|    Oct 24 Wed, 2018 12:36 am
FLASH NEWS

ഇഞ്ചവരക്കുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുന്നു

Published : 8th September 2017 | Posted By: fsq

 

ഇടുക്കി: കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകള്‍ക്ക് വെളിച്ചമേകുന്നതിനുവേണ്ടി തയ്യാറാക്കിയ ഇഞ്ചവരക്കുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കാന്‍ നീക്കം. ഇതോടെ, പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്കായി മുടക്കിയ ലക്ഷക്കണക്കിനു രൂപ വെള്ളത്തിലാവുമെന്ന് ഉറപ്പായി. എട്ടുവര്‍ഷം മുമ്പ് ജലവൈദ്യുത പദ്ധതി നടപ്പാക്കാന്‍ കഞ്ഞിക്കുഴി പഞ്ചായത്തിലെ ചേലച്ചുവടിന് സമീപം പെരിയാര്‍ ഇഞ്ചവരക്കുത്തിലാണ് പഠനം നടന്നത്. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍, ഇഞ്ചവരക്കുത്തില്‍ പഠനം നടത്തി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വൈദ്യുതി ബോര്‍ഡിനു സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ടാണ് ചവറ്റുകുട്ടയില്‍ തള്ളിയത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ 30 കോടി രൂപയാണ് പഠന റിപോര്‍ട്ടില്‍ കണക്കാക്കിയിരിക്കുന്നത്. അന്നത്തെ വൈദ്യുതി മന്ത്രി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബോര്‍ഡ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൂന്നുമാസം നീണ്ട പഠനത്തിനും നിരീക്ഷണത്തിനും ശേഷം അന്തിമ റിപോര്‍ട്ട് തയാറാക്കി. പ്രാഥമിക ഘട്ടത്തില്‍ രണ്ട് മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്നു പ്രതീക്ഷിച്ചതെങ്കിലും പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ച് മെഗാവാട്ട് വൈദ്യുതി കിട്ടുമെന്ന് ഉറപ്പായി. കടുത്ത വേനലില്‍പ്പോലും മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ഇവിടെ നിന്നു ലഭിക്കുമെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പെരിയാറിലാണ് നിര്‍ദിഷ്ട ഇഞ്ചവരക്കുത്ത് പദ്ധതി പ്രദേശം. പെരിയാറിനടുത്തുള്ള കരിമ്പനു സമീപം അട്ടിക്കളത്തുനിന്ന് ഒന്നര കിലോമീറ്റര്‍ മാറിയുള്ള വെള്ളച്ചാട്ടം ഏറെ ആകര്‍ഷകമാണ്. ഉയര്‍ന്നു നില്‍ക്കുന്ന പാറയില്‍ നിന്നു താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടം പതഞ്ഞൊഴുകുന്നത് നയനാന്ദകരമാണ്. ഗതാഗതസൗകര്യം തീരെയില്ലാത്ത ദുര്‍ഘട പ്രദേശമാണ് ഇവിടം. വൈദ്യുതി എത്താത്ത ഈ മേഖലയുടെ വികസനം പദ്ധതി യാഥാര്‍ഥ്യമായാല്‍ സാധ്യമാകുമായിരുന്നു. മാസങ്ങളോളം നീണ്ടുനിന്ന പഠനത്തിനുശേഷമുള്ള നിഗമനമനുസരിച്ച് ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ നിന്നു വൈദ്യുതി ലഭിക്കുമെന്നും ഉറപ്പായിരുന്നു. ഇഞ്ചവരകുത്തിന്റെ ഇരു കരകളിലുമായി കിടക്കുന്ന രണ്ട് പഞ്ചായത്തുകളില്‍ മാത്രം വൈദ്യുതി എത്താത്ത ആയിരത്തോളം കുടുംബങ്ങളുണ്ട്. മിനിമം ഗാരന്റി പ്രകാരം വൈദ്യുതി എത്തിക്കാന്‍ വീടുകള്‍ തമ്മിലുള്ള അകലം തടസ്സമായി നില്‍ക്കുന്നത് മൂലമാണ് ഇനിയും പ്രദേശത്ത് വൈദ്യുതി എത്താത്തത്. ഉല്‍പാദന മേഖലയില്‍തന്നെ വൈദ്യുതി വിതരണം ചെയ്താല്‍ ബോര്‍ഡിന് ലാഭം വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലാണ് പ്രാരംഭദശയില്‍ അധികൃതര്‍ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. നിലവിലുള്ള കണക്ക് അനുസരിച്ച് അഞ്ച് മെഗാവാട്ട് വൈദ്യുതി ദിവസേന ലഭിച്ചാല്‍ പദ്ധതിക്കു ചെലവായ തുക രണ്ടര വര്‍ഷം കൊണ്ട് ബോര്‍ഡിനു തിരികെ കിട്ടുമായിരുന്നു. ജനറേറ്റര്‍ സ്ഥാപിക്കുന്നതിനും വിതരണ ലൈനുകള്‍ നിര്‍മിക്കുന്നതിനുമുള്ള ചെലവാണ് അധികമായി ഉണ്ടാവുക. വിനോദസഞ്ചാര കേന്ദ്രമായി വളരാന്‍ സാധ്യതയുള്ള ഈ പ്രദേശത്തു കൂടിയാണ് ആലപ്പുഴ-മധുര സംസ്ഥാന ഹൈവേ കടന്നുപോകുന്നത്. ഇഞ്ചവരക്കുട്ട് വൈദ്യുതി പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss