|    Apr 23 Mon, 2018 7:24 pm
FLASH NEWS
Home   >  Todays Paper  >  page 6  >  

ഇഎസ്‌ഐ പരിരക്ഷ ഇല്ലാതാവുന്നു

Published : 22nd February 2016 | Posted By: swapna en

കോഴിക്കോട് ഫറോക്ക് വ്യവസായമേഖലയിലെ 3,500 തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇഎസ്‌ഐ പരിരക്ഷ നഷ്ടമാവുകയാണ്. തൊഴിലാളികളുടെ ശമ്പളത്തിന്റെ 1.75 ശതമാനവും തൊഴിലുടമ 4.75 ശതമാനവും മൊത്തം 6.50 ശതമാനം തുക ഇഎസ്‌ഐ കോര്‍പറേഷന്‍ സമാഹരിച്ചാണ് ഇഎസ്‌ഐ സൗകര്യം തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കിവന്നിരുന്നത്. ഇഎസ്‌ഐ കോര്‍പറേഷന്‍ കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട സ്ഥാപനമാണെങ്കിലും ധാരാളം കെടുകാര്യസ്ഥത നിലനില്‍ക്കുന്നു.
പ്രതിമാസ ശമ്പളം 15,000 രൂപ (ദിവസവേതനം 500 രൂപ) ലഭിക്കുന്ന തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ബാധകമല്ല എന്ന കോര്‍പറേഷന്റെ എസ്-38025/04/2010 എസ്എസ്/1 ഉത്തരവുപ്രകാരമാണ് ഇഎസ്‌ഐ നഷ്ടപ്പെടുന്നത്. 2015 സപ്തംബറോടുകൂടി 60 ശതമാനത്തിലധികം തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ നഷ്ടപ്പെട്ടുകഴിഞ്ഞു. 2016 മാര്‍ച്ച് മാസത്തോടെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഇഎസ്‌ഐ നഷ്ടപ്പെടും.
കോര്‍പറേഷന്റെ 2013 സപ്തംബറില്‍ ചേര്‍ന്ന യോഗത്തില്‍ 25,000 രൂപയാക്കി ശമ്പളപരിധി വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരും തൊഴില്‍വകുപ്പും അനുമതി നല്‍കാത്തതുകൊണ്ട് ആ തീരുമാനം നടപ്പായില്ല. ഇതു വ്യവസായികളെ സഹായിക്കാനാണ്. ഇപ്പോള്‍ 1,000 തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരുമാസം 7,12,000 രൂപ ഇഎസ്‌ഐ അടയ്‌ക്കേണ്ടതില്ല.
കേന്ദ്രസര്‍ക്കാരിന്റെ സമീപനം തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. സ്വകാര്യ ആശുപത്രിയിലെ ഭാരിച്ച ചികില്‍സാച്ചെലവ് തൊഴിലാളികള്‍ക്ക് താങ്ങാന്‍ കഴിയാവുന്നതല്ല.

എം മുസ്തഫ
ടൈല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍
കോഴിക്കോട്

അസഹിഷ്ണുത തന്നെ ഇത്
ഈയിടെ കോവളത്തു നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ടി പി ശ്രീനിവാസനെ ഒരുകൂട്ടം എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ടു മര്‍ദ്ദിച്ച സംഭവം മനുഷ്യത്വത്തിനെതിരേയുള്ള കടന്നുകയറ്റമാണ്. അക്രമം കൈയും കെട്ടി കണ്ടുനിന്ന പോലിസിന്റെ നിലപാട് പോലിസ് സേനയ്ക്ക് മൊത്തം അപമാനമാണ്. തീവ്ര വലത് ഫാഷിസത്തിനെതിരേ രാജ്യം മൊത്തം ശബ്ദിക്കുമ്പോഴാണ് ഇടതുപക്ഷ വിദ്യാര്‍ഥിപ്രസ്ഥാനത്തിലെ ഒരു നേതാവ് പരസ്യമായി ഒരു മുന്‍ നയതന്ത്രപ്രതിനിധിയെ കൈയേറ്റം ചെയ്യുന്നത്.
യഥാര്‍ഥത്തില്‍ ഇടതുപക്ഷാധിപത്യമുള്ള ഇടങ്ങളിലെല്ലാം അസഹിഷ്ണുതയുണ്ട്. അരിയില്‍ ഷുക്കൂറിനെയും ഫസലിനെയും ടി പി ചന്ദ്രശേഖരനെയും മറ്റനേകം മനുഷ്യരെയും ക്രൂരമായി കൊലചെയ്തത് അസഹിഷ്ണുതയുടെ ഭാഗം തന്നെയാണ്. എസ്എഫ്‌ഐ ആധിപത്യമുള്ള പല കാംപസുകളിലും ഇതര വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം തന്നെയില്ല.
കണ്ണൂരിലെ പല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രങ്ങളിലും മുസ്‌ലിം മസ്ജിദുകളില്‍ ബാങ്കുവിളിയും ജമാഅത്ത് നമസ്‌കാരവും വിലക്കിയിട്ടുണ്ട്.

ഷുക്കൂര്‍ ഉഗ്രപുരം
അരീക്കോട്

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss