|    Oct 21 Sun, 2018 5:38 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : പീരങ്കിപ്പട ഡബിള്‍ സ്‌ട്രോങ്‌

Published : 27th September 2017 | Posted By: fsq

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയല്‍ ലീഗില്‍ തുടര്‍ തോല്‍വികളോടെ തുടങ്ങിയ ഗണ്ണേഴ്‌സ് നിര വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുന്നു. ആഴ്‌സന്‍ വെങ്ങര്‍ തന്ത്രങ്ങളോതുന്ന ഗണ്ണേഴ്‌സ് വെസ്റ്റ് ബ്രോമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചാണ് കളിമികവ് കൈവിട്ടിട്ടില്ലെന്ന് തെളിയിച്ചത്. ഇരു പകുതിയിലും വ്യക്തമായ ആധിപത്യം നേടിയെടുത്ത ഗണ്ണേഴ്‌സ് നിര വെസ്റ്റ് ബ്രോമിനെ ചിത്രത്തിലേ ഇല്ലാതാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ലാക്കസെറ്റയെ മുന്‍ നിരയിലും തൊട്ടുപിന്നിലായി അലക്‌സീസ് സാഞ്ചസിനേയും ആരോണ്‍ റാംസിയെയും അണിനിരത്തി 3-4-2-1 എന്ന ശൈലിയിലാണ് വെങ്ങര്‍ ആഴ്‌സലനിലെ കളത്തിലിറക്കിയത്.    കളിതുടങ്ങി 20ാം മിനിറ്റില്‍ ആഴ്‌സനല്‍ ഗോള്‍വല കുലുക്കി. പെനല്‍റ്റി ബോക്‌സിന് തൊട്ട് മുന്നില്‍ നിന്ന് സാഞ്ചസ് എടുത്ത ഫ്രീകിക്കിനെ വെസ്റ്റ് ബ്രോം ഗോള്‍ കീപ്പര്‍ ഫോസ്റ്റര്‍ തട്ടിയകറ്റിയെങ്കിലും റീ ബൗണ്ട് ചെയ്‌തെത്തിയ പന്തിനെ ഹെഡ്ഡറിലൂടെ അലക്‌സാന്‍ഡ്രേ ലാക്കസെറ്റെ വലയിലെത്തിക്കുകയായിരുന്നു. ആഴ്‌സനല്‍ നിര പല മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നാം പകുതയില്‍ വെസ്റ്റ് ബ്രോമിന്റെ പ്രതിരോധത്തെ വീണ്ടും മറികടക്കാന്‍ ആഴ്‌സനല്‍ നിരയ്ക്കായില്ല. ഒന്നാം പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിന്റെ ആധിപത്യവും ഗണ്ണേഴ്‌സിനൊപ്പം നിന്നു.രണ്ടാം പകുതിയിലും പ്രതിരോധം മുറുക്കി വെസ്റ്റ് ബ്രോം കളി തുടര്‍ന്നപ്പോള്‍ ലീഡിന് വേണ്ടി ആഴ്‌സനല്‍ നിര ഓടി വിയര്‍ത്തു. എന്നാല്‍ 67ാം മിനിറ്റില്‍ വീണ് കിട്ടിയ പെനല്‍റ്റിയിലൂടെ ആഴ്‌സനല്‍ ലീഡ് ഉയര്‍ത്തി. ആഴ്‌സനല്‍ താരം റാംസിയെ പെനല്‍റ്റി ബോക്‌സിനുള്ളില്‍ തള്ളിയിട്ടതിന് ലഭിച്ച പെനല്‍റ്റിയെ ലാക്കസെറ്റെ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. പിന്നീടുള്ള സമയങ്ങളില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് ആഴ്‌സനല്‍ മുന്നേറിയപ്പോള്‍ 2-0ന്റെ ആവേശ ജയവും ആഴ്‌സനല്‍ നിരയ്‌ക്കൊപ്പം നിന്നു.മല്‍സരത്തിന്റെ 69 ശതമാനം സമയവും പന്ത് കൈയടക്കിവെച്ച ആഴ്‌സനല്‍ 16 തവണയാണ് വെസ്റ്റ് ബ്രോം ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചത്. ആറ് തവണ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ പല ഷോട്ടുകളും ഗോളാവാതെ മടങ്ങി. അഞ്ച് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആഴ്‌സനല്‍ രണ്ട് തോല്‍വിയും രണ്ട് ജയവും ഒരും സമനിലയും അക്കൗണ്ടിലാക്കി 10 പോയിന്റുകളുമായി പോയിന്റ് പട്ടികയിലെ ഏഴാം സ്ഥാനത്താണ് ആഴ്‌സനലുള്ളത്. അതേ സമയം അഞ്ച് മല്‍സരങ്ങളില്‍ നിന്ന് രണ്ട് തോല്‍വിയും രണ്ട് സമനിലയും ഒരു ജയവുമായി 12ാം സ്ഥാനത്താണ് വെസ്റ്റ് ബ്രോമുള്ളത്. 16 പോയിന്റുകളുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss