|    Mar 28 Tue, 2017 1:57 pm
FLASH NEWS

ഇഎംഎസ് ഭവനപദ്ധതി; ഉത്തരവ് ലംഘിച്ച് അനര്‍ഹര്‍ക്കും ധനസഹായം വിതരണം ചെയ്തു

Published : 7th October 2016 | Posted By: Abbasali tf

പത്തനംതിട്ട: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ഇഎംഎസ് ഭവനപദ്ധതിയുടെ പേരില്‍ ജില്ലയിലെ 14 ഗ്രാമപ്പഞ്ചായത്തുകളില്‍ അനര്‍ഹര്‍ക്കും ധനസഹായം വിതരണം ചെയ്തു. ഇതുവഴി സര്‍ക്കാരിന് 6.03 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍.  കൈവശ അവകാശ സര്‍ട്ടിഫിക്കറ്റ് ഉള്ളവരുടെ ഭൂമിയില്‍ മാത്രമേ ഇഎംഎസ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ധനസഹായം നല്‍കാന്‍ പാടുള്ളുവെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ കൈവശ അവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതും, സബ് രജിസ്ട്രര്‍ ഓഫിസില്‍ രജിസ്ട്രര്‍ ചെയ്യാത്തതുമായ താല്‍ക്കാലിക കൈവശ രേഖ സമര്‍പ്പിച്ചവരുമായ ജില്ലയിലെ അനര്‍ഹരായ 771 ഗുണഭോക്്താക്കള്‍ക്കും 14 ഗ്രാമപ്പഞ്ചായത്തുകള്‍ ഇഎംഎസ് ഭവന നിര്‍മാണ ധനസഹായം നല്‍കി. 2010-11 കാലയളവില്‍ ഇഎംഎസ് ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 161 പേര്‍ക്ക് റാന്നി-പെരുനാട് ഗ്രാമപ്പഞ്ചായത്ത് 1,17,58,250 രൂപ, 144 പേര്‍ക്ക് നാറാണംമൂഴി ഗ്രാമപ്പഞ്ചായത്ത് 1,16,45,000 രൂപ, 148 പേര്‍ക്ക് ചിറ്റാര്‍ ഗ്രാമപ്പഞ്ചായത്ത് 1,15,65,000 രൂപ, 113 പേര്‍ക്ക്  വടശ്ശേരിക്കര ഗ്രാമപ്പഞ്ചായത്ത് 89,42,226 രൂപയും, 76 പേര്‍ക്ക് എഴുമറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് 59,05,000 രൂപ, 63 പേര്‍ക്ക് വച്ചൂച്ചിറ ഗ്രാമപ്പഞ്ചായത്ത് 49,12,500 രൂപ, 32 പേര്‍ക്ക് സീതത്തോട് ഗ്രാമപ്പഞ്ചായത്ത് 24, 00,000 രൂപ, 9 പേര്‍ക്ക് ആനിക്കാട്് ഗ്രാമപ്പഞ്ചായത്ത് 12,15,000 രൂപ, 8 പേര്‍ക്ക് തണ്ണിത്തോട് ഗ്രാമപ്പഞ്ചായത്ത് 5,25,000 രൂപ, പേര്‍ക്ക് റാന്നി-അങ്ങാടി ഗ്രാമപ്പഞ്ചായത്ത് 4,00,000 രൂപയും, അഞ്ച് പേര്‍ക്ക് അയിരൂര്‍ ഗ്രാമപ്പഞ്ചായത്ത്  3,75,000 രൂപ, മൂന്നു പേര്‍ക്ക് പ്രമാടം ഗ്രാമപ്പഞ്ചായത്ത് 2,95, 000 രൂപ, നാലു പേര്‍ക്ക് പള്ളിയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് 2,77,500 രൂപയും, ഒരു ഗുണഭോക്്താവിന് ചെന്നീര്‍ക്കര ഗ്രാമപ്പഞ്ചായത്ത് 1,00,000 രൂപയും ധനസഹായം നല്‍കി.  ഇത് സംബന്ധിച്ച പരാതിയില്‍ പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയും അനര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് നല്‍കിയ തുക തിരികെ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കുവാനും ഉത്തരവിട്ടു. പരാതിക്കാസ്പദമായ കാലയളവില്‍ ജില്ലയുടെ ചുമതലയുണ്ടായിരുന്ന ദാരിദ്ര്യ ലഘൂകരണ യൂനിറ്റ് പ്രോജക്ട് ഡയറക്ടര്‍ വി അജയകുമാര്‍, പള്ളിക്കല്‍ വിഇഒ അജി എന്നിവരില്‍ നിന്നും ഈടാക്കുവാനാണ് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കിയത്. കൈവശ രേഖ വച്ച് അനര്‍ഹരായവര്‍ക്ക് ഇഎംഎസ് ഭവന നിര്‍മ്മാണ ധനസഹായം നല്‍കണമെന്ന് 11/03/2010-ല്‍ 2674/08 നമ്പരായി ഉത്തരവിട്ടതിന്റെ പേരിലാണ് അന്നത്തെ ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടര്‍ വി അജയകുമാറിന് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ ബോധപ്പെട്ടതിനെ തുടര്‍ന്നാണ് വിജിലന്‍സ് നടപടി. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപയും ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 75,000 രൂപയും വീതമാണ് വീട് വയ്ക്കുന്നതിന് ഇഎംഎസ് ഭവന നിര്‍മാണ പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നത്. പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന പദ്ധതി വിഹിതത്തിനു പുറമേ അതാതു ഗ്രാമപ്പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന സഹകരണ ബാങ്കുകളില്‍ നിന്നുമെടുത്ത വായ്പയും ഉപയോഗിച്ചാണ് ഭവന നിര്‍മാണ ധന സഹായം നല്‍കുന്നത്. ഇതിലെ വായ്പാ തുക ഗ്രാമപ്പഞ്ചായത്തുകളും പലിശ സര്‍ക്കാരുമാണ്  അടയ്‌ക്കേണ്ടത്. റഷീദ് ആനപ്പാറ നല്‍കിയ അപേക്ഷയില്‍മേല്‍ ദാരിദ്ര്യ ലഘൂകരണ പത്തനംതിട്ട യൂനിറ്റിലെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവരാവകാശ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഇഎംഎസ് ഭവന പദ്ധതിയിലെ അനര്‍ഹരായ ഗുണഭോക്്താക്കള്‍ക്കും ധനസഹായം അനുവദിച്ചിരുന്നതായി വ്യക്്തമാവുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day