|    Mar 21 Wed, 2018 3:11 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇടതുപക്ഷവും മുസ്‌ലിം വോട്ടര്‍മാരും

Published : 10th March 2016 | Posted By: SMR

എന്‍ പി ചെക്കുട്ടി

ദേശീയോദ്ഗ്രഥനത്തിന്റെ പ്രതിസന്ധികളാണ് ഇന്ത്യ റിപബ്ലിക്കായ കാലം മുതല്‍ രാജ്യം അഭിമുഖീകരിച്ചത്. മതപരമായ ഭിന്നതകള്‍ രാജ്യത്തെ വിഭജിച്ചു കഴിഞ്ഞിരുന്നു. നാട്ടുരാജ്യങ്ങള്‍ തങ്ങളുടെ സ്വന്തം താല്‍പര്യങ്ങളും അജണ്ടയുമായി മുമ്പോട്ടുപോവാന്‍ ശ്രമിക്കുകയായിരുന്നു. കശ്മീര്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ സ്ഥിരം വേദിയായി മാറിക്കഴിഞ്ഞിരുന്നു. ദേശീയതയുടെ സ്വയംനിര്‍ണയാവകാശത്തിന്റെ പേരില്‍ പലതരത്തിലുള്ള പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ന്നു വരുകയായിരുന്നു. ഭാഷാസംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതു പ്രാദേശികവാദ പ്രസ്ഥാനങ്ങള്‍ക്കു ശക്തി പകരും എന്ന ചിന്തയാണ് ജവഹര്‍ലാല്‍ നെഹ്‌റു പോലും പുലര്‍ത്തിയിരുന്നത്.
ഈ പ്രതിസന്ധികളില്‍ ഏറ്റവും ഗുരുതരം ഇന്ത്യയിലെ മുഖ്യ ന്യൂനപക്ഷ മതവിഭാഗമായ മുസ്‌ലിംകള്‍ നേരിട്ടുവന്ന അന്യവല്‍ക്കരണത്തിന്റെ പ്രശ്‌നം തന്നെയായിരുന്നു. കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ പാകിസ്താനായി മാറിയപ്പോള്‍ രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളില്‍ കഴിഞ്ഞുവന്ന മുസ്‌ലിം ജനവിഭാഗം കടുത്ത അന്യവല്‍ക്കരണത്തിന്റെയും പ്രതിസന്ധിയുടെയും ഒറ്റപ്പെടലിന്റെതുമായ ഒരു ദശാസന്ധിയെയാണ് അഭിമുഖീകരിച്ചത്. പാകിസ്താന്‍ വിഭജിച്ചുപോയതോടെ രാജ്യത്ത് അവശേഷിച്ച മുസ്‌ലിംകളെ അഞ്ചാംപത്തികളും പാക് ചാരന്മാരും ആയി ചിത്രീകരിക്കുന്ന തീവ്ര ഹിന്ദുത്വ പ്രചാരവേല അക്കാലത്തു രാജ്യമെങ്ങും നടക്കുകയുണ്ടായി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായ മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ചുവെങ്കിലും ഈ തീവ്ര ന്യൂനപക്ഷ വിരോധ രാഷ്ട്രീയ മനോഭാവം പങ്കിടുന്ന നേതാക്കള്‍ അക്കാലത്ത് പുതുതായി രൂപീകരിക്കപ്പെട്ട ജനസംഘത്തിലും മറ്റും ഒതുങ്ങി നിന്നിരുന്നില്ല. ഇന്ത്യയുടെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. രാജേന്ദ്രപ്രസാദ് മുതല്‍ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ വരെയും മുതിര്‍ന്ന നേതാവും എഐസിസി അധ്യക്ഷനുമായിരുന്ന പുരുഷോത്തം ദാസ് ഠാണ്ഡന്‍ മുതല്‍ കേന്ദ്രമന്ത്രിസഭയിലെ അംഗമായിരുന്ന കുലപതി കെ എം മുന്‍ഷി വരെയുമുള്ള പല പ്രമുഖരും ഇത്തരം നിലപാടുകള്‍ വച്ചുപുലര്‍ത്തിയവരായിരുന്നു.
ന്യൂനപക്ഷങ്ങളുടെ മനോഭാവവും ചിന്തയും മറ്റേതു വിഭാഗങ്ങളേക്കാള്‍ കൂടുതല്‍ നിര്‍ണായകമായി തിരഞ്ഞെടുപ്പു ഫലങ്ങളില്‍ സ്വാധീനംചെലുത്തി വരുന്നുണ്ട് എന്നതു വസ്തുതയാണ്. അതിനു കാരണം ഭൂരിപക്ഷ ഹിന്ദു സമുദായത്തില്‍നിന്നു വ്യത്യസ്തമായി തങ്ങളുടെ ന്യൂനപക്ഷ അസ്തിത്വം പലപ്പോഴും ഈ വിഭാഗങ്ങളുടെ രാഷ്ട്രീയ നിലപാടുകളുടെ മുഖ്യഘടകമായി നിലനിന്നു വരുന്നു എന്നതുതന്നെ. ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചു മുസ്‌ലിംകള്‍, കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളില്‍ പൊതുവില്‍ സംഘടിതമായ നിലയിലാണ് വോട്ടുകള്‍ വിനിയോഗിച്ചു വന്നിട്ടുള്ളത് എന്നു കാണാന്‍ കഴിയും.
എന്നാല്‍ ആ അവസ്ഥ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. മുസ്‌ലിം ജനസാമാന്യത്തിന്റെ പിന്തുണ കോണ്‍ഗ്രസ്സിനു നഷ്ടപ്പെട്ടു കഴിഞ്ഞു എന്നു വ്യക്തമാക്കുന്ന ജനവിധിയാണ് ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്നത്. ഗുജറാത്ത് മുതല്‍ രാജസ്ഥാന്‍ വരെയും കശ്മീര്‍ മുതല്‍ ബംഗാള്‍ വരെയുമുള്ള മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ടു വിനിയോഗം നോക്കിയാലും ഈ പ്രവണത കാണാന്‍ കഴിയും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ജമ്മുകശ്മീരില്‍ മുഫ്തി മുഹമ്മദ് സയ്യിദിന്റെ സ്വന്തം കക്ഷി പരമ്പരാഗത ശത്രുവായി കണക്കാക്കപ്പെട്ടിരുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറായി എന്നതില്‍നിന്നു ന്യൂനപക്ഷ രാഷ്ട്രീയം കഴിഞ്ഞ പതിറ്റാണ്ടുകളില്‍ എത്ര ആഴത്തിലുള്ള മാറ്റങ്ങള്‍ക്കാണ് വിധേയമായത് എന്നു കാണാന്‍ കഴിയും.
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥിരം വോട്ടു ബാങ്കായി നിലനിന്ന മുസ്‌ലിം സമുദായം മാറിച്ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നു തീര്‍ച്ചയാണ്. മുസ്‌ലിംകള്‍ മറ്റു മതേതര കക്ഷികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്; പലയിടങ്ങളിലും അവര്‍ വ്യക്തമായ പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കു സ്വന്തം നിലയില്‍ ബീജാവാപം ചെയ്യുന്നുമുണ്ട്. ഇതിനു കാരണം അന്യവല്‍കൃതവും പൊതുവില്‍ അശരണരുമായിരുന്ന വിഭജനകാലത്തെ മുസ്‌ലിം തലമുറയല്ല ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്നത് എന്നതു തന്നെ. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന പുതിയൊരു തലമുറ സമുദായ നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. വിഭജനത്തിന്റെ ചരിത്രം അവരുടെ ജീവിതത്തിന്റെ ഭാഗമല്ല. വിഭജനത്തിന്റെ മുറിവുകളും ആത്മനിന്ദയും മുന്‍തലമുറയെപ്പോലെ അവര്‍ സ്വയം പേറുന്നുമില്ല. സ്വതന്ത്ര ഇന്ത്യയില്‍ തങ്ങളുടെ സ്വന്തം ഭാഗധേയം ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായി നിര്‍ണയിക്കാനുള്ള കരുത്തും വിവേകവും സംഘടനാ ശേഷിയും ഇതിനകം അവര്‍ നേടിക്കഴിഞ്ഞിട്ടുണ്ട്.
കേരളത്തില്‍ എന്തായിരിക്കും ഈ പുതിയ സാമൂഹിക യാഥാര്‍ഥ്യത്തിന്റെ പ്രത്യാഘാതവും പരിണാമവും എന്നതും വരും തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളില്‍ ഒന്നായിരിക്കും. മുസ്‌ലിം വോട്ടര്‍മാരില്‍ വന്നുകൊണ്ടിരിക്കുന്ന ആഴത്തിലുള്ള മാറ്റങ്ങളും അവരുടെ ചിന്തയിലും സാമൂഹിക-രാഷ്ട്രീയ ബന്ധങ്ങളിലുമുള്ള ചലനങ്ങളും കേരളത്തിലെ രാഷ്ട്രീയ ഗതിയെ നിര്‍ണയിക്കുന്ന മുഖ്യ ഘടകം തന്നെയായിരിക്കും. 1957ലെ ഇഎംഎസിന്റെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായി വിമോചനസമരം നടന്ന വേളയില്‍ നായര്‍-ക്രൈസ്തവ സഖ്യമാണ് പ്രധാനമായി സമരകാലത്തു നിലകൊണ്ടത്. ഈ രണ്ടു സമുദായ ശക്തികളും സംഘടിതമായാണ് കമ്മ്യൂണിസ്റ്റ് ഭരണത്തെ അന്നു വെല്ലുവിളിച്ചത്. മുസ്‌ലിം സമൂഹം പൊതുവില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധം ആയിരുന്നുവെങ്കിലും വിമോചന സമരത്തിലെ നായര്‍-ക്രൈസ്തവ സഖ്യത്തിന്റെ അവിഭാജ്യഘടകം ആയി പ്രവര്‍ത്തിക്കുകയുമുണ്ടായില്ല. എന്നുമാത്രമല്ല അറുപതുകള്‍ തൊട്ട് കമ്മ്യൂണിസ്റ്റുകളുമായി യോജിക്കാനും മുസ്‌ലിംലീഗ് അടക്കമുള്ള കക്ഷികള്‍ തയ്യാറാവുകയുണ്ടായി.
അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള കാലത്ത് ഐക്യ ജനാധിപത്യ മുന്നണിയുടെ രൂപീകരണം മുതലാണ് മുസ്‌ലിം സമുദായ വോട്ടര്‍മാര്‍ സംഘടിതമായി കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി മാറുന്നത്. മുസ്‌ലിംലീഗ് ഒരു സംഘടിത ശക്തിയായും മുസ്‌ലിം സമുദായത്തിന്റെ ഏക പ്രതിനിധിയായും മാറുന്നത് ഈ കാലത്താണ്. അത്തരത്തിലുള്ള ഒരു പരിണതി ഉണ്ടായിവരാന്‍ കാരണം കേരളത്തിലെ ഇടതുപക്ഷ നേതൃത്വം തന്നെയാണ് എന്നതു തമാശയാണെങ്കിലും 1984ല്‍ തങ്ങളുടെ സഖ്യകക്ഷിയായിരുന്ന അഖിലേന്ത്യാ മുസ്‌ലിംലീഗിനെ മുന്നണിയില്‍ നിന്നു പുറത്താക്കി മുസ്‌ലിംലീഗിന്റെ പുനരേകീകരണത്തിനു വഴി തുറന്നതാണ് ഈ അവസ്ഥയ്ക്കു കാരണമായത് എന്നു പില്‍ക്കാലത്ത് എം വി രാഘവനെപ്പോലുള്ള ഇടതു നേതാക്കള്‍ തന്നെ തിരിച്ചറിയുകയുണ്ടായി.
ഇനിയങ്ങോട്ടു കേരളത്തിലെ മുസ്‌ലിം വോട്ടുകള്‍ സംഘടിതമായി തങ്ങളുടെ വരുതിയില്‍ നിര്‍ത്തുന്നതില്‍ മുസ്‌ലിംലീഗും അവര്‍ ഭാഗമായ യുഡിഎഫും വിജയിക്കുമോ എന്ന ചോദ്യം ഇത്തരുണത്തില്‍ നിര്‍ണായകമാണ്. നിലവിലുള്ള സാഹചര്യങ്ങളില്‍ അത് അസാധ്യമാവുകയാണ് എന്നു തിരിച്ചറിയണം. മുസ്‌ലിംലീഗിന്റെ അപ്രമാദിത്വം ഇന്നു നിലനില്‍ക്കുന്നില്ല.
ഇതിനര്‍ഥം, മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസ്-ലീഗ് മുന്നണി വിട്ട് ഇടതുപക്ഷത്തേക്കു പ്രയാണമാരംഭിക്കുകയാണ് എന്നാണോ? കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ അത്തരത്തിലുള്ള ഒരു പ്രവണത കാണപ്പെടുകയുണ്ടായി എന്നു തീര്‍ച്ച. പക്ഷേ, ദീര്‍ഘകാലത്തേക്കു മുസ്‌ലിം വോട്ടര്‍മാരുടെ പിന്തുണ ഉറപ്പക്കാനുള്ള ഏതെങ്കിലും തരത്തിലുള്ള സാധ്യതകള്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്നുണ്ടോ എന്ന കാര്യം സംശയാസ്പദമാണ്. സിപിഎമ്മിന്റെ ന്യൂനപക്ഷങ്ങളോടുള്ള സമീപനം ആ സമുദായത്തിനിടയില്‍ ആഴത്തിലുള്ള വിശ്വാസമോ ആദരവോ ജനിപ്പിക്കുന്ന തരത്തിലുള്ളതാണ് എന്നു പറയാന്‍ കഴിയില്ല. മുസ്‌ലിം സമുദായത്തെ സംബന്ധിച്ചു കമ്മ്യൂണിസം ഒരു തൊട്ടുകൂടാത്ത പ്രസ്ഥാനമായിരുന്നില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിയണം. കമ്മ്യൂണിസ്റ്റുകളെ ദൈവവിരുദ്ധര്‍ എന്നു വിശേഷിപ്പിച്ചു തങ്ങളുടെ കുഞ്ഞാടുകളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതില്‍ ക്രൈസ്തവ നേതൃത്വം കേരളത്തില്‍ വിജയിച്ചിരുന്നെങ്കിലും 1937ല്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ കാലം മുതല്‍ മുസ്‌ലിം നേതൃത്വം കമ്മ്യൂണിസ്റ്റുകളുമായി നിരന്തരമായി കൊണ്ടും കൊടുത്തും ഒക്കെയുള്ള പലതരം ബന്ധങ്ങളിലൂടെയും പിണക്കങ്ങളിലൂടെയും ഇണക്കങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. അതിനാല്‍ യഥാര്‍ഥ മതേതര ബദല്‍ എന്ന നിലയില്‍ കോണ്‍ഗ്രസ്സിനെയും ബിജെപിയെയും അകറ്റിനിര്‍ത്തുന്ന ശക്തിയായി കേരളത്തില്‍ സിപിഎം സ്വയം പ്രതിഷ്ഠിക്കുകയാണെങ്കില്‍ സമീപകാലത്ത് അവര്‍ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞ ന്യൂനപക്ഷ പിന്തുണയും വിശ്വാസവും നിലനിര്‍ത്താന്‍ കഴിഞ്ഞേക്കും. പക്ഷേ, അതിനു ആത്മാര്‍ഥമായ നിലപാടുകളും ശക്തമായ ബദല്‍ നയങ്ങളും വേണം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബദലാവുന്നതു ഹിന്ദുത്വ അജണ്ടകളും പ്രയോഗങ്ങളും കടം വാങ്ങിയാണ് എന്ന കണ്ണൂരിലെ ചില നേതാക്കളെങ്കിലും പ്രയോഗത്തില്‍ കൊണ്ടുവരുന്ന ആപല്‍ക്കരമായ സമീപനങ്ങള്‍ തിരുത്തുകയും വേണം. ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss