദവിക്കര്‍ഹനാണോയെന്ന് ആത്മ പരിശോധന നടത്തണം. വികസനകുതിപ്പും കരുതലും മുഖമുദ്രയാക്കിയ യുഡിഎഫിനെ തകര്‍ക്കാന്‍ നടത്തുന്ന സിപിഎമ്മിന്റെ ഗൂഢ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞ് വരുന്ന തിരഞ്ഞെടുപ്പിലൂടെ ശക്തമായ മറുപടി നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
മുന്‍ എംഎല്‍എയും പുനലൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ യൂനുസ് കുഞ്ഞ് അധ്യക്ഷനായി.
എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍ കൊടിക്കുന്നില്‍ സുരേഷ് ,ചടയമംഗലം യുഡിഎഫ് സ്ഥാനാര്‍ഥിഎംഎം ഹസന്‍, ചാത്തന്നൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ ശൂരനാട് രാജശേഖരന്‍, ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ഥികൂടിയായ മന്ത്രി ഷിബു ബേബിജോണ്‍, കൊല്ലം സ്ഥാനാര്‍ഥി സൂരജ് രവി, കുണ്ടറ സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍, ഇരവിപുരം സ്ഥാനാര്‍ഥി എഎ അസീസ്, അഡ്വ ഷാനവാസ്ഖാന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കരുണാകരന്‍ പിള്ള,പ്രതാപവര്‍മ്മ തമ്പാന്‍, മോഹന്‍ ശങ്കര്‍, ബാബു ദിവാകരന്‍, എംഎം നസീര്‍, അയത്തില്‍ അപ്പുക്കുട്ടന്‍, ആദിക്കാട് മനോജ്, മോഹനന്‍ പിള്ള, ഫിലിപ്പ് കെ തോമസ്, ഫസലുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss