|    Feb 25 Sun, 2018 2:48 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇംഗ്ലീഷ് ഭാഷാപഠനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ

Published : 16th January 2017 | Posted By: fsq

english

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ ഇംഗ്ലീഷ് ഭാഷാപഠനം നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച വിദ്യാഭ്യാസ ശാസ്ത്ര വികസന സമിതിയുടെ ശുപാര്‍ശ. എല്ലാ സെക്കന്‍ഡറി സ്‌കൂളുകളിലും ഇംഗ്ലീഷ് ഭാഷാപഠനം നിര്‍ബന്ധമാക്കണമെന്നും രാജ്യത്തെ ആകെയുള്ള 6612 ബ്ലോക്കുകളിലും ഒരു സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളെങ്കിലും സ്ഥാപിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ജില്ലകളില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സര്‍ക്കാരിനു കീഴില്‍ പ്രത്യേക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ വേണമെന്നുമാണ് സമിതിയുടെ പ്രധാന ശുപാര്‍ശ. ഉന്നത വിദ്യാഭ്യാസ, സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിമാരും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അടങ്ങുന്ന വിദഗ്ധസംഘം സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചത്. വിദ്യാഭ്യാസരംഗം അവലോകനം ചെയ്യാനും ഈ മേഖലയില്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരാനുമായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബറിലാണ് പത്തംഗസമിതിയെ നിയോഗിച്ചത്. ആറാംതരം മുതല്‍ ഇംഗ്ലീഷ് പഠനം എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഉന്നത സെക്രട്ടറിമാരടങ്ങുന്ന ഗ്രൂപ്പ് രാജ്യത്തെ പഠന ഗുണനിലവാരം ഉയര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും സര്‍വേ നടത്തണം. രാജ്യാന്തര തലത്തിലും ദേശീയതലത്തിലും സ്‌കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അതു പരിശോധിക്കുന്നതിനുമായി വിദ്യാഭ്യാസ നിലവാര സൂചിക (എസ്ഇക്യുഐ) കൊണ്ടുവരണം, വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നാല്‍ മാത്രമേ സ്ഥാനക്കയറ്റം നല്‍കാന്‍ പാടുള്ളൂ. സര്‍വകലാശാല പാഠ്യക്രമം മൂന്നുവര്‍ഷം കൂടുമ്പോള്‍ പരിഷ്‌കരിക്കണം,  രാജ്യത്തെ മികച്ച 50 കോളജുകള്‍ക്ക് സ്വയം ഭരണാവകാശം നല്‍കണം തുടങ്ങിയവ പ്രധാന നിര്‍ദേശങ്ങളാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ സ്വതന്ത്രമായി ആവിഷ്‌കരിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കിയാല്‍ അത് ഉന്നത വിദ്യാഭ്യാസത്തിനു ഗുണം ചെയ്യുമെന്നും ശുപാര്‍ശയില്‍ പറയുന്നു. നിലവില്‍ ദേശീയ പാഠ്യക്രമമായ സിബിഎസ്ഇയില്‍ മാത്രമേ എട്ടാംതരം വരെ ഇംഗ്ലീഷ് പഠനം നിര്‍ബന്ധമുള്ളൂവെന്ന് സമിതി നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss