|    Jun 20 Wed, 2018 2:02 am
Home   >  Todays Paper  >  page 11  >  

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലെസ്റ്ററിന് വെസ്റ്റ്‌ബ്രോം ബ്രേക്കിട്ടു

Published : 3rd March 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടപ്പോരിനു കൂടുതല്‍ ആവേശം പകര്‍ന്ന് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റി സമനിലക്കുരുക്കില്‍ കുടുങ്ങി. 28ാം റൗണ്ട് മല്‍സരത്തില്‍ ലീഗില്‍ 13ാമതുള്ള വെസ്റ്റ്‌ബ്രോമാണ് ലെസ്റ്ററിനെ അവരുടെ മൈതാനത്ത് 2-2നു തളച്ചത്.
നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി തുടര്‍ച്ചയായ നാലാം ജയത്തോടെ മുന്നേറ്റം നടത്തി. നോര്‍വിച്ചിനെ ബ്ലൂസ് 2-1ന് കീഴടക്കുകയായിരുന്നു. മറ്റു മല്‍സരങ്ങളില്‍ ബോണ്‍മൗത്ത് 2-0ന് സതാംപ്റ്റനെയും എവര്‍ട്ടന്‍ 3-1ന് ആസ്റ്റന്‍വില്ലയെയും തോല്‍പ്പിച്ചു. ക്രിസ്റ്റല്‍പാലസ്-സണ്ടര്‍ലാന്‍ഡ് മല്‍സരം 2-2ന് സമനിലയില്‍ പിരിയുകയായിരുന്നു.
ഹോംഗ്രൗണ്ടില്‍ പതറി ലെസ്റ്റര്‍
ഹോംഗ്രൗണ്ടായ കിങ് പവര്‍ സ്റ്റേഡിയത്തില്‍ അനായാസജയത്തോടെ ലീഗിലെ ഒന്നാംസ്ഥാനം ഭദ്രമാക്കാനുറച്ച് കളത്തിലിറങ്ങിയ ലെസ്റ്ററിനെ വെസ്റ്റ്‌ബ്രോം സ്തബ്ധരാക്കുകയായിരുന്നു.
ഒന്നാംപകുതിയില്‍ ആധിപത്യം പുലര്‍ത്തിയ ലെസ്റ്ററിനെ ഞെട്ടിച്ചാണ് 11ാം മിനിറ്റില്‍ സലോമന്‍ റൊന്‍ഡന്‍ വെസ്റ്റ്‌ബ്രോമിനെ മുന്നിലെത്തിച്ചത്.
എന്നാല്‍ ലെസ്റ്റര്‍ മല്‍സരത്തിലേക്ക് ശക്ത മായ തിരിച്ചുവരവ് നടത്തി. ഒന്നാംപകുതിയില്‍ 2-1ന്റെ ലീഡുമായാണ് ലെസ്റ്റര്‍ കളംവിട്ടത്. 30ാം മിനിറ്റില്‍ ഡാനിയേല്‍ ഡ്രിങ്ക്‌വാട്ടറും ആന്‍ഡി കിങുമാണ് ലെസ്റ്ററിനായി ലക്ഷ്യം കണ്ടത്. 30ാം മിനിറ്റിലെ സമനില ഗോളോടെ പുതിയൊരു നേട്ടത്തിന് കൂടി ലെസ്റ്റര്‍ അവകാശികളായി. ലീഗില്‍ ഈ സീസണില്‍ 50 ഗോളുകള്‍ തികച്ച ആദ്യ ടീമായി മാറി ലെസ്റ്റര്‍.
രണ്ടാംപകുതിയില്‍ വെസ്റ്റ്‌ബ്രോം മല്‍സരത്തിലേക്ക് തിരിച്ചുവരവ് വന്നു. 50ാം മിനിറ്റില്‍ ക്രെയ്ഗ് ഗാര്‍ഡ്‌നറുടെ ഗോളില്‍ വെസ്റ്റ്‌ബ്രോം സമനില പിടിച്ചുവാങ്ങി. ലെസ്റ്ററിന്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയ മിഡ്ഫീല്‍ഡര്‍ റിയാദ് മെഹ്‌റസ് ഇത്തവണ ടീമിന്റെ വില്ലനാവുകയായിരുന്നു. മെഹ്‌റസ് പന്ത് കൈകൊണ്ടു തടുത്തതിനെത്തുടര്‍ന്നു ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഗാര്‍ഡ്‌നര്‍ വെസ്റ്റ്‌ബ്രോമിനെ രക്ഷിച്ചത്. വിജയഗോളിനായി ലെസ്റ്റര്‍ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല.
ഈ മല്‍സരത്തിലെ സമനില ലെസ്റ്ററിന്റെ ഒന്നാംസ്ഥാനത്തിന് ഭീഷണിയുയര്‍ത്തും. 57 പോയിന്റോടെയാണ് ലെസ്റ്റര്‍ തലപ്പത്തു നില്‍ക്കുന്നത്.
ഒരു മല്‍സരം കുറച്ചുകളിച്ച ടോട്ടനം ഹോട്‌സ്പര്‍ മൂന്നു പോയിന്റ് പിറകിലായി തൊട്ടുതാഴെയുണ്ട്. അടുത്ത കളിയില്‍ വെസ്റ്റ്ഹാമിനെ തോല്‍പ്പിച്ചാല്‍ ടോട്ടനം ലെസ്റ്ററിനെ മറികടന്ന് ഒന്നാംസ്ഥാനത്തേക്കു കയറും. ഗോള്‍ശരാശരിയില്‍ ടോട്ടനമാണ് മുന്നില്‍.
നില മെച്ചപ്പെടുത്തി ചെല്‍സി
നോര്‍വിച്ചിനെതിരേയുള്ള ജയത്തോടെ ചെല്‍സി ലീഗില്‍ നില മെച്ചപ്പെടുത്തി. 39ാം സെക്കന്റില്‍ ബ്രസീലിയന്‍ താരം കെനഡിയുടെ ഗോളില്‍ മുന്നില്‍ കടന്ന ചെല്‍സി 45ാം മിനിറ്റില്‍ ഡിയേഗോ കോസ്റ്റയിലൂടെ സ്‌കോര്‍ 2-0 ആക്കി. 68ാം മിനിറ്റില്‍ നതാന്‍ റെഡ്മണ്ടാണ് നോര്‍വിച്ചിന്റെ ഗോള്‍ തിരിച്ചടിച്ചത്. ലീഗിലെ തുടര്‍ച്ചയായ നാലാം ജയത്തോടെ ചെല്‍സി പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്തേക്കുയര്‍ന്നു.
കഴിഞ്ഞ മാസം 13ന് ന്യൂകാസിലിനെ 5-1ന് തകര്‍ത്ത ശേഷം ബ്ലൂസ് ലീഗില്‍ അപരാജിത കുതിപ്പ് തുടരുകയാ ണ്. 2015 ഡിസംബറില്‍ ലെസ്റ്റര്‍ സിറ്റിയോടാണ് ചെല്‍സി അവസാനമായി തോല്‍വി സമ്മതിച്ചത്.
കെനഡിയുടേത്
സീസണിലെ വേഗമേറിയ പ്രീമിയര്‍ ലീഗ് ഗോള്‍
ലണ്ടന്‍: ചെല്‍സിയുടെ ബ്രസീലിയന്‍ യുവതാരം കെനഡി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ ഏറ്റവും വേഗമേറിയ ഗോളിന് അവകാശിയായി. നോര്‍വിച്ചിനെ ചെല്‍സി 2-1നു തോല്‍പ്പിച്ച കഴിഞ്ഞ മല്‍സരത്തിലായിരുന്നു കെനഡിയുടെ സൂപ്പര്‍ ഫാസ്റ്റ് ഗോള്‍.
കളി തുടങ്ങി 39ാം സെക്കന്റില്‍ തന്നെ കെനഡി ചെല്‍സിക്കായി വലകുലുക്കി. ഈഡന്‍ ഹസാര്‍ഡ് നല്‍കിയ പാസുമായി ഇടതുമൂലയില്‍ നിന്ന് കുതിച്ചുകയറിയ കെനഡി ബോക്‌സിനു പുറത്തു വച്ച് നോര്‍വിച്ച് താരങ്ങള്‍ക്കിടയിലൂടെ നിറയൊഴിക്കുകയായിരുന്നു. കെനഡിയുടെ കന്നി ലീഗ് ഗോള്‍ കൂടിയാണിത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25ന് ടോട്ടനം ഹോട്‌സ്പറിനെതിരേ മാറ്റ് റിച്ചി ബോണ്‍മൗത്തിനുവേണ്ടി നേ ടിയ ഗോളായിരുന്നു നേരത്തേയുള്ള ഫാസ്റ്റസ്റ്റ് ഗോള്‍. 49ാം സെക്കന്റിലാണ് റിച്ചി ടോട്ടനം പ്രതിരോധത്തെ യും ഗോളിയെയും കബളിപ്പിച്ച് ലക്ഷ്യംകണ്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss