|    Mar 26 Sun, 2017 4:49 pm
FLASH NEWS

ഇടതുപക്ഷത്തെ വിശ്വാസികളില്‍നിന്ന് അകറ്റാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: ഇടതുപക്ഷത്തെ വിശ്വാസികളില്‍നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ എക്കാലത്തുമുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങള്‍ പൊളിക്കാന്‍ നടക്കുന്നവര്‍ എന്ന പ്രചാരണമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുളയിലേ നുള്ളിക്കളയാന്‍ കൊതിച്ച ശത്രുക്കള്‍ നടത്തിയതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ശബരിമലയിലെ ക്ഷേത്രാചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അത്തരം പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് നാനാജാതി മതങ്ങളില്‍ പെട്ടവരും ജാതിമത പരിഗണനകള്‍ ഇല്ലാത്തവരും ദൈവ വിശ്വാസികളും അല്ലാത്തവരുമായ ബഹുജനങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിക്കുന്നത്. ശബരിമലയിലെ തീര്‍ത്ഥാടന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലും ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സഹായം നല്‍കുന്ന സംരംഭത്തിലും ഒരേ മനസ്സോടെ ഞങ്ങള്‍ക്ക് മുഴുകാന്‍ കഴിയുന്നത് മതത്തിനും ജാതിക്കുമപ്പുറം മനുഷ്യനെ കാണാന്‍ കഴിയുന്നത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറയുന്നു.
ഹജ്ജ് ക്യാംപ് നെടുമ്പാശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തത് അത്യധികം സന്തോഷത്തോടെയാണ്. കേരളത്തില്‍നിന്ന് ഈ വര്‍ഷം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പോവുകയാണ്. 11,000 പേര്‍ കേരളത്തില്‍നിന്ന് ഹജ്ജ് അനുഷ്ഠിക്കും. ക്വാട്ടയില്‍ കവിഞ്ഞ് മറ്റുള്ളവര്‍ക്കു കൂടി സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹജ്ജ് കമ്മിറ്റിയും ഇടപെട്ടതിന്റെ ഫലമാണ് ഇത്രയും പേര്‍ക്ക് അനുവാദം കിട്ടിയത്.
ഹജ്ജിന് പോവുന്നവര്‍ക്കായി സൗകര്യം ഒരുക്കുന്നതില്‍ കേരളം മാതൃകയാണ്. ഇക്കാര്യത്തില്‍ കേരള മോഡല്‍ പിന്തുടരണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സൗദി കോണ്‍സുലേറ്റും മറ്റു സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്. ഹജ്ജ് ക്യാംപിനു വേണ്ട സൗകര്യമൊരുക്കാന്‍ സിയാലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പണം ചെലവാക്കാനും അനുമതി കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക