|    Jan 19 Thu, 2017 10:51 pm
FLASH NEWS

ഇടതുപക്ഷത്തേക്ക് ചാഞ്ഞ ഇരവിപുരം മണ്ഡലം

Published : 24th April 2016 | Posted By: SMR

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: രണ്ടുതവണ ഒഴിച്ചാല്‍ എക്കാലവും ഇടതുപക്ഷസ്ഥാനാര്‍ഥികളെ വിജയിപ്പിച്ച പാരമ്പര്യമാണ് ഇരവിപുരം അസംബ്ലി മണ്ഡലത്തിനുള്ളത്. 1957ന് ശേഷം 13 തവണ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. 1965ല്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് നിയമസഭ കൂടിയില്ല. ബാക്കിയുള്ള 12 നിയമസഭകളില്‍ 11ലും ഇരവിപുരത്തെ പ്രതിനിധീകരിച്ചത് ഇടതുപക്ഷമാണ്. ഒന്നാം നിയമസഭയിലും രണ്ടാം നിയമസഭയിലും മണ്ഡലത്തെ പ്രതിനിധീകരിച്ചത് സിപിഐയിലെ പി രവീന്ദ്രനാണ്.
1955ല്‍ പിഎസ്പിയിലെ വി ശങ്കുപ്പിള്ളയും 1960ല്‍ പിഎസ്പിയിലെ തന്നെ ഭാസ്‌കരപിള്ളയുമായിരുന്നു എതിരാളികള്‍.
1965ല്‍ നടന്ന പുനര്‍നിര്‍ണയത്തില്‍ മണ്ഡലത്തിന്റെ രൂപവും ഭാവവും മാറി. കൊറ്റങ്കര, തൃക്കോവില്‍വട്ടം, മയ്യനാട്, ഇരവിപുരം, വടക്കേവിള പഞ്ചായത്തുകള്‍ കൂട്ടിയോജിപ്പിച്ചുണ്ടായ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എ എ റഹീമിനായിരുന്നു വിജയം. 656 വോട്ടിനായിരുന്നു റഹീമിന്റെ വിജയം.
തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ സപ്തകക്ഷി മുന്നണിയിലൂടെ പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവായ ആര്‍ എസ് ഉണ്ണി മണ്ഡലത്തിന്റെ ജനപ്രതിനിധിയായി. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഷംസുദ്ദീനാണ് പരാജയപ്പെട്ടത്. പിന്നീട് ഏറെക്കാലവും ആര്‍ എസ് ഉണ്ണി ജയിച്ച് മണ്ഡലത്തില്‍ നിറഞ്ഞുനിന്നു.
70ല്‍ ആര്‍എസ്പിയില്‍നിന്ന് അടര്‍ത്തിയെടുത്ത ആര്‍ എം പരമേശ്വരനുമായി സിപിഎം മല്‍സരത്തിനെത്തി. ഇക്കുറിയും വിജയം ആര്‍ എസ് ഉണ്ണിക്കൊപ്പമായിരുന്നു. 82 വരെ ആര്‍ എസ് ഉണ്ണി മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ചു. 77ല്‍ എന്‍ആര്‍എസ്പിയിലെ ആര്‍ എന്‍ പരമേശ്വരനെ 16453 വോട്ടിനും 80ല്‍ മുസ്‌ലിംലീഗിലെ എ യൂനുസ്‌കുഞ്ഞിനെ 13569 വോട്ടിനും 82ല്‍ യൂനുസ്‌കുഞ്ഞിനെ 780 വോട്ടിനുമാണ് ആര്‍ എസ് ഉണ്ണി തോല്‍പ്പിച്ചത്. 1987ല്‍ ആര്‍ എസ് ഉണ്ണിക്കുപകരം മല്‍സരിക്കാനെത്തിയത് വി പി രാമകൃഷ്ണപിള്ളയായിരുന്നു. തുടര്‍ച്ചയായ പരാജയം നേരിട്ട ലീഗ് ഇത്തവണ കോഴിക്കോട്ടുനിന്ന് പി കെ കെ ബാവയെയാണ് ഗോദയിലിറക്കിയത്. വാശിയേറിയ മല്‍സരത്തില്‍ ആര്‍എസ്പിയുടെ കുത്തകമണ്ഡലത്തില്‍ വി പി പരാജയപ്പെട്ടു.
ബാവ ജയിച്ചു മന്ത്രിയുമായി. ആ തിരഞ്ഞെടുപ്പില്‍ യൂനുസ് കുഞ്ഞ് മലപ്പുറത്തുനിന്ന് ജയിച്ച് എംഎല്‍എയുമായി. എംഎല്‍എയുടെ പകിട്ടില്‍ യൂനൂസ് കുഞ്ഞ് 96ല്‍ വീണ്ടും സ്ഥാനാര്‍ഥിയായെങ്കിലും ഇരവിപുരത്ത് വീണ്ടും അടി പതറി. പരാജയത്തിന് ലീഗിനോട് പകരം വീട്ടി വി പി മണ്ഡലം തിരിച്ചുപിടിച്ചു.
2001ല്‍ ഇരുമുന്നണികളും സ്ഥാനാര്‍ഥികളെ മാറ്റിപ്പരീക്ഷിച്ചു. എല്‍ഡിഎഫിനുവേണ്ടി എ എ അസീസും യുഡിഎഫിനുവേണ്ടി ടി എ അഹമ്മദ് കബീറും മല്‍സരരംഗത്തെത്തി. ചരിത്രം കുറിച്ച് രണ്ട് വേട്ടിന്റെ ഭൂരിപക്ഷത്തില്‍ അസീസ് എംഎല്‍എയായി. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ എ എ അസീസ് തന്നെയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇദ്ദേഹത്തെ നേരിടാന്‍ ലീഗ് ഇറക്കിയത് വയനാട് നിന്നും കെ എം ഷാജിയെ. മുമ്പത്തെ തിരഞ്ഞെടുപ്പില്‍ രണ്ട് വോട്ടിന് ജയിച്ച അസീസ് ഷാജിയെത്തിയതോടെ ഭൂരിപക്ഷം 24,049 ആക്കി ഉയര്‍ത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗ് വീണ്ടും ബാവയെ കളത്തിലിറക്കി. എന്നാല്‍ അസീസ് വീണ്ടും 8012 വോട്ടിന് ഇവിടെ നിന്നും വിജയിക്കുകയായിരുന്നു. 2011ല്‍ മണ്ഡലത്തിന്റെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചു. മണ്ഡലം പുനര്‍നിര്‍ണ്ണയത്തിന് മുമ്പ് കൊല്ലം കോര്‍പ്പറേഷന്റെ 14, 15 വാര്‍ഡുകളില്‍ 20 മുതല്‍ 41 വരെയുള്ള വാര്‍ഡുകളും മയ്യനാട്, തൃക്കോവില്‍വട്ടം, കൊറ്റങ്കര, ഇളമ്പള്ളൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെട്ടിരുന്നു. കൊല്ലം കോര്‍പ്പറേഷനിലെ കന്റോണ്‍മെന്റ്, പട്ടത്താനം, മുണ്ടയ്ക്കല്‍ ഈസ്റ്റ്, ഭരണിക്കാവ്, ഇരവിപുരം, തെക്കുംഭാഗം, ആക്കോലില്‍, വാളത്തുംഗല്‍ ഈസ്റ്റ്, വാളത്തുംഗല്‍ വെസ്റ്റ്, കയ്യാലയ്ക്കല്‍, കൊല്ലൂര്‍വിള, മണക്കാട്, പാലത്താറ, കിളികൊല്ലൂര്‍ സൗത്ത്, അയത്തില്‍, പള്ളിമുക്ക്, വടക്കേവിള, അമ്മന്‍നാട, പാല്‍ക്കുളങ്ങര, കോളജ്, കല്ലുംതാഴം, കോയിക്കല്‍ ഭാഗങ്ങളും മയ്യനാട് പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് മണ്ഡലം. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മയ്യനാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. ആകെയുള്ള 22 ഡിവിഷനുകളില്‍ 16ലും വിജയിച്ചത് എല്‍ഡിഎഫാണ്. അതേസമയം, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏഴായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഇരവിപുരം മണ്ഡലത്തില്‍ യുഡിഎഫിന് ലഭിച്ചു.
ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായി എ എ അസീസ് തന്നെയാണ് വീണ്ടും മല്‍സരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം എല്‍ഡിഎഫില്‍ സിപിഎമ്മിന് ലഭിച്ച സീറ്റില്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം നൗഷാദാണ് സ്ഥാനാര്‍ഥി. എസ്ഡിപി ഐ-സമാജ് വാദി പാര്‍ട്ടി സഖ്യ സ്ഥാനാര്‍ഥിയായി അയത്തില്‍ റസാക്കാണ് മല്‍സരിക്കുന്നത്. ആക്കാവിള സതീക്കാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
നിലവില്‍ 1,08,578 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 53,450 പുരുഷന്മാരും 55,128 സ്ത്രീകളുമാണുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക