|    Oct 21 Sat, 2017 12:39 pm
FLASH NEWS
Home   >  Dont Miss   >  

ഇഞ്ചക്ഷനില്‍ മൂക്ക് മാഞ്ഞുപോയി, നെറ്റിയില്‍ മുളച്ചുവന്നു, വീണ്ടും ചുണ്ടിനു മുകളില്‍

Published : 4th July 2016 | Posted By: G.A.G

nose-on-head

ഇന്‍ഡോര്‍ : ഇഞ്ചക്ഷന്‍ അടിച്ചതോടെ മൂക്ക് മാഞ്ഞു പോയി. പി്ന്നീട് അത് നെറ്റിയില്‍ മുളപ്പിച്ചെടുത്തു.ഒടുവില്‍ ചുണ്ടിനു മുകളില്‍ യഥാസ്ഥാനത്ത് തുന്നിപ്പിടിപ്പിച്ചു. മുത്തശ്ശിക്കഥയോ കണ്‍കെട്ടു വിദ്യയോ അല്ല. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള അരുണ്‍പട്ടേല്‍ എന്ന ബാലന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണിത്.

അരുണിന് ഒരു മാസം പ്രായമുള്ളപ്പോഴാണ്  ഇഞ്ചക്ഷന്‍ വില്ലനായത്. കുത്തിവയ്പിന്റെ പാര്‍ശ്വഫലമായി കുട്ടിയുടെ മൂക്ക് മാഞ്ഞു പോവുകയായിരുന്നു. ഒടുവില്‍ പന്ത്രണ്ടു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പും ചികില്‍സകളും ഫലം കണ്ടതോടെ അരുണിന് മൂക്ക് തിരികെക്കിട്ടി. ഡോ. അശ്വിനി ദാഷിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടര്‍മാര്‍ നാലുഘട്ടമായി ഒരു വര്‍ഷംകൊണ്ട് നാല്ഘട്ടമായാണ് മൂക്ക് ശരിയാക്കിയെടുത്തത്.

മൂക്ക് പൂര്‍ണമായും മാഞ്ഞു പോയിരുന്നു എന്നതിനാല്‍ സാധാരണരീതിയിലുള്ള മൂക്ക് ശരിയാക്കല്‍ ശസ്ത്രക്രിയ നടത്താനാകാത്ത സ്ഥിതിയായിരുന്നു. ആദ്യഘട്ടത്തില്‍ കുട്ടിയുടെ നെറ്റിത്തടത്തില്‍ മൂക്ക് കൃത്രിമമായി വളര്‍ത്തിയെടുത്തു.സിലിക്കോണ്‍ കൊണ്ടുള്ള ഒരു ഉപകരണം നെറ്റിയിലെ തൊലിക്കടിയില്‍ പിടിപ്പിച്ചെടുക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇത് പിടിപ്പിച്ചെടുത്തതോടെ ആഭാഗത്തെ കോശങ്ങളും മാംസഭാഗങ്ങളും ചേര്‍ന്ന് മൂക്കിന്റെ ആകൃതിയില്‍ വളര്‍ന്നു വന്നു. രണ്ടാംഘട്ടത്തില്‍ കുട്ടിയുടെ നെഞ്ചില്‍ നിന്നും അല്‍പം തരുണാസ്ഥിയെടുത്ത് ഈ മാംസഭാഗത്തിനുള്ളില്‍ പിടിപ്പിച്ച് രക്തഓട്ടവും മറ്റും ശരിയാക്കിയെടുത്തതോടെ രണ്ടാംഘട്ടവും പൂര്‍ത്തിയായി.  മൂന്നുമാസത്തോളം നെറ്റിയില്‍ വളര്‍ന്ന ഈ മൂക്ക് പറിച്ചെടുക്കുകയായിരുന്നു മൂന്നാംഘട്ട ശസ്ത്രക്രിയ.  നാലാംഘട്ട ശസ്ത്രക്രിയയിലാണ് മൂ്ക്ക് വളര്‍ത്തിയെടുത്ത നെറ്റിയുടെ ഭാഗം വൃത്തിയാക്കി സാധാരണനിലയിലാക്കിയത്.

മൂക്കില്ലാതിരുന്ന അവസ്ഥയെക്കുറിച്ച് അരുണ്‍ പറയുന്നതിങ്ങനെ: കണ്ണാടിയില്‍ നോക്കാന്‍ പോലും പേടിയായിരുന്നു. മറ്റുള്ളവര്‍ കാണാതിരിക്കാന്‍ തല താഴ്ത്തിപ്പിടിച്ചായിരുന്നു ഇത്രയും നാള്‍ നടന്നിരുന്നത്. സ്‌കൂളില്‍ മറ്റു കുട്ടികള്‍ പലപ്പോഴും കളിയാക്കി. ചില കുട്ടികള്‍ക്ക് തന്നെ കാണുന്നത് തന്നെ ഭയമായിരുന്നു. ഇപ്പോള്‍ പുതിയ മൂക്ക് കിട്ടിയതോടെ ആത്മവിശ്വാസത്തോടെ ആളുകളെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നുണ്ട്’

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക