|    Jul 21 Sat, 2018 1:05 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇടഞ്ഞോടിയ ആന ചതുപ്പില്‍ താണു

Published : 6th September 2017 | Posted By: fsq

 

അരൂര്‍ : ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ആന വിരണ്ടോടി ചതുപ്പില്‍ താഴ്ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. തൃക്കാക്കര അമ്പലത്തിലെ ഉല്‍സവത്തിനുശേഷം ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലേക്കു കൊണ്ടുപോവും വഴി തുറവൂരിലെത്തിയപ്പോഴാണ് ആന ഇറങ്ങിയോടിയത്. തുടര്‍ന്നു പതിനാറ് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ രാത്രി എട്ടരയോടെയാണ് ആനയെ ചതുപ്പില്‍ നിന്ന് രക്ഷപ്പെടുത്താനായത്. എറണാകുളം തൃക്കാക്കര ക്ഷേത്രത്തിലെ ഉല്‍സവ എഴുന്നള്ളത്തിനു ശേഷം ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലേക്കു തിരികെ കൊണ്ടുവരുകയായിരുന്ന ബാലകൃഷ്ണനെന്ന ആനയാണ് ഇടഞ്ഞോടിയത്. തുറവൂര്‍ തെക്ക് ആലക്കാപറമ്പ് ജങ്ഷനില്‍ വച്ചായിരുന്നു സംഭവം. വാഹനത്തില്‍ ആന ശക്തമായി കുത്തിയതോടെ വാഹനം നിര്‍ത്തി. ഈസമയം ലോറിയില്‍നിന്ന് ആന ഇറങ്ങിയോടുകയായിരുന്നു. കിഴക്കോട്ട് ഓടിയ ആന തേങ്ങാത്തറ വത്സലയുടെ ഓടിട്ട വീടും ഗോപാലകൃഷ്ണന്‍ നായര്‍, ഭാസ്‌കരന്‍ നായര്‍, ഷേണായി എന്നിവരുടെ വീടുകളുടെ മതിലുകളും വളമംഗലം കുന്തറ രാധാകൃഷ്ണന്റെ ഓട്ടോറിക്ഷയും വളമംഗലം തിരുഹൃദയദേവാലയത്തിന്റെ ഗേറ്റും നിരവധി ഇലക്ട്രിക്കല്‍ പോസ്റ്റുകളും തകര്‍ത്തു. വിരണ്ടോടിയ കൊമ്പന്‍ പിന്നീട് വളമംഗലം തെക്ക് അനന്തന്‍ കരിയിലെ ചെളിയില്‍ താഴുകയും പിന്‍കാലുകള്‍ ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയുമായിരുന്നു. അവശനിലയിലായ ആനയ്ക്കു ഗ്ലൂക്കോസും മരുന്നുകളും നല്‍കി. ആനയെ വടംകെട്ടി നിയന്ത്രിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ രാത്രി എട്ടരയോടെ ആനയെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ രക്ഷപ്പെടുത്തിയതിനു ശേഷം വീണ്ടും ആന വിരണ്ടോടുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തു. മയക്കു വെടി വച്ച് തളക്കാനുള്ള ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. കുത്തിയതോട് സിഐ കെ സജീവ്, എസ്‌ഐ പി കെ മധു എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലിസ് സംഘം സംഭവസ്ഥലത്തു ക്യാംപ് ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss