|    Nov 15 Thu, 2018 10:08 pm
FLASH NEWS

ഇടക്കി ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റത്തിന്റെ ചൂര്‌

Published : 19th December 2017 | Posted By: kasim kzm

തോമസ് ജോസഫ്

കട്ടപ്പന: ഇടുക്കി എന്നും യുഡിഎഫിന് മുന്‍തൂക്കമുള്ള ജില്ലയായാണ് എണ്ണപ്പെട്ടുപോരുന്നത്. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും ഒന്നിച്ചുനിന്നാല്‍ അജയ്യ ശക്തിയാണ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഇരു കക്ഷികളും ഒരേ മുന്നണിയിലായിരുന്നു. കേരളാ കോണ്‍ഗ്രസ് മുന്നണി മാറ്റം ആലോചിക്കുന്നുവെന്ന വസ്തുത ജില്ലയിലെ രാഷ്ട്രീയ നിരീക്ഷകരില്‍ കൗതുകവും അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരേസമയം നെഞ്ചിടിപ്പേറ്റുന്നതുമാണ്. ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസിന് ഇടുക്കിയില്‍ ഒരു എംഎല്‍എപോലുമില്ല. കഴിഞ്ഞ മൂന്ന് ടേമിലും ഇതുതന്നെ സ്ഥിതി. ഇതുവരെ കോണ്‍ഗ്രസിന് ഇടുക്കിയില്‍ എംപിയുണ്ടായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനോടെ എംപിയും ഇല്ലാത്ത സ്ഥിതിയായി. കേരളാ കോണ്‍ഗ്രസ് ഇല്ലാത്ത സാഹചര്യത്തില്‍ ഇനിയൊരു തിരഞ്ഞെടുപ്പ് പോരാട്ടം ഇടുക്കിയില്‍ എങ്ങനെ നടത്തുമെന്ന ചോദ്യമാണ് കോണ്‍ഗ്രസിനെ വേട്ടയാടുന്നത്. 1982ല്‍ അന്നത്തെ ഇടതുമുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ക്കുള്ള പിന്തുണ പിന്‍വലിച്ച ശേഷം മൂന്നര ദശകം യുഡിഎഫിന്റെ ഭാഗമായിരുന്നു കേരളാ കോണ്‍ഗ്രസ്. കാറും കോളും കേരള രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയപ്പോഴെല്ലാം മാണി കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ ഉറച്ചുനിന്നു. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് യുഡിഎഫിലുണ്ടായ ചില അസ്വാരസ്യങ്ങളാണ് കേരളാ കോണ്‍ഗ്രസ് മുന്നണി വിടാനുണ്ടായ കാരണം. കേരളാ കോണ്‍ഗ്രസ് രൂപംകൊണ്ട കാലം മുതല്‍ ഇടുക്കിയില്‍ അത് നിര്‍ണായക ശക്തിയായിരുന്നു. കോണ്‍ഗ്രസിലും ശക്തമായിരുന്നു ഒരുകാലത്ത്. പിന്നീട് പലപ്പോഴായി കേരളാ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പുകള്‍ അതിനെ ക്ഷീണിപ്പിച്ചു. ആ ക്ഷീണം കോണ്‍ഗ്രസ് നന്നായി മുതലെടുക്കുകയും ചെയ്തു. യുഡിഎഫില്‍നിന്ന് ഇടുക്കിയും തൊടുപുഴയും ഉടുമ്പന്‍ചോലയും മുമ്പ് കേരളാ കോണ്‍ഗ്രസായിരുന്നു മല്‍സരിച്ചിരുന്നത്. അതില്‍ ഉടുമ്പന്‍ചോല പിന്നീട് കോണ്‍ഗ്രസ് കൈവശപ്പെടുത്തി. ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ്സിന് താരതമ്മ്യേന ശക്തിയുള്ളത് ഇടുക്കി, കോട്ടയം ജില്ലകളാണ്. കേരളാ കോണ്‍ഗ്രസിന് ഇടുക്കിയില്‍ ജനസ്വാധീനത്തിന്റെ കാര്യത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഈ ക്ഷീണം പരിഹരിക്കുന്നതിനുള്ള പോംവഴികള്‍ പലരും പല സ്ഥലത്തുമിരുന്ന് കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്നുമുണ്ട്. അതിനുള്ള അന്വേഷണം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഹൈറേഞ്ച് സംരക്ഷണ സമിതിയിലാണ്. കേരളാ കോണ്‍ഗ്രസിന്റെ പഴയ പ്രതാപകാലം മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്നിലും മുന്നിലും എന്നതാണ് വസ്തുത. മലയോര വികസന സമിതിയും ഇന്‍ഫാമുമൊക്കെ അതിന്റെ പ്രാഗ്‌രൂപങ്ങള്‍ മാത്രമായിരുന്നു. ഇപ്പോള്‍ ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസിന് രണ്ട് എംഎല്‍എമാരാണുള്ളത്- ഇടുക്കിയും തൊടുപുഴയും. മുന്നണിയിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിന് എംഎല്‍എമാരില്ല. കേരളാ കോണ്‍ഗ്രസ് ഒപ്പമുണ്ടായിട്ടും ഒരു സീറ്റുപോലും കഴിഞ്ഞ മൂന്ന് ടേമിലും കോണ്‍ഗ്രസിനു നേടാനായില്ല. തൊടുപുഴ നഗരസഭ പോലെ പല  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണവും നിലനിര്‍ത്താന്‍ ഇനിയങ്ങോട്ട് ഏറെ ക്ലേശിക്കേണ്ടിവരും. ഇതാണ് കേരളാ കോണ്‍ഗ്രസിന്റെ മുന്നണിമാറ്റം കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പേറ്റുന്നത്. മുന്നണി മാറ്റത്തെക്കുറിച്ച് കെ എം മാണി ഇതേവരെ മനസ് തുറന്നിട്ടില്ലെങ്കിലും മാറ്റം ഇടതുമുന്നണിയിലേക്ക് ആണെന്ന പ്രതീതിയാണ് കേരളാ കോണ്‍ഗ്രസ്സിന്റെ രണ്ടാംനിര നേതൃത്വം അവകാശപ്പെടുന്നത്. കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം ജില്ലയില്‍ കോണ്‍ഗ്രസിന് നിര്‍ണായകമായിരിക്കുമെന്നു സാരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss