|    Oct 20 Sat, 2018 8:28 pm
FLASH NEWS
Home   >  Sports  >  Football  >  

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: എവര്‍ട്ടന് യുനൈറ്റഡ് ഷോക്ക്

Published : 18th September 2017 | Posted By: ev sports

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 4 – എവര്‍ട്ടന്‍ 0

സ്ട്രറ്റ്‌ഫോര്‍ഡ്: മഞ്ഞുപെയ്യുന്ന കളി മൈതാനത്ത്  ജോസ് മൊറീഞ്ഞോയുടെ യുനൈറ്റഡ് നിര കളി മികവുകൊണ്ട് ഗാലറിയെ ചൂടുപിടിപ്പിച്ചപ്പോള്‍ എവര്‍ട്ടന് നാണംകെട്ട തോല്‍വി. യുനൈറ്റഡ് നായകനില്‍ നിന്ന് എവര്‍ട്ടനിലേക്ക് ചേക്കേറിയ വെയ്ന്‍ റൂണിയെ സാക്ഷിനിര്‍ത്തി എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് യുനൈറ്റഡ് വിജയക്കൊടി പാറിച്ചത്.
പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി 4-2-3-1 ശൈലിയില്‍ കളത്തിലിറങ്ങിയ യുനൈറ്റഡിനെ വീഴ്ത്താന്‍ 3-4-2-1 ശൈലിയിലാണ് എവര്‍ട്ടനെ കോയ്മാന്‍ അണിനിരത്തിയത്. മുന്‍ നിരയില്‍ റൂണി എവര്‍ട്ടനെ കുന്തമുനയാക്കിയപ്പോള്‍ യുനൈറ്റഡിന്റെ മുന്‍നിരയില്‍ ലുക്കാക്കു വജ്രായുധമായി. മല്‍സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ എവര്‍ട്ടന്‍ ഗോള്‍പോസ്റ്റില്‍ പന്ത് കയറി. മധ്യനിരതാരം നിമഞ്ച മാറ്റിക്ക് ഇടത് വിങില്‍ നിന്ന് നല്‍കിയ പാസിനെ മനോഹരമായി അന്റോണിയോ വലന്‍സിയ വലയിലെത്തിച്ചു.
തുടക്കത്തിലേ ഗോള്‍ നേടിയതോടെ മികച്ച മുന്നേറ്റവുമായി യുനൈറ്റഡ് കളം നിറഞ്ഞെങ്കിലും അവസരത്തിനൊത്ത് എവര്‍ട്ടന്റെ പ്രതിരോധം ശക്തമായതോടെ ലീഡുയര്‍ത്താന്‍ ഒന്നാം പകുതിയില്‍ യുനൈറ്റഡിനായില്ല. എങ്കിലും ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ആധിപത്യം യുനൈറ്റഡിനൊപ്പം നിന്നു.
ആക്രമണത്തിലൂന്നിയ പ്രകടനം പുറത്തെടുക്കാതെ കൂടുതല്‍ സമയം പന്ത് കൈവശം വച്ച് കളിക്കുന്ന രീതിയാണ് എവര്‍ട്ടന്‍ കാഴ്ചവച്ചത്. മല്‍സരത്തിന്റെ 51 ശതമാനം സമയത്തും പന്ത് എവര്‍ട്ടന്‍ താരങ്ങളുടെ കാലിനൊപ്പം നിന്നെങ്കിലും ഏഴ് തവണ മാത്രമാണ് ഗോളിനായി ശ്രമിച്ചത്. എന്നാല്‍ എവര്‍ട്ടന്‍ ഗോള്‍മുഖത്തേക്ക് ആക്രമിച്ച് മുന്നേറിയ യുനൈറ്റഡ് നിര 16 തവണയാണ് എവര്‍ട്ടന്‍ ഗോള്‍മുഖം വിറപ്പിച്ചത്.
രണ്ടാം പകുതിയില്‍ എവര്‍ട്ടന്‍ താരങ്ങള്‍ ഫൗളുകളുമായി കളം പിടിച്ചപ്പോള്‍ പലതവണ യുനൈറ്റഡ് താരങ്ങള്‍ മൈതാനത്ത് വീണു. 82ാം മിനിറ്റില്‍ എവര്‍ട്ടന്‍ റൂണിയെ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെതന്നെ യുനൈറ്റഡ് ലീയുര്‍ത്തി. വലത് വിങില്‍ നിന്ന് ലുക്കാക്കു നല്‍കിയ പാസിനെ മാര്‍ക്ക് ചെയ്യാതെ നിന്ന മെഹത്രിയാന്‍ പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു. 89ാം മിനിറ്റില്‍ വീണ്ടും എവര്‍ട്ടന്റെ ഗോള്‍പോസ്റ്റില്‍ പന്ത് കയറി. പെനല്‍റ്റി ബോക്‌സിനുള്ളിലെ കൂട്ടച്ചൊരിച്ചിലില്‍ അപ്രതീക്ഷിതമായി ലഭിച്ച പന്തിനെ ലുക്കാക്കു ലക്ഷ്യം പിഴക്കാതെ വലയിലെത്തിക്കുകയായിരുന്നു. അധിക സമയത്ത് വീണുകിട്ടിയ പെനല്‍റ്റിയെ അന്തോണിയോ മാര്‍ഷ്യല്‍ പോസ്റ്റിലാക്കിയതോടെ 4-0ന്റെ തകര്‍പ്പന്‍ ജയം യുനൈറ്റഡിനൊപ്പം നിന്നു. നിലവില്‍ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു സമനിലയുമായി 13 പോയിന്റുകളോടെ പട്ടികയിലെ രണ്ടാം സ്ഥാനത്താണ് യുനൈറ്റഡുള്ളത്. 13 പോയിന്റുകള്‍ തന്നെയുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാംസ്ഥാനത്ത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss