|    Oct 24 Wed, 2018 1:42 am
FLASH NEWS
Home   >  Editpage  >  Article  >  

ഇടതുമുന്നണിയുടെ അന്ത്യം?

Published : 8th December 2017 | Posted By: kasim kzm

എന്‍ പി  ചെക്കുട്ടി

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മന്ത്രിസഭ ഇപ്പോള്‍ രണ്ടാം വര്‍ഷത്തിലാണ്. ആദ്യവര്‍ഷത്തെ ബാലാരിഷ്ടതകള്‍ സ്വാഭാവികം മാത്രം. അതൊക്കെ മറികടന്ന് ഭരണം ശക്തമായി മുന്നോട്ടു കൊണ്ടുപോവേണ്ട ഘട്ടമാണ് രണ്ടാമത്തെയും മൂന്നാമത്തെയും വര്‍ഷങ്ങള്‍. കാരണം, അവസാനത്തെ രണ്ടു വര്‍ഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ തിരക്കുകളില്‍ മുങ്ങിപ്പോവും. പലപ്പോഴും ഈ അന്ത്യഘട്ടത്തിലെ തെറ്റുകളും കുഴപ്പങ്ങളുമാണ് ഭരണ വിലയിരുത്തലിന്റെ വേളയില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന മുഖ്യഘടകമായി വരുക. കഴിഞ്ഞ ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അന്ത്യം കുറിച്ചത് അവസാനത്തെ ആറുമാസക്കാലം നടന്ന പൂരപ്പറമ്പിലെ വിറ്റഴിക്കല്‍ വില്‍പന പോലെയുള്ള ഭരണോല്‍സവവും സ്വന്തക്കാര്‍ക്കും സ്ഥിരം അവതാരങ്ങള്‍ക്കും സീറ്റ് തരപ്പെടുത്താനായി അന്നത്തെ മുഖ്യമന്ത്രിയും അതു തടയാന്‍ കെപിസിസി അധ്യക്ഷനും നടത്തിയ ഡല്‍ഹിയിലെ തട്ടുപൊളിപ്പന്‍ നാടകങ്ങളുമാണെന്ന് ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയും. എന്താണ് ഒന്നരവര്‍ഷത്തെ പിണറായി വിജയന്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനാനുഭവങ്ങള്‍? ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മേളങ്ങളെക്കുറിച്ചു പ്രത്യേകിച്ച് പറയേണ്ടതില്ല. മുന്നണിയിലെ ഒന്നാംകക്ഷിയായ സിപിഎമ്മും രണ്ടാംകക്ഷിയായ സിപിഐയും തമ്മില്‍ പൊരിഞ്ഞ അടിയാണ്. അടി നിര്‍ത്താന്‍ രണ്ടു പാര്‍ട്ടികളുടെയും കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ നേതാക്കളോട് അഭ്യര്‍ഥിച്ചുവെങ്കിലും തമ്മിലടിക്ക് യാതൊരു കുറവുമില്ല. സിപിഐയുടെ നാലു മന്ത്രിമാര്‍ തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചുവെങ്കില്‍ സിപിഐയുടെ മന്ത്രിമാരില്‍ തങ്ങള്‍ക്കു വഴങ്ങാത്ത കൂട്ടരെ നാട്ടിലെങ്ങും ബഹിഷ്‌കരിക്കാനും കൂവിത്തോല്‍പ്പിക്കാനുമാണ് മറുവശത്തിന്റെ നീക്കം. അതിനു പ്രതിക്രിയ എന്ന നിലയില്‍ വല്യേട്ടന്‍പാര്‍ട്ടിയിലെ ചിലരെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ സിപിഐയും കോപ്പുകൂട്ടുന്നതായാണു കേള്‍ക്കാന്‍ കഴിയുന്ന വാര്‍ത്തകള്‍. മൂന്നാറിലെ ഭൂമിപ്രശ്‌നം ദേശീയ ഹരിത ട്രൈബ്യൂണലിനു മുന്നില്‍ കേസായി എത്തിച്ചതും സിപിഐ നേതാവ് തന്നെ.  ഒരു കാര്യം വളരെ വ്യക്തമാണ്: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്നു വലിയൊരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. മുന്നണിയുടെ ഐക്യത്തെക്കുറിച്ചും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെക്കുറിച്ചും ഇന്നു നേതാക്കള്‍ പറയുമ്പോള്‍ ജനം ചിരിക്കുകയാണ്. കഴിഞ്ഞ 37 വര്‍ഷമായി കേരളത്തില്‍ ഇടതു ജനാധിപത്യ മതേതര ആശയങ്ങളുടെ രാഷ്ട്രീയ ബദല്‍ ഉയര്‍ത്തിപ്പിടിച്ച മുന്നണിയാണിത്. വളരെ സങ്കീര്‍ണമായ ഒരു രാഷ്ട്രീയ പ്രതിസന്ധിയുടെ അനുഭവങ്ങളില്‍ നിന്നുമാണ് 1980ല്‍ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു ബദല്‍ എന്ന നിലയില്‍ ഉയര്‍ന്നുവന്നത്. ഇപ്പോള്‍ നാലു പതിറ്റാണ്ടിലേക്ക് അടുക്കുന്ന അവസരത്തില്‍ ഈ മുന്നണി അതിന്റെ അന്ത്യത്തിലേക്കു പ്രവേശിക്കുകയാണ് എന്നു സംശയിക്കുന്നതില്‍ തെറ്റില്ല. മനുഷ്യര്‍ക്കിടയില്‍ രണ്ടു പതിറ്റാണ്ട് എന്നത് ഒരു തലമുറയുടെ മാറ്റത്തിന്റെ കാലമാണ്. രാഷ്ട്രീയത്തിലും അതു സംഭവിക്കുന്നുണ്ട്. മൂന്നരപ്പതിറ്റാണ്ട് മുമ്പ് ഈ മുന്നണി കെട്ടിപ്പടുത്ത നേതൃനിര ഇന്ന് അവശേഷിക്കുന്നില്ല. അക്കൂട്ടത്തില്‍ ബാക്കിനില്‍ക്കുന്ന വി എസ് അച്യുതാനന്ദനെയും പുതുതലമുറ നേതൃത്വം കൈകാര്യം ചെയ്ത് മൂലയില്‍ ഇരുത്തിക്കഴിഞ്ഞു. അടിയന്തരാവസ്ഥയുടെ അനുഭവങ്ങളില്‍നിന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉദയം. അന്നു സിപിഐ ഇന്ദിരാഗാന്ധിയുടെ കൂടെ ഉറച്ചുനില്‍ക്കുന്ന കാലമായിരുന്നു. അതു തെറ്റായ ഒരു രാഷ്ട്രീയ നയമായിരുന്നുവെന്ന് 1978ല്‍ ഭട്ടിന്‍ഡ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവര്‍ സ്വയംവിമര്‍ശനപരമായി കണ്ടെത്തി. അതില്‍നിന്നുള്ള പാഠങ്ങളുടെ ഭാഗമായാണ് ബംഗാളിലും കേരളത്തിലും അടക്കം ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും നയിക്കുന്ന പുതിയ മുന്നണികള്‍ രംഗത്തുവന്നത്. കോണ്‍ഗ്രസ്സിനോടും ബിജെപിയോടും അകലംപാലിച്ചുകൊണ്ടുള്ള നയങ്ങളാണ് ഇടതുപക്ഷം പിന്നീട് പിന്തുടര്‍ന്നത്. ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നു പുറത്തായി. ദേശീയതലത്തില്‍ ബിജെപിയും അതിനെ നിയന്ത്രിക്കുന്ന ആര്‍എസ്എസും നിര്‍ണായകശക്തിയായി. പാര്‍ലമെന്റിലും വിവിധ സംസ്ഥാനങ്ങളിലും അവര്‍ പിടിമുറുക്കി. അടുത്ത തിരഞ്ഞെടുപ്പോടെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറ്റിമറിക്കാന്‍ തക്കവിധം പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭകളിലും അവര്‍ നിര്‍ണായകശക്തി നേടിയെടുക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ നയങ്ങളില്‍ തിരുത്തലുകളും പൊളിച്ചെഴുത്തും അനിവാര്യമാണ്. സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃനിരകളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസ്സുമായി ഏതെങ്കിലും തരത്തിലുള്ള സഖ്യമോ നീക്കുപോക്കോ അനിവാര്യമാണ് എന്ന ചിന്ത ഇരുപാര്‍ട്ടികളിലും വളരെ ശക്തമായി നിലനില്‍ക്കുന്നുണ്ട്. സിപിഎമ്മില്‍ അത് രണ്ടു രാഷ്ട്രീയ ലൈനുകള്‍ എന്ന നിലയില്‍ത്തന്നെ എത്തിക്കഴിഞ്ഞു. ഒരുപക്ഷേ, അടുത്ത ഹൈദരാബാദ് കോണ്‍ഗ്രസ്സില്‍ അത് ഒരു പൊട്ടിത്തെറിയിലേക്കു തന്നെ നയിച്ചേക്കാം. അത്തരമൊരു സന്ദിഗ്ധാവസ്ഥയിലാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഇപ്പോള്‍ കടുത്ത ഭിന്നതകള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് എന്ന കാര്യം ഗൗരവമായ പരിചിന്ത അര്‍ഹിക്കുന്ന കാര്യമാണ്. ഇവിടെ നടക്കുന്ന തമ്മിലടി നിയന്ത്രിക്കാനും മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളെ കൂട്ടുത്തരവാദിത്തത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ മുന്നോട്ടുകൊണ്ടുപോവാനും കഴിഞ്ഞില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോവുമെന്നു തീര്‍ച്ചയാണ്. മുന്നണിക്കോ മന്ത്രിസഭയ്‌ക്കോ ഇപ്പോഴത്തെ വിവാദങ്ങള്‍ ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ല എന്ന് രണ്ടു കക്ഷികളുടെയും നേതാക്കള്‍ നിരന്തരം പറയുന്നുണ്ട്. പക്ഷേ, പരസ്പരവിശ്വാസമില്ലാതെ ഒരു മുന്നണിയായി ഒന്നിച്ചു ഭരിക്കാന്‍ അവര്‍ക്കു സാധ്യമാവില്ലെന്ന് 1967ലെ സപ്തകക്ഷി മന്ത്രിസഭയുടെ തകര്‍ച്ചയുടെ അനുഭവങ്ങളില്‍ നിന്ന് നമുക്കൊക്കെ അറിയാവുന്നതാണ്. അന്ന് ഇഎംഎസും എകെജിയും അടക്കമുള്ള നേതാക്കള്‍ ഒരുഭാഗത്ത്; എം എന്‍ ഗോവിന്ദന്‍ നായരും ടി വി തോമസും അടക്കമുള്ളവര്‍ മറുഭാഗത്ത്. ആ വിവാദങ്ങള്‍ 1969ല്‍ മന്ത്രിസഭയുടെ തകര്‍ച്ചയിലാണ് എത്തിച്ചേര്‍ന്നത്. 1970ല്‍ സി അച്യുതമേനോന്‍ കേരളത്തിലെത്തി കോണ്‍ഗ്രസ്-സിപിഐ നേതൃത്വത്തില്‍ പുതിയൊരു മന്ത്രിസഭ രൂപീകരിച്ചത് പിന്നീടുള്ള ചരിത്രപരമായ അനുഭവമാണ്.ഇന്ന് ഈ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന നിരവധി ഘടകങ്ങള്‍ നമുക്കു കണ്ടെത്താന്‍ കഴിയും. അതില്‍ പ്രധാനം, മുന്നണിയെ നയിക്കുന്ന കണ്‍വീനറുടെ പദവിയെ ഏതാണ്ട് പൂര്‍ണമായി അപ്രസക്തമാക്കുന്ന നടപടികള്‍ തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ഭിന്നതകള്‍ക്കു പരിഹാരം കാണുന്നതില്‍ സുപ്രധാന പങ്കുവഹിക്കേണ്ടിയിരുന്നയാള്‍ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനാണ്. എന്നാല്‍, നവംബര്‍ 12ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗം ചേര്‍ന്ന് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തീരുമാനമെടുത്ത അവസരത്തില്‍ പോലും മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ചുമതലയിലാണ് എല്ലാ കാര്യങ്ങളും നടന്നത്. കക്ഷികള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ട ചുമതല മുഖ്യമന്ത്രിയുടേതല്ല. പക്ഷേ, ഇപ്പോള്‍ കാണുന്നത് കേരളത്തില്‍ മന്ത്രിസഭയുടെ മാത്രമല്ല, മുന്നണിയുടെയും ഒരു പരിധിവരെ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയുമൊക്കെ ചുമതലകള്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ കേന്ദ്രീകരിക്കുന്നതാണ്. മുന്നണിയുടെ നാലു പതിറ്റാണ്ട് ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത അധികാര കേന്ദ്രീകരണമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് തുല്യ പ്രാധാന്യം നല്‍കാന്‍ ആ സംവിധാനം ബാധ്യസ്ഥമാണ്. പക്ഷേ, അതല്ല ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എതിര്‍പ്പുള്ളവരെ അവഗണിക്കുകയോ ചവിട്ടി ദൂരെക്കളയുകയോ ചെയ്യുന്ന ബലപ്രയോഗത്തിന്റെ രാഷ്ട്രീയമാണ് കാണപ്പെടുന്നത്.അതൊന്നും പുതിയ സംഭവവികാസങ്ങളുമല്ല. പിണറായി വിജയന്‍ സിപിഎം നേതൃത്വം ഏറ്റെടുത്ത കാലം മുതല്‍ അധികാര കേന്ദ്രീകരണത്തിന്റെ ഈ പ്രതിഭാസം നിരന്തരമായി പ്രത്യക്ഷപ്പെടുകയുണ്ടായി. അതിന്റെ ഭാഗമായാണ് 2005ല്‍ ഏകപക്ഷീയമായി കെ കരുണാകരന്റെ ഡിഐസി എന്ന രാഷ്ട്രീയ പ്രതിഭാസവുമായി ഐക്യമുണ്ടാക്കാന്‍ അദ്ദേഹം ചാടിയിറങ്ങിയത്. അത് സ്വന്തം പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിലോ കേരളത്തിലെ മുന്നണിയിലോ ഒരിക്കലും ചര്‍ച്ചയ്ക്കു വിധേയമാക്കപ്പെടുകയുണ്ടായില്ല. കേരളത്തില്‍ സിപിഎം നേതൃത്വം ഏകപക്ഷീയമായാണ് ഈ നീക്കങ്ങള്‍ നടത്തിയത്. അതിന്റെ ദുഷ്ടലാക്ക് സിപിഐക്ക് അന്നേ കൃത്യമായി ബോധ്യമായതാണ്. ഡിഐസി വരുന്നതോടെ ഇടതുമുന്നണിയില്‍ സിപിഐയുടെ കഥ കഴിയും. അതാണ് അന്നു വെളിയം ഭാര്‍ഗവനെ പ്രകോപിതനാക്കിയത്. പരസ്യമായി രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും അങ്കംവെട്ടുന്നതും അന്ന് കേരളം കണ്ടു. ഡിഐസി ഒരു രാഷ്ട്രീയ ചാപിള്ളയായി അവസാനിച്ചുവെങ്കിലും അത്തരമൊരു അവസരവാദപരമായ നീക്കത്തിലേക്ക് നയിച്ച രാഷ്ട്രീയദര്‍ശനം ഇന്നും കേരളത്തിലെ സിപിഎം നേതൃത്വത്തില്‍ പ്രബലമാണ്. എം എന്‍ വിജയന്‍ ഒരവസരത്തില്‍ ‘ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് കരയുന്ന കുഞ്ഞി’ന്റെ കരച്ചിലിനെ അലോസരമായി കാണുന്ന രാഷ്ട്രീയദര്‍ശനത്തിന്റെ ആപത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ സിപിഐയുടെ നിലപാടുകള്‍ മുഖ്യപങ്കാളിയായ സിപിഎമ്മില്‍ അത്തരമൊരു അലോസരമാണ് സൃഷ്ടിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ ജനപക്ഷ അജണ്ടകളെക്കുറിച്ച് അവര്‍ ഇടയ്‌ക്കെങ്കിലും പരസ്യമായി ഓര്‍മിപ്പിക്കാന്‍ മെനക്കെടുന്നു എന്നതാണ് പ്രശ്‌നം. കേരളത്തില്‍ അങ്ങോളമിങ്ങോളം ഭൂസ്വാമിമാരും കച്ചവടക്കാരും സ്ഥാപിതതാല്‍പര്യക്കാരും ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയുടെ പ്രിയസഖാക്കളായി മാറുന്ന അവസരത്തില്‍ അത്തരം ഓര്‍മപ്പെടുത്തലുകള്‍ അലോസരം തന്നെയാണ്. അതിനാല്‍ അധികാരം നിലനിര്‍ത്തുന്നതിന് കൂടുതല്‍ പ്രയോജനപ്രദമായ മറ്റു പങ്കാളികളെക്കുറിച്ച് സിപിഎം നേതൃത്വം ആലോചിക്കുന്നുണ്ട് എന്നു തീര്‍ച്ച. പല കാലങ്ങളില്‍, പല രൂപത്തില്‍ അത്തരം പങ്കുവയ്പ് രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ അവര്‍ കെ എം മാണിയുമായും പി കെ കുഞ്ഞാലിക്കുട്ടിയുമായും ഒക്കെ ചര്‍ച്ച ചെയ്തതാണ്. കരയുന്ന കുട്ടിയുടെ അലോസരമില്ലാത്ത, ‘ചടുല വികസനം’ മുഖ്യലക്ഷ്യവും അജണ്ടയുമായ ഒരു ഭരണത്തിന്റെ അപാരസാധ്യതകളെക്കുറിച്ച് അവര്‍ സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുന്നുണ്ട്. അതു പ്രയോഗവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ തന്നെ അണിയറയില്‍ നടക്കുന്നുണ്ട് എന്നും ഉറപ്പ്. അതിന്റെ അന്തിമഫലം എന്തായാലും ശരി, ഒരു അടിയന്തരഫലം കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി കേരളത്തില്‍ ജനങ്ങളുടെ പ്രതീക്ഷയും രാഷ്ട്രീയ ബദലുമായി ഉയര്‍ന്നുനിന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അന്ത്യം തന്നെയായിരിക്കും. 2021ല്‍ വീണ്ടും കേരളം തിരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍ അത്തരമൊരു മുന്നണി രംഗത്തുണ്ടാവില്ല എന്ന് ഇപ്പോള്‍ ഉറപ്പിച്ചു തന്നെ പറയാന്‍ കഴിയും. പകരം എന്തു സംവിധാനങ്ങള്‍ രംഗത്തുവരും എന്ന് സങ്കല്‍പിക്കുക മാത്രമേ ഇപ്പോള്‍ കരണീയമായിട്ടുള്ളൂ.                ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss