|    Nov 13 Tue, 2018 11:28 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഇടതുപക്ഷ ഫാഷിസവും അപകടം തന്നെ

Published : 8th July 2018 | Posted By: kasim kzm

എനിക്ക് തോന്നുന്നത് അബൂബക്കര്‍ സിദ്ദീഖ്, മലപ്പുറം

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റു മരിച്ച സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ. അഭിമന്യു മരിക്കാനിടയായ സംഭവം അപലപനീയം തന്നെ. പക്ഷേ, ഇത്തരം സംഭവങ്ങള്‍ക്കു തുടക്കമിടുന്നത് സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടന തന്നെയാണ്. മഹാരാജാസ് കോളജിന്റെ പുറംമതിലില്‍ കാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തും മറ്റും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കേരളത്തിലെ കാംപസുകളില്‍ ജനാധിപത്യമില്ല; എസ്എഫ്‌ഐയുടെ ഏകാധിപത്യമാണ് നടക്കുന്നത്. തങ്ങളല്ലാതെ മറ്റാരെയും കാംപസുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐയുടെ ധാര്‍ഷ്ട്യമാണ് ഇത്തരം ദാരുണ സംഭവങ്ങള്‍ക്കു വഴിവയ്ക്കുന്നത്. എസ്എഫ്‌ഐ, എഐഎസ്എഫ്, കെഎസ്‌യു, എബിവിപി, എംഎസ്എഫ്, കാംപസ് ഫ്രണ്ട് തുടങ്ങി പല വിദ്യാര്‍ഥി സംഘടനകളും കേരളത്തിലെ കാംപസുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ കാംപസുകളിലെ സംഘര്‍ഷങ്ങള്‍ പരിശോധിച്ചാല്‍ മിക്കതിലും ഒരു പക്ഷത്ത് എസ്എഫ്‌ഐ ആണുള്ളത്. ഒരേ മുന്നണിയിലാണെങ്കിലും സിപിഐയുടെ വിദ്യാര്‍ഥി സംഘടനയെ പോലും അവര്‍ ആക്രമിക്കുന്നു.
ഇത്രയധികം വിദ്യാര്‍ഥി സംഘടനകള്‍ കാംപസുകളില്‍ ഉള്ളപ്പോള്‍ ഒരു ഭാഗത്ത് എപ്പോഴും ഇവര്‍ മാത്രം എങ്ങനെയാണ് വരുന്നത്? ഗുണ്ടാഗിരിയിലൂടെ കാംപസ് ഭരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതിലും കോളജിലെ ഹോസ്റ്റലില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തതിലും എസ്എഫ്‌ഐക്കും സിപിഎം അനുകൂലികളായ അധ്യാപകര്‍ക്കും പങ്കുണ്ട്. എന്നാല്‍, ഇതിനെതിരേ ശക്തമായ നടപടിയെടുക്കേണ്ടതിനു പകരം മുഖ്യമന്ത്രി പോലും ‘പണിയായുധങ്ങള്‍’ എന്നു പറഞ്ഞ് ആയുധങ്ങളെ ചെറുതാക്കുകയാണ് ചെയ്തത്. എഫ്‌ഐആറില്‍ പോലിസ് ഇത് മാരകായുധങ്ങളാണെന്നാണ് എഴുതിവച്ചിരിക്കുന്നത്.
കുമ്മനത്ത് വീട് ആക്രമിച്ച് വാഹനങ്ങള്‍ തകര്‍ത്ത സംഭവത്തിലും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. തൊടുപുഴ ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പലിനെ ബന്ദിയാക്കിയതും ഇവര്‍ തന്നെ. കോഴിക്കോട് ആര്‍ട്‌സ് കോളജില്‍ പിടിച്ചുനില്‍ക്കുന്നത് വിദ്യാര്‍ഥി പരിഷത്ത് മാത്രമാണ്. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സംഭവത്തില്‍ ഇവര്‍ പ്രതികളായിട്ടുണ്ട്. വലിയ ചരിത്രമുള്ള മഹാരാജാസ് കോളജ് രാത്രിയില്‍ സാമൂഹികവിരുദ്ധരുടെയും ക്രിമിനലുകളുടെയും താവളമായി മാറിയിട്ടുണ്ട്.
അക്രമവാഞ്ഛ മൂലമാണ് എസ്എഫ്‌ഐ എല്ലാ പ്രശ്‌നങ്ങളിലും പ്രതിഭാഗത്തു വരുന്നത്. അവരുടെ എല്ലാ അക്രമങ്ങളെയും ന്യായീകരിക്കാന്‍ മുഖ്യമന്ത്രിയും എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും രംഗത്തുവരുന്നതുമൂലം അക്രമങ്ങള്‍ വര്‍ധിക്കുന്നു. അവരുടെ മേല്‍ തക്കതായ നടപടി കോളജ് അധികൃതര്‍ എടുത്താല്‍ പോലും അവര്‍ രാഷ്ട്രീയ സ്വാധീനം കൊണ്ട് തിരിച്ചു കാംപസുകളില്‍ എത്തുകയാണ് പതിവ്. കാംപസുകളിലെ അക്രമങ്ങള്‍ക്ക് അറുതി വരണമെങ്കില്‍ ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടത്. ഫാഷിസം എന്നാല്‍ എപ്പോഴും വലതുപക്ഷ രാഷ്ട്രീയത്തില്‍ മാത്രം കാണുന്നതല്ല. അതിനുള്ള തെളിവാണ് നമ്മുടെ കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങള്‍. എസ്എഫ്‌ഐ നേതൃത്വം തങ്ങളുടെ അണികള്‍ എങ്ങിനെയാണ് മറ്റുവിദ്യാര്‍ഥികളോട് പെരുമാറുന്നത് എന്ന് ഒരു ആത്മപരിശോധന നടത്തുന്നത് കലാലയങ്ങളില്‍ സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരാന്‍ സഹായിച്ചേക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss