|    Apr 27 Fri, 2018 2:49 am
FLASH NEWS
Home   >  Kerala   >  

ഇടതുപക്ഷ സര്‍ക്കാരോ പിണറായി സര്‍ക്കാറോ?

Published : 27th July 2016 | Posted By: Imthihan Abdulla

Pinarayi-fb

യുഡിഎഫ് ഭരണകാലത്തെ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവയെല്ലാം ശരിയാക്കാന്‍ എല്‍ഡിഎഫ് വരണമെന്നായിരുന്നുവല്ലോ തിരഞ്ഞെടുപ്പുകാലത്ത് ഇടതുമുന്നണി ഉയര്‍ത്തിയ ഏറ്റവും ശക്തമായ പ്രചാരണം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ എല്‍ ഡി എഫ് വരും, എല്ലാം ശരിയാകും എന്ന മുദ്രാവാക്യമാണ് ഈ സര്‍ക്കാരിനെ imthihanഅധികാരത്തിലേറ്റിയതെന്നു പറയാം. എന്നാല്‍ അധികാരത്തിലേറിയ ഇടതുമുന്നണി സര്‍ക്കാരിന്റെ അവസ്ഥയെന്താണ്? ഒരു സര്‍ക്കാരിനെ വിലയിരുത്താന്‍ ഈ കുറഞ്ഞ കാലയളവ് പര്യാപ്തമല്ല എന്നംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ, പ്രതീക്ഷകളേക്കാളേറെ ആശങ്കകളും നിരാശകളും ആണ് പുതിയ സര്‍ക്കാറിന്റെ ഓരോ ചുവടുവെപ്പുകളും ഉയര്‍ത്തുന്നതെന്ന്് ചൂിക്കാണിക്കാതിരിക്കാനാവില്ല.
ഭരണമുന്നണിയുടെ ഭൂരിപക്ഷക്കുറവ് ചൂഷണം ചെയ്ത് ഓരോ മന്ത്രിമാരും പ്രത്യേകിച്ച് കേരളകോണ്‍ഗ്രസിനെപ്പോലുളളവര്‍ തങ്ങളുടെ ഇഷ്ടം പോലെയും മനോഗതം പോലെയും വകുപ്പുകളെ സ്വന്തം സാമ്രാജ്യങ്ങളാക്കി മാറ്റിയതായിരുന്നു യഥാര്‍ഥത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ പരാജയത്തിനു നിദാനമായതെന്ന് സര്‍വാംഗീകൃതമാണ്. അതിനാല്‍ പിണറായിയെപ്പോലെ ശക്തനായ ഒരു മുഖ്യമന്ത്രി അധികാരത്തിലേറുമ്പോള്‍ എല്ലാ വകുപ്പുകളും വ്യക്തമായ ഏകോപനത്തോടെ ഊര്‍ജസ്വലമായ പ്രവര്‍ത്തനം കാഴ്ചവെക്കുമെന്ന് നമ്മള്‍ ന്യായമായും പ്രതീക്ഷിച്ചു. പക്ഷേ മുഖ്യമന്ത്രിക്ക് എല്ലാ വകുപ്പുകളിലും മേല്‍ക്കയ്യും പിടിപാടും ഉണ്ടായെങ്കിലും പിണറായിയില്‍ ഉളളതോ അദ്ദേഹത്തില്‍ അടിച്ചേല്‍പിക്കപ്പെട്ടതോ ആയ ‘സ്റ്റാലിനിസ്റ്റ് ‘ പ്രതിഛായ കര്‍ശനമായ നിരീക്ഷണത്തിനു വിധേയമാകുവെന്ന തോന്നല്‍ മന്ത്രിമാരിലെ ഊര്‍ജസ്വലതയെ ഊറ്റിക്കളയുന്നുവെന്നാണ് മന്ത്രിമന്ദിരങ്ങളിലെ രാപ്പനി അറിയുന്ന രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം.
മുഖ്യമന്ത്രിയെ ഭയന്ന് മന്ത്രിമാര്‍ തീരുമാനങ്ങളെടുക്കാത്ത അവസ്ഥ. സ്വതന്ത്രമായി പ്രവര്‍ത്തനാധികാരവും വിവേചന സ്വാതന്ത്യവുമുളള ഒരു കൂട്ടം മന്ത്രിമാരുടെ നേതാവ് എന്ന നിലയില്‍ നിന്നും ഏകമുഖ കേന്ദ്രീകൃതമായ ഒരു സംവിധാനമായി സര്‍ക്കാര്‍ മാറുന്ന പ്രതീതിയാണ് ഇതു സൃഷ്ടിക്കുന്നത്. ദേശാഭിമാനി പോലും ഇടതു സര്‍ക്കാര്‍ എന്നുപയോഗിക്കുന്നതിനേക്കാളേറെ പിണറായി സര്‍ക്കാര്‍ എന്നുപയോഗിക്കുന്നത് ഈ പ്രതിഛായയുടെ പ്രതിഫലനത്താലാണ്. സര്‍ക്കാര്‍ മോശമല്ലാത്ത ശബളവും മറ്റാനുകൂല്യങ്ങളും നല്‍കി നിയമിച്ച അഡ്വക്കേറ്റ് ജനറലും സാമ്പത്തിക വിദഗ്ധനായ ധനകാര്യ മന്ത്രിയും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനും ഉണ്ടായിരിക്കെ മുഖ്യമന്ത്രി വേറെ നിയമസാമ്പത്തിക ഉപദേഷ്ടാക്കളെ നിയമിക്കുന്നതു പോലുളള നടപടികള്‍ ഈ ധാരണകളെ അരക്കിട്ടുറപ്പിക്കുന്നു. ആ ഉപദേഷ്ടാക്കള്‍ ഇടതു പൊതുബോധത്തിനു കടകവിരുദ്ധമായ വിചാരധാരകളെ പ്രതിനിധാനം ചെയ്യുക കൂടി ചെയ്യുമ്പോള്‍ വിശേിച്ചും.മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ഉടനെ പിണറായി വിജയന്‍ ദല്‍ഹിയിലെത്തി മോഡിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നടത്തിയ പത്രസമ്മേളനം തന്നെ പിണറായിയിലെ ഈ ഏകാധിപത്യ പ്രവണത വെളിവാക്കുന്നതായിരുന്നു. ദേശീയപാത വികസനവും ആതിരപ്പളളിയും ഏകപക്ഷീയമായി പ്രഖ്യാപിച്ച് അവ മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നു പോലും പറയാതിരുന്നത് ശ്രദ്ധേയമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss