|    Jun 19 Tue, 2018 10:44 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ജയത്തോടെ തുടങ്ങാന്‍ മുന്‍ ചാംപ്യന്മാര്‍

Published : 12th August 2017 | Posted By: fsq

 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ഏഴ് മല്‍സരങ്ങള്‍ലണ്ടന്‍: പുതിയ സീസണ്‍ ആരംഭം കുറിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ഏഴ് മല്‍സരങ്ങള്‍. നിലവിലെ ചാംപ്യന്മാരായ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളുമടക്കം 14 ക്ലബ്ബുകളാണ് കരുത്തു പരീക്ഷിക്കാന്‍ കളത്തിലിറങ്ങുന്നത്. 2017-18 സീസണിലെ ആദ്യ മല്‍സരം ജയത്തോടെ തുടങ്ങാന്‍ വമ്പന്‍ ക്ലബ്ബുകള്‍ കച്ചകെട്ടുമ്പോള്‍ എതിരാളികളായി എത്തുന്ന കുഞ്ഞന്‍ ക്ലബ്ബുകള്‍ക്ക് ഇത് ഭാഗ്യ പരീക്ഷണമാണ്.
ചെല്‍സി X ബേണ്‍ലി
പ്രീമിയര്‍ ലീഗ് പുത്തന്‍ സീസണില്‍ ഇന്നത്തെ പ്രധാന ആകര്‍ഷണം ചെല്‍സിയുടെ മല്‍സരമാണ്. നിലവിലെ ചാംപ്യന്മാരായ ചെല്‍സി അത്രയൊന്നും കരുത്തില്ലാത്ത ബേണ്‍ലിയുമായാണ് മാറ്റുരയ്ക്കുന്നത്. പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ പുതിയ ക്യാപ്റ്റന്‍ ഗാരി കാഹിലിന് കീഴില്‍ അവസാന മൂന്ന് മല്‍സരങ്ങളിലും പരാജയം നേരിട്ടത് ബ്ലൂസിന്റെ ഫോം ആശങ്കയിലാഴ്ത്തുന്നു. ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പില്‍ ബയേണ്‍ മ്യൂണികിനോടും(3-2) ഇന്റര്‍മിലാനോടും (2-1) എഫ്എ കപ്പ് ഷീല്‍ഡില്‍ ആഴ്‌സനലിനോടും(2-1) ആണ് ചെല്‍സി കീഴടങ്ങിയത്. പരിചയസമ്പന്നരായ ഡിയാഗോ കോസ്റ്റ, നൊമാഞ്ച മാറ്റിച്ച്, ഡൊമിനിക് സോളങ്കെ എന്നിവരുടെ അഭാവം എത്രത്തോളം പ്രകടമാവുമെന്ന് ഇന്നത്തെ മല്‍സരം മുതല്‍ കണ്ടറിയാം. കൂടുതല്‍ വില കൊടുത്ത് സ്വന്തമാക്കിയ അല്‍വാരോ മൊറാറ്റ ചെല്‍സിക്കൊപ്പം ലീഗില്‍ ഹരിശ്രീ കുറിക്കും. മറ്റൊരു പുതിയ താരം ടിയാമോ ബകയാകോ ഇന്ന് മല്‍സരിക്കുന്ന കാര്യം സംശയമാണ്. മുട്ടിന് പരിക്കേറ്റ് ചികില്‍സയിലാണ് ബകയാകോ. സൂപ്പര്‍ താരം ഏദന്‍ ഹസാര്‍ഡും പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായിട്ടില്ല. അവസാന മല്‍സരത്തില്‍ ചുവപ്പു കാര്‍ഡ് കണ്ട വിക്ടര്‍ മോസസിനൊപ്പം ഹസാര്‍ഡും ഇന്ന് പുറത്തിരിക്കും. കഴിഞ്ഞ വര്‍ഷം 16ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബേണ്‍ലി പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ക്ലബ്ബ് സൗഹൃദ മല്‍സരങ്ങളില്‍ അവസാന അഞ്ചെണ്ണത്തില്‍ മൂന്ന് ജയവും രണ്ട് സമനിലയുമായി തിളങ്ങി നില്‍ക്കുകയാണ് ക്ലാരെറ്റ്‌സ്.
ലിവര്‍പൂള്‍ X വാട്‌ഫോര്‍ഡ്
കഴിഞ്ഞ വര്‍ഷത്തെ ഫോം പ്രീ സീസണിലും തുടര്‍ന്ന ലിവര്‍പൂളിന് വാട്‌ഫോര്‍ഡാണ് എതിരാളികള്‍. മുന്‍ സീസണില്‍ 17ാം സ്ഥാനക്കാരായിരുന്ന വാട്‌ഫോര്‍ഡിനെ ഇന്ന് അവരുടെ തട്ടകത്തില്‍ മുട്ടുകുത്തിക്കും എന്ന കാര്യത്തില്‍ ജെര്‍ഗന്‍ ക്ലോപ്പിനും ശിഷ്യര്‍ക്കും സംശയമില്ല. അവസാന മല്‍സരങ്ങളില്‍ തോല്‍വിയറിയാതെയാണ് വാട്‌ഫോര്‍ഡും ജേഴ്‌സി അണിയുന്നത്. മിഡ്ഫീല്‍ഡര്‍ മൗറോ സറാറ്റ ഹോം മല്‍സരത്തില്‍ കളിക്കില്ല. പരിക്കേറ്റിരിക്കുന്ന താരത്തിനൊപ്പം ട്രോയ് ഡീനെയ്, ക്രിസ്റ്റിയന്‍ കബസെലെ എന്നിവരും കളിക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം, ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ അദം ലല്ലനയെ ലിവര്‍പൂളിന് പുറത്തിരുത്തേണ്ടിവരും.  ഫിലിപ്പ്് കൊട്ടീഞ്ഞോ ഇന്ന് കളിക്കുന്നില്ല. നദാനിയേല്‍ ക്ലെയ്‌നും ഇന്ന് കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.
മാഞ്ചസ്റ്റര്‍ സിറ്റി X ബ്രൈറ്റണ്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതുതായി ഇടം കണ്ടെത്തിയ ബ്രൈറ്റണ്‍ ഇന്ന് ഭാഗ്യം പരീക്ഷിക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേയാണ്. കഴിഞ്ഞ വര്‍ഷത്തെ മൂന്നാംസ്ഥാനക്കാരായ സിറ്റി, കിരീടം ലക്ഷ്യമിട്ട് സുസജ്ജരായി കളത്തിലെത്തുമ്പോള്‍ ആദ്യ മല്‍സരത്തില്‍ തോല്‍വി നിര്‍ബന്ധമാണ്. ബ്രൈറ്റണ്‍ തട്ടകത്തില്‍ പന്തുതട്ടാന്‍ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ഈകായ് ഗുണ്ടോഗന്‍ കളിക്കുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. ബെഞ്ചമിന്‍ മെന്‍ഡി, സമിര്‍ നസ്രി എന്നിവരുടെ കാര്യവും സംശയത്തിലാണ്. ഇവകൂടാതെ ക്രിസ്റ്റല്‍ പാലസ്- ഹഡ്ഡേഴ്‌സ്ഫീല്‍ഡ്, എവര്‍ട്ടന്‍- സ്റ്റോക് സിറ്റി, സതാംപ്ടണ്‍- സ്വാന്‍സിയ, വെസ്റ്റ്‌ബ്രോം- ബേണ്‍മൗത്ത് എന്നിവയാണ് ഇന്നത്തെ മല്‍സരങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss