|    Nov 21 Wed, 2018 9:09 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇക്കുറി മാനവിക ഐക്യസന്ദേശ വാരം; ശ്രീകൃഷ്ണ ജയന്തിക്ക് ബദലുമായി വീണ്ടും സിപിഎം

Published : 11th August 2018 | Posted By: kasim kzm

കണ്ണൂര്‍: ഹിന്ദു മതവിശ്വാസികള്‍ക്കിടയിലും പാര്‍ട്ടി കേന്ദ്രങ്ങളിലും ആര്‍എസ്എസ് ചെലുത്തുന്ന സ്വാധീനം തടയുകയെന്ന ലക്ഷ്യത്തോടെ ശ്രീകൃഷ്ണ ജയന്തിക്ക് ബദല്‍ ആഘോഷങ്ങളുമായി വീണ്ടും സിപിഎം. മഹാന്മാരെ സ്മരിക്കുക, മനുഷ്യത്വത്തിനായി ഒന്നിക്കുക എന്ന പ്രമേയത്തില്‍ മാനവിക ഐക്യ സന്ദേശ വാരം എന്ന പേരില്‍ 27 മുതല്‍ സപ്തംബര്‍ 2 വരെ ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമി ജയന്തി ആഘോഷങ്ങള്‍ നടത്താനുള്ള തീരുമാനത്തിലാണ് പാര്‍ട്ടി.
സിപിഎം നിയന്ത്രിത സംഘാടക സമിതികളുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പ്രധാനമായും പാര്‍ട്ടിയണികള്‍ ബിജെപിയിലേക്ക് കൊഴിഞ്ഞുപോവുന്നതു തടയാന്‍ തുടര്‍ച്ചയായി നാലാം വര്‍ഷമാണ് സിപിഎം ശ്രീകൃഷ്ണ ജയന്തിക്ക് ബദലായി വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
2015ല്‍ ബാലസംഘത്തിന്റെ ഓണാഘോഷ സമാപനമെന്ന പേരിലായിരുന്നു ശ്രീകൃഷ്ണ ജയന്തിയിലെ സിപിഎം ഘോഷയാത്രയുടെ തുടക്കം. അന്ന് ബിജെപി വിട്ടെത്തിയ നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ തളാപ്പ് അമ്പാടിമുക്കില്‍ ഗണേശോല്‍സവം സംഘടിപ്പിച്ചത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഹിന്ദു വോട്ടുകള്‍ പിടിച്ചെടുക്കുന്നതിനു സിപിഎം, ആര്‍എസ്എസിന്റെയും ബിജെപിയുടെയും മാതൃക പിന്തുടരുകയാണെന്നായിരുന്നു പ്രധാന വിമര്‍ശനം. തുടര്‍ന്നാണ് ഇത്തരം മതപരമായ ആഘോഷങ്ങള്‍ പുതിയ രൂപത്തി ല്‍ നവോത്ഥാന നായകരുടെയും ആത്മീയ ആചാര്യന്‍മാരുടെയും അനുസ്മരണമെന്ന പേരില്‍ നടത്താന്‍ തീരുമാനിച്ചത്.
അന്നു മുതല്‍ പുതിയ പേരുകളിലാണ് സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായെന്ന പേരിലായിരുന്നു 2016ലെ ഘോഷയാത്ര. ചട്ടമ്പിസ്വാമി ജയന്തി ദിനത്തിലാണ് ഘോഷയാത്ര എന്നായിരുന്നു സിപിഎം അറിയിപ്പ്. കാരണം, ശ്രീകൃഷ്ണ ജയന്തിയും ചട്ടമ്പിസ്വാമി ജയന്തിയും ആ വര്‍ഷം ഒരേ ദിവസമായിരുന്നു. കഴിഞ്ഞ വര്‍ഷവും ശ്രീനാരായണ ഗുരു ജയന്തി മുതല്‍ ചട്ടമ്പിസ്വാമി ജയന്തി വരെയുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ സമാപനമെന്ന പേരിലാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സിപിഎം ഘോഷയാത്ര നടത്തിയത്.
ഇക്കുറി പരിപാടിയുമായി പൂര്‍ണതോതില്‍ സഹകരിക്കാ ന്‍ സിപിഎമ്മിന്റെ വിവിധ ബഹുജന സംഘടനകള്‍, അധ്യാപക സര്‍വീസ് സംഘടനകള്‍, സാംസ്‌കാരിക സംഘടനകള്‍, സ്ഥാപനങ്ങള്‍, ഗ്രന്ഥശാലാ സംഘം എന്നിവയ്‌ക്കെല്ലാം പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി. ശ്രീനാരായണ ജയന്തി ദിനമായ 27നു തലശ്ശേരിയിലും അയ്യങ്കാളി ജന്മദിനമായ 28നു പയ്യന്നൂരിലും കണ്ണൂരില്‍ 29നും ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ സപ്തംബര്‍ ഒന്നിനു മട്ടന്നൂരിലും സെമിനാര്‍ നടത്തും.
വാരാചരണത്തിന്റെ സമാപനം കുറിച്ച് സപ്തംബര്‍ 2ന് ജില്ലയിലെ 238 കേന്ദ്രങ്ങളില്‍ ഘോഷയാത്രകള്‍ സംഘടിപ്പിക്കും. നടത്തിപ്പ് ജനകീയമാക്കാന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ചെയര്‍മാനായി ജില്ലാതല സംഘാടക സമിതിയും നിലവില്‍ വന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss