|    Feb 24 Sat, 2018 1:57 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇഎംഎസ് താഴ്ന്ന ജാതിക്കാരോട് താല്‍പര്യമില്ലാത്ത നേതാവ്

Published : 25th December 2017 | Posted By: kasim kzm

തിരുവനന്തപുരം: ഇഎംഎസ്, ടി വി തോമസ്, എ കെ ഗോപാലന്‍ തുടങ്ങിയ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി കെ ആര്‍ ഗൗരിയമ്മ. ഇഎംഎസ് താഴ്ന്ന ജാതിക്കാരോട് താല്‍പര്യമില്ലാത്ത നേതാവായിരുന്നുവെന്നും ടി വി തോമസിന്റെ വഴിവിട്ട ജീവിതമായിരുന്നു അദ്ദേഹത്തെ 57ല്‍ മുഖ്യമന്ത്രിയാക്കുന്നതില്‍ നിന്ന് തടഞ്ഞതെന്നും ഗൗരിയമ്മ വ്യക്തമാക്കി. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗരിയമ്മ ഇക്കാര്യം തുറന്നടിച്ചത്.
1987ല്‍ തനിക്കു മുഖ്യമന്ത്രിയാവാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഇഎംഎസാണ്. നമ്പൂതിരിയായിരുന്ന അദ്ദേഹത്തിന് താഴ്ന്ന ജാതിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. ഭരണം നടത്തേണ്ടത് മേല്‍ജാതിക്കാരാവണമെന്ന് ഇഎംഎസിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഭരണമികവൊന്നും ഇല്ലാതിരുന്നിട്ടും നായനാരെ മുഖ്യമന്ത്രിയാക്കിയത്. പ്രൈവറ്റ് സെക്രട്ടറി മുരളി എഴുതിക്കൊടുക്കുന്നതിന് അടിയില്‍ ഒപ്പിടുക മാത്രമേ നായനാര്‍ ചെയ്തിട്ടുള്ളൂ. ഇഎംഎസ് മരിച്ചപ്പോള്‍ താന്‍ റീത്ത് വച്ചിട്ടില്ല. തനിക്ക് ഇഎംഎസിനെക്കുറിച്ച് അത്രയേയുള്ളൂ അഭിപ്രായം. സ്വന്തം കാര്യം മാത്രമേ ഇഎംഎസ് നോക്കിയിട്ടുള്ളൂ. കള്ളനെന്ന് ഒരാളെക്കുറിച്ച് അഭിപ്രായമുണ്ടെങ്കില്‍ എങ്ങനെയാണ് അയാള്‍ മരിച്ചാല്‍ നാം റീത്ത് വയ്ക്കുന്നതെന്നും ഗൗരിയമ്മ ചോദിച്ചു.
പാര്‍ട്ടിക്കകത്ത് തന്നെ അഴിമതിക്കാരിയാക്കിയത് ഇഎംഎസാണെന്നും ഗൗരിയമ്മ ആരോപിച്ചു. 57ല്‍ പൊതുപ്രവര്‍ത്തക അഴിമതി നിരോധന നിയമം കൊണ്ടുവന്നയാളാണു താന്‍. കശുവണ്ടി ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന് പാര്‍ട്ടിക്കകത്ത് ആരോപണമുണ്ടായപ്പോഴാണ് രാജിവച്ചത്. ഇഎംഎസിന്റെ ബന്ധുവായിരുന്നു അന്ന് കശുവണ്ടി കോര്‍പറേഷന്‍ എംഡി. അഴിമതി അന്വേഷിക്കണമെന്ന് ഉത്തരവിട്ടശേഷമാണ് താന്‍ രാജിവച്ചത്. തന്നെ പുറത്താക്കാനായിരുന്നു വി എസ് അച്യുതാനന്ദന് താല്‍പര്യം. എങ്കില്‍ മാത്രമേ അയാള്‍ക്ക് ആളാവാന്‍ പറ്റുമായിരുന്നുള്ളൂവെന്നും ഗൗരിയമ്മ ആരോപിച്ചു.
എ കെ ഗോപാലന്‍ തന്നെ വിവാഹം ചെയ്യാനായി രണ്ടുമൂന്നു തവണ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇഷ്ടമില്ലെന്നു പറഞ്ഞ് ഒഴിവായി. 57ല്‍ മന്ത്രിയായശേഷമാണ് ടി വി തോമസ് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നറിഞ്ഞത്. ഇഷ്ടമില്ലാതിരുന്നിട്ടും പാര്‍ട്ടി തീരുമാനപ്രകാരമായിരുന്നു ടി വി തോമസിനെ വിവാഹം ചെയ്യേണ്ടിവന്നതെന്നും ഗൗരിയമ്മ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss