|    Feb 27 Mon, 2017 8:03 am
FLASH NEWS

ഇംഗ്ലീഷ് ലീഗ് കപ്പ്: മാറ്റ ഗോളില്‍ മാഞ്ചസ്റ്റര്‍

Published : 28th October 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളില്‍ നഗരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നേടി. പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റി യെ  ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റര്‍ മുട്ടുകുത്തിക്കുകയായിരുന്നു. 54ാം മിനിറ്റില്‍ സ്പാനിഷ് പ്ലേമേക്കര്‍ യുവാന്‍ മാറ്റ നേടിയ ഗോളാണ് മല്‍സരവിധി നിര്‍ണയിച്ചത്. നിലവിലെ ലീഗ് കപ്പ് ചാംപ്യന്‍മാര്‍ കൂടിയാണ് സിറ്റി.
അതേസമയം, പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 4-0നു തുരത്തിയതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ചെല്‍സി യെ വെസ്റ്റ്ഹാം അട്ടിമറിച്ചു. എവേ മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് വെസ്റ്റ്ഹാം ബ്ലൂസിനെ ഞെട്ടിച്ചത്. മറ്റൊരു കളിയില്‍ സതാംപ്റ്റ ന്‍ 1-0നു സണ്ടര്‍ലാന്‍ഡിനെ കീഴടക്കി.
മൊറീഞ്ഞോയുടെ രക്ഷകനായി മാറ്റ
പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ ചെ ല്‍സിയോട് തകര്‍ന്നടിഞ്ഞതിനാല്‍ സിറ്റിക്കെതിരായ കളി മാഞ്ചസ്റ്റര്‍ കോച്ച് ജോസ് മൊറീഞ്ഞോയ്ക്ക് നിര്‍ണായകമായിരുന്നു. തന്റെ മുന്‍ ടീമിനോടേറ്റ ദയനീയ തോല്‍വി മറക്കാന്‍ സിറ്റിയെ തോല്‍പ്പിച്ചേ തീരുവെന്ന സമ്മര്‍ദ്ദത്തോടെയാണ് മൊറീഞ്ഞോ ടീമിനെ കളത്തിലിറക്കിയത്. മൊറീഞ്ഞോയ്‌ക്കൊപ്പം നേരത്തേ ചെല്‍സിയില്‍ കളിക്കുകയും പിന്നീട് അതൃപ്തിക്കു പാത്രമായി വില്‍ക്കപ്പെടുകയും ചെയ്ത മാറ്റ ഇത്തവണ രക്ഷകനായി എത്തുകയായിരുന്നു.
54ാം മിനിറ്റില്‍ സ്വീഡിഷ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ബോക്‌സിനു കുറുകെ നല്‍ കിയ ക്രോസ് മാറ്റ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലേക്ക് പായിച്ചാണ് മാഞ്ചസ്റ്ററിന്റെ ഹീറോയായത്.
അതേസമയം, മൊറീഞ്ഞോയെപ്പോലെ ലോക ഫുട്‌ബോളിലെ ഗ്ലാമര്‍ കോച്ചുമാരിലൊരാളായ പെപ് ഗ്വാര്‍ഡിയോളയ്ക്ക് സിറ്റിയുടെ തോല്‍വി മറ്റൊരു ആഘാതമായി. വിവിധ ടൂര്‍ണമെന്റുകളിലായി തുടര്‍ച്ചായായി ആറു മല്‍സരങ്ങളാണ് ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ സിറ്റിക്കു ജയിക്കാനാവാതെ പോയത്. ഗ്വാര്‍ഡിയോളയുടെ പരിശീലന കരിയറില്‍ ഇതിനു മുമ്പൊന്നും ഇത്തരമൊരു തിരിച്ചടി നേരിട്ടിട്ടില്ല.
മാഞ്ചസ്റ്ററിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന യുനൈറ്റഡ്-സിറ്റി പോരില്‍ ആദ്യപകുതിയില്‍ കാര്യമായ ഗോളവസരങ്ങളൊന്നും പിറന്നില്ല. രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ഫ്രഞ്ച് സ്റ്റാര്‍ പോള്‍ പോഗ്ബയിലൂടെ മാഞ്ചസ്റ്റര്‍ ലീഡ് നേടേണ്ടതായിരുന്നു. എന്നാല്‍ ഗോളി കബാല്ലെറോ കുത്തിയകറ്റിയ പോള്‍ പോഗ്ബയുടെ ഷോട്ട് പോസ്റ്റിലും തട്ടി പുറത്തുപോവുകയായിരുന്നു.
ചെല്‍സിയെ സ്തബ്ധരാക്കി വെസ്റ്റ്ഹാം
ഇംഗ്ലീഷ് ലീഗ് കപ്പില്‍ ഇത്തവണത്തെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് മുന്‍ ജേതാക്കള്‍ കൂടിയായ ചെല്‍സിക്ക് നേരിട്ടത്. ലീഗില്‍ മാഞ്ചസ്റ്ററിനെ കശാപ്പുചെയ്തതോടെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലെത്തിയ ബ്ലൂസിനെ വെസ്റ്റ്ഹാം താഴേക്ക് ഇറക്കുകയായിരുന്നു.
11ാം മിനിറ്റില്‍ കെയ്ല്‍കു കൊയാറ്റെ (11ാം മിനിറ്റ്), എഡ്മില്‍സണ്‍ ഫെര്‍ണാണ്ടസ് (50) എന്നിവരാണ് വെസ്റ്റ്ഹാമിന്റെ സ്‌കോറര്‍മാര്‍. ഇഞ്ചുറിടൈമില്‍ ഗാരി കാഹില്‍ ചെല്‍സിയുടെ ഗോള്‍ മടക്കിയെങ്കി ലും അപ്പോഴേക്കും മല്‍സരം കൈവിട്ടുപോയിരുന്നു.
മല്‍സരശേഷം ഇരുടീമുകളുടെയും ആരാധകര്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് രംഗത്തിറങ്ങേണ്ടിവന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day