|    Jun 20 Wed, 2018 3:25 pm
FLASH NEWS
Home   >  Sports  >  Football  >  

ഇഞ്ചോടിഞ്ച് റയലും ബാഴ്‌സയും; നെയ്മര്‍ക്ക് ഹാട്രിക്ക്, ക്രിസ്റ്റിയാനോയ്ക്ക് 400ാം ഗോള്‍.

Published : 15th May 2017 | Posted By: ev sports

മാഡ്രിഡ്:സ്പാനിഷ് രാജാക്കന്‍മാര്‍ക്കായുള്ള കാത്തിരിപ്പ് ഇനിയും നീളും. തുല്യ പോയിന്റുകളുമായി ഒന്നും രണ്ടും സ്ഥാനം അലങ്കരിക്കുന്ന ബാഴ്‌സലോണയും റയല്‍ മാഡ്രിഡും മിന്നും പ്രകടനത്തോടെ ജയം തുടരുന്നു. ലീഗില്‍ ബാഴ്‌സലോണ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് ലാസ് പല്‍മാസിനെ വീഴ്ത്തിയപ്പോള്‍ റയല്‍ മാഡ്രിഡ് 4-1 എന്ന മാര്‍ജിനില്‍ തന്നെ സെവിയ്യയേയും കെട്ടുകെട്ടിച്ചു. മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റികോ മാഡ്രിഡ് ബെറ്റിസുമായി 1-1 സമനില പങ്കുവയ്ച്ചപ്പോള്‍ ആല്‍വസ് 3-1 ന് സെല്‍റ്റ വിഗോയെ തകര്‍ത്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കാലിടറി. ടോട്ടനത്തോട് 2-1 നാണ് യുനൈറ്റഡ് തോല്‍വി വഴങ്ങിയത്.

നെയ്മര്‍ കരുത്തില്‍ ബാഴ്‌സ നേടി
ലീഗിലെ ബാഴ്‌സലോണയുടെ പടയോട്ടം തുടരുകയാണ്. എതിരാളികളെ നിഷ്പ്രഭമാക്കി ലയണല്‍ മെസ്സിയും സുവാരസും നെയ്മറും കളം നിറഞ്ഞാടുമ്പോള്‍ എതിരാളികളുടെ പോസ്റ്റില്‍ ഗോള്‍മഴ പെയ്യുന്നു. കപ്പില്‍ മുത്തമിടാന്‍ റലയുമായുള്ള പോരാട്ടം കടുക്കുമ്പോള്‍ ബാഴ്‌സലോണ വിജയക്കുതിപ്പ് തുടരുന്നു. ലാസ് പല്‍മാസിനെ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ബാഴ്‌സലോണ മുക്കിയത്.
ആദ്യ പകുതിയില്‍ തന്നെ ബാഴ്‌സലോണ കരുത്തുകാട്ടി. 4-3-3 ഫോര്‍മാറ്റില്‍ കളത്തിലിറങ്ങിയ ബാഴ്‌സലോണയുടെ മുന്‍നിരയില്‍ കുന്തമുനകളായ മെസിയും സുവാരസും നെയ്മറും അണിനിരന്നപ്പോള്‍ മധ്യനിരയില്‍ ഇനിയസ്റ്റയും ബസ്‌കറ്റ്‌സും റാക്റ്റിക്കും കരുത്തുപകര്‍ന്നു. ആല്‍ബയും ഉംറ്റിയും മര്‍ലോണും ഡിഗ്‌നിയും പ്രതിരോധത്തില്‍ ഉരുക്കുകോട്ട തീര്‍ത്തപ്പോള്‍ ലാസ് പല്‍മാസ് നിരയ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. തുടക്കം മുതലേ ആക്രമണ ശൈലി പുറത്തെടുത്ത ബാഴ്‌സലോണയ്ക്കുവേണ്ടി 25ാം മിനിറ്റില്‍ നെയ്മറാണ് അക്കൗണ്ട് തുറന്നത്. ലൂയിസ് സുവാരസിന്റെ തകര്‍പ്പന്‍ അസിസ്റ്റിനെ കൃത്യമായി നെയ്മര്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ബാഴ്‌സലോണ 1-0 ന് മുന്നില്‍.
ആദ്യ ഗോളിന്റെ ആവേശം തീരുമുമ്പേ ലാസ് പല്‍മാസ് പോസ്റ്റില്‍ വീണ്ടും പന്ത് കയറി. ഇത്തവണ നെയ്മര്‍ അസിസ്റ്റ് ചെയ്തപ്പോള്‍ സുവാരസ് ഗോല്‍വല കുലുക്കി. 27ാം മിനിറ്റിലായിരുന്നു സുവാരസിന്റെ ഗോള്‍ നേട്ടം. രണ്ട് ഗോള്‍ വഴങ്ങിയതോടെ ലാസ് പല്‍മാസിന്റെ പ്രതിരോധ നിര ഉണര്‍ന്നുകളിച്ചു. മികച്ച മുന്നേറ്റങ്ങളുമായി ബാഴ്‌സലോണന്‍ നിര ലാസ് പല്‍മാസ് ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍കൊണ്ട് സംതൃപ്തിപ്പെടേണ്ടി വന്നു.
രണ്ടാം പകുതിയില്‍ ബാഴ്‌സലോണയുടെ സര്‍വാധിപത്യത്തിനാണ് ഗ്രാന്‍ കനേറിയ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. മധ്യനിര താരങ്ങള്‍ മികവിനൊത്ത പ്രകടനം പുറത്തെടുത്തതോടെ ലാസ് പല്‍മാസ് ഗോള്‍മുഖത്ത് അപകടം നിറഞ്ഞ് നിന്നു. മല്‍സരത്തിന്റെ 61 ശതമാനവും പന്ത് കൈവശം വയ്ച്ച് കളിച്ച ബാഴ്‌സ താരങ്ങള്‍ 11 തവണയാണ് ലാസ് പല്‍മാസ് ഗോള്‍മുഖത്ത് നിറയൊഴിച്ചത്. എന്നാല്‍ 63ാം മിനിറ്റില്‍ ബാഴ്‌സയെ ഞെട്ടിച്ച് ലാസ് പല്‍മാസ് അക്കൗണ്ട് തുറന്നു. 63ാം മിനിറ്റില്‍ കെവിന്‍ പ്രിന്‍സ് ബോട്ടിങിന്റെ അസിസ്റ്റില്‍ പെട്രോ ബിഗാസാണ് ലാസ് പല്‍മാസിന്റെ ആശ്വാസ ഗോള്‍ നേടിയത്. മല്‍സരം 2-1 എന്ന നിലയില്‍.
67ാം മിനിറ്റില്‍ മധ്യനിര താരം ഇവാന്‍ റാക്റ്റിക്കിന്റെ അസിസ്റ്റില്‍ നെയ്മര്‍ വീണ്ടും വലകുലുക്കി ലീഡുയര്‍ത്തി. ബാഴസ് 3-1ന് മുന്നില്‍. 71ാം മിനിറ്റില്‍ പ്രതിരോധ നിരതാരം ജോര്‍ദി ആല്‍ബയുടെ പാസിനെ നെയ്മര്‍ ശരവേഗത്തില്‍ പോസ്റ്റിലെത്തിച്ചതോടെ ലാസ് പല്‍മാസിന്റെ കല്ലറയിലെ അവസാന ആണിയും അടിക്കപ്പെട്ടു. സാംബതാളം നിറഞ്ഞ് നിന്ന ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മറിന്റെ ഹാട്രിക് ഗോളിന്റെ കരുത്തില്‍ 4-1 ന്റെ തകര്‍പ്പന്‍ ജയവുമായാണ് ബാഴ്‌സലോണ മൈതാനം വിട്ടത്. 37 മല്‍സരങ്ങളില്‍നിന്ന് 87 പോയിന്റുകളുമായി ബാഴ്‌സലോണയാണ് ഒന്നാമതുള്ളത്.

തകര്‍പ്പന്‍ പോരാട്ടവുമായി റയല്‍
കപ്പിലേക്കുള്ള പോരാട്ടത്തില്‍ ബാഴ്‌സലോണയ്ക്ക് കടുത്ത വെല്ലുവിളി ഉര്‍ത്തി റയലും വിജയം തുടരുന്നു. കരുത്തരായ സെവിയ്യയെ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് റയല്‍ നാണം കെടുത്തിയത്.
കളി തുടങ്ങി 10ാം മിനിറ്റില്‍ തന്നെ റയല്‍ മാഡ്രിഡ് കരുത്തുകാട്ടി. പ്രതിരോധ നിര താരം നാച്ചോ തുടങ്ങിവെച്ച ഗോള്‍വേട്ടയെ ക്രിസ്റ്റിയാനോ റൊണാള്‍ഡയും ടോണി ക്രൂസും ചേര്‍ന്ന് പൂര്‍ത്തിയാക്കി. 20ാംമിനിറ്റില്‍ റൊണാള്‍ഡോയുടെ ഇടിമിന്നല്‍ ഷോട്ട് സെവിയ്യ ഗോള്‍വല തുളച്ചപ്പോള്‍ ആദ്യ പകുതി 2-0ന് റയലിന് സ്വന്തം. 4-3-3 ശൈലയില്‍ കളത്തിലിറങ്ങിയ റയലിനെ പൂട്ടാന്‍ 3-5-2 ശൈലിയിലിറങ്ങിയ സെവിയ്യയുടെ പദ്ധതികള്‍ അമ്പേ പാളിപ്പോയി. കൂടുതല്‍ സമയം പന്ത് െൈകവശം വെച്ച് റയലിനെ ഗോളടിപ്പിക്കാതിരിക്കാനുള്ള സെവിയ്യന്‍ തന്ത്രത്തെ റയല്‍ താരങ്ങള്‍ നിഷ്പ്രഭമാക്കി. 49 ശതമാനം സമയം മാത്രമാണ് റയല്‍ പന്ത് കൈവശം വെച്ചതെങ്കിസും സെവിയ്യന്‍ ഗോള്‍പോസ്റ്റില്‍ നാലുഗോളുകള്‍ പിറന്നു.
രണ്ടാം പകുതിയില്‍ സെവിയ്യ ഒരു ഗോള്‍ മടക്കി കരുത്തുകാട്ടി. 49ാം മിനിറ്റില്‍ വിക്ടര്‍ വിറ്റലോയുടെ അസിസ്റ്റില്‍ സ്റ്റീവന്‍ ജോവറ്റിക്കാണ് സെവിയ്യക്കായി ഗോള്‍ നേടിയത്. മല്‍സരം 2-1 എന്ന നിലയില്‍. ഗോള്‍ നേടിയതോടെ പ്രതിരോധം ശക്തമാക്കിയ സെവിയ്യ കുറച്ചു സമയം റയല്‍ താരങ്ങളുടെ മുന്നേറ്റത്തെ പിടിച്ചുനിര്‍ത്തിയെങ്കിലും 78ാം മിനിറ്റില്‍ റൊണാള്‍ഡോ റയലിന്റെ ലീഡുയര്‍ത്തി. ടോണി ക്രൂസിന്റെ അസിസ്റ്റിലായിരുന്നു റയലിന്റെ ഗോള്‍ നേട്ടം. മല്‍സരം 3-1 എന്ന നിലയില്‍. 84ാം മിനിറ്റില്‍ നാച്ചോയുടെ പാസിനെ ടോണി ക്രൂസ് വലയിലെത്തിച്ചതോടെ സെവിയ്യയുടെ വിധി പൂര്‍ണമായി എഴുതപ്പെട്ടു. 4-1 ന്റെ തകര്‍പ്പന്‍ ജയത്തോടെ 36 മല്‍സരത്തില്‍ നിന്ന് 87 പോയിന്റുകളുമായി റയല്‍ രണ്ടാം സ്ഥാനത്താണുള്ളത്.

അത്‌ലറ്റിക്കോയ്ക്ക് സമനിലപൂട്ട്
ലീഗിലെ മൂന്നാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിന് അപ്രതീക്ഷിത സമനില. 15ാം സ്ഥാനക്കാരായ ബെറ്റീസാണ് അത്‌ലറ്റിക്കോയെ 1-1 സമനിലയില്‍ തളച്ചത്. 4-4-2 ഫോര്‍മാറ്റില്‍ മൈതാനത്ത് ഇറങ്ങിയ അത്‌ലറ്റിക്കോയ്ക്ക് ബെറ്റീസിന് മുന്നില്‍ ചുവടുപിഴച്ചു. ആദ്യ പകുതി പിരിയുമ്പോള്‍ ഇരു ടീമിന്റെ അക്കൗണ്ടും ശൂന്യമായിരുന്നു.
രണ്ടാം പകുതിയുടെ 57ാം മിനിറ്റില്‍ അത്‌ലറ്റികോയെ ഞെട്ടിച്ച് ബെറ്റിസ് ഗോള്‍വലകുലുക്കി. അത്‌ലറ്റിക്കോയുടെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത് ഡാനിയല്‍ സെബല്ലോസാണ് ബെറ്റീസിനുവേണ്ടി ഗോള്‍ നേടിയത്. ഗോള്‍ വഴങ്ങിയതോടെ സടകുടഞ്ഞെഴുന്നേറ്റ അത്‌ലറ്റികോയ്ക്ക് വേണ്ടി 66ാം മിനിറ്റില്‍ സ്റ്റീഫന്‍ സാവിക്ക് സമനില ഗോള്‍ കണ്ടെത്തി. സൗള്‍ നിഗൂസിന്റെ അസിസ്റ്റിലായിരുന്നു സാനിക്കിന്റെ ഗോള്‍ നേട്ടം. പിന്നീടുള്ള സമയങ്ങളില്‍ ഇരുകൂട്ടര്‍ക്കും ഗോള്‍ കണ്ടെത്താനാവാതെ വന്നതോടെ മല്‍സരം 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

യുനൈറ്റഡിനെ ടോട്ടനം പൂട്ടി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ടോട്ടനത്തിന് മുന്നില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുട്ടുകുത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ടോട്ടനത്തിന്റെ ജയം. കളി തുടങ്ങി ആറാ മിനിറ്റില്‍ തന്നെ ടോട്ടനം യുനൈറ്റഡിനെ ഞെട്ടിച്ചു. ബെന്‍ ഡേവിസിന്റെ അസിസ്റ്റില്‍ വിക്ടര്‍ വയാമയാണ് ടോട്ടനത്തിനായി ആദ്യ ഗോള്‍ നേടിയത്. പ്രതിരോധം ശക്തിപ്പെടുത്തി മുന്നേറിയ ടോട്ടനത്തിന് മുന്നില്‍ ആദ്യ പകുതിയില്‍ യുനൈറ്റഡ് ശൂന്യരായി നിന്നു.
രണ്ടാം പകുതിയുടെ 48ാം മിനിറ്റില്‍ ഹാരി കെയ്‌നിലൂടെ ടോട്ടനം ലീഡുയര്‍ത്തി. എറിക്‌സണ്‍ന്റെ പാസിനെ കെയ്ന്‍ വലയിലാക്കുകയായിരുന്നു. സര്‍വാധിപത്യത്തോടെ മുന്നേറിയ ടോട്ടനത്തിന് മുന്നില്‍ 2-0 ന് മുട്ടുമടക്കേണ്ടിവരുമെന്ന് തോന്നിക്കവെ 71ാം മിനിറ്റില്‍ വെയ്ന്‍ റൂണി യുനൈറ്റഡിനെ രക്ഷിച്ചു. മാര്‍ഷ്യലിന്റെ പാസിനെ റൂണി കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. മല്‍സരം 2-1 എന്ന നിലയില്‍. സമനിലയ്ക്കായി യുനൈറ്റഡ് നിര കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെ 2-1 ന്റെ തകര്‍പ്പന്‍ ജയം ടോട്ടനത്തിനൊപ്പം നിന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss