|    Jun 18 Mon, 2018 4:31 pm
FLASH NEWS
Home   >  Sports  >  Football  >  

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചാംപ്യനായി ചെല്‍സി

Published : 22nd May 2017 | Posted By: ev sports


സിറ്റി മൂന്നാമത്; ലിവര്‍പൂള്‍ നാലാംസ്ഥാനത്ത്

– ചെല്‍സിക്ക് പിന്നില്‍ ടോട്ടനം
– ഒരു പോയിന്റ് വ്യത്യാസത്തില്‍ ആഴ്‌സനല്‍ അഞ്ചാമത്
– ഗോള്‍ഡന്‍ ബൂട്ട് ഹാരി കെയ്ന്‍ (29 ഗോളുകള്‍)

ലണ്ടന്‍: അങ്ങനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാനിച്ചു. 38 മല്‍സരങ്ങള്‍ പൂര്‍ത്തിയായ 2016-17 സീസണില്‍ ചെല്‍സി എഫ്‌സി കിരീടം ചൂടിയപ്പോള്‍ ടോട്ടനവും മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ആദ്യ നാലില്‍ നിന്ന് പുറത്തായില്ല. മൂന്ന് മല്‍സരങ്ങള്‍ അവശേഷിക്കെ കൂടുതല്‍ പോയിന്റ് നേടി ചാംപ്യന്മാരായ ചെല്‍സി, ശേഷിച്ച മൂന്ന് മല്‍സരങ്ങളിലും വീരോചിത ജയം തന്നെ സ്വന്തമാക്കി. സീസണ്‍ അവസാനിച്ചപ്പോള്‍ ആകെ അഞ്ച് മല്‍സരങ്ങളില്‍ മാത്രം തോറ്റ ചെല്‍സിയുടെ പോക്കറ്റില്‍ 93 പോയിന്റുണ്ട്. അത്രയും ദൂരം താണ്ടാന്‍ സാധിക്കാതിരുന്ന ടോട്ടനം ഹോസ്പര്‍സ്, 86 പോയിന്റുമായി രണ്ടാംസ്ഥാനം സ്വന്തമാക്കി. അവസാന മല്‍സരം നിര്‍ണായകമായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ജയത്തോടെ മൂന്ന്, നാല് സ്ഥാനം ഉറപ്പിക്കുകയായിരുന്നു. അവസാന മല്‍സരത്തില്‍ ട്രിപ്പിള്‍ ഗോള്‍ നേടിയ ഹാരി കെയ്ന്‍ തന്നെ ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹത നേടി. 29 ഗോളുകളുമായാണ് ഹാരി കെയ്ന്‍ ഈ സീസണിന്റെ ഗോള്‍ വേട്ടക്കാരനായത്.

കൂറ്റന്‍ ജയത്തില്‍ ചെല്‍സിയും ടോട്ടനവും
അവസാന മല്‍സരം അത്യഗ്രമാക്കി ചെല്‍സിയും ടോട്ടനവും. സണ്ടര്‍ലാന്റിനെതിരേ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ ചെല്‍സി നേടിയപ്പോള്‍ ഹള്‍സിറ്റിയുടെ ഒന്നിനെതിരേ ഏഴ് ഗോളുകള്‍ ടോട്ടനവും പായിച്ചു. ചെല്‍സിക്ക് വേണ്ടി വില്യനും ഹസാര്‍ഡും പെഡ്രോയും ഗോള്‍ നേടിയപ്പോള്‍ ബാറ്റഷ്വായ് അവസാന മിനിറ്റുകളില്‍ ഇരട്ടഗോള്‍ സ്വന്തമാക്കി. മന്‍ക്വില്ലോയാണ് സണ്ടര്‍ലാന്റിന്റെ ഏക ഗോള്‍ നേടിയത്. ഹാരി കെയ്ന്‍ മൂന്ന് ഗോള്‍ പായിച്ചപ്പോള്‍, ഡെലി അലി, വന്യാമ, ഡേവിസ്, അല്‍ഡെര്‍വെര്‍ഡ് എന്നിവര്‍ ഓരോ ഗോളും നേടി ടോട്ടനത്തിന്റെ അവസാന മല്‍സരം അവിസ്മരണീയമാക്കി. ക്ലുകാസ് ആണ് ഹള്‍സിറ്റിയുടെ ഏകഗോള്‍ തിരിച്ചടിച്ചത്.

ചാംപ്യന്‍സ് ലീഗിലേക്ക് സിറ്റിയും ലിവര്‍പൂളും
ഒന്ന് രണ്ട് പോയിന്റ് വ്യത്യാസത്തില്‍ മൂന്ന്, നാല് സ്ഥാനം അലങ്കരിച്ചിരുന്ന സിറ്റിക്കും ലിവര്‍പൂളിനും അവസാന മല്‍സരം നിര്‍ണായകമായിരുന്നു. വാട്ട്‌ഫോര്‍ഡിനെതിരേ ഏകപക്ഷീയമായി അഞ്ച് ഗോളുകള്‍ വര്‍ഷിച്ച സിറ്റി മൂന്നാംസ്ഥാനം ആര്‍ക്കും വിട്ടുകൊടുത്തില്ല. ഏകപക്ഷീയമായിരുന്നു ലിവര്‍പൂളിന്റെയും ജയം. മൂന്ന് ഗോളിലാണ് ചെമ്പട മിഡില്‍സ്‌ബ്രോയെ അടിച്ചൊതുക്കിയത്. സിറ്റിക്ക് വേണ്ടി സെര്‍ജിയോ അഗ്യൂറോ(23, 36) ഇരട്ടഗോള്‍ പായിച്ചു. അഞ്ചാം മിനിറ്റില്‍ തന്നെ ഗോള്‍ വേട്ട തുടങ്ങിയ കോംപനിക്കൊപ്പം ഫെര്‍ണാണ്ടിനോയും (41) ഗബ്രിയേല്‍ ജീസസും(58) കൂടി പങ്കുചേര്‍ന്നതോടെ അതിഗംഭീര ജയവുമായി പെപ് ഗാര്‍ഡിയോളയുടെ സിറ്റി അടുത്ത ചാംപ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കി.
ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ വൈല്‍നാല്‍ഡമാണ് ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ നേടിയത്. 51, 56 മിനിറ്റുകളിലായി കുട്ടീഞ്ഞോയും ലല്ലനയും വല കുലുക്കിയതോടെ മിഡില്‍സ്‌ബ്രോയ്‌ക്കെതിരേ കരുത്തുറ്റ ജയം തന്നെ ചെമ്പട നേടി.

ജയിച്ചിട്ടും ആഴ്‌സനലിന് നിരാശ
അടുത്ത ചാംപ്യന്‍സ് ലീഗാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ആഴ്‌സന്‍ വെങ്ങറും പീരങ്കിപ്പടയും ജയം നേടിയെങ്കിലും മടങ്ങുന്നത് നിരാശയോടെ. എവര്‍ട്ടനെതിരേ 1-3ന് ജയിച്ചിട്ടും ഒറ്റപോയിന്റ് വ്യത്യാസത്തിലാണ് ആഴ്‌സനലിന് ചാംപ്യന്‍സ് ലീഗ് സാധ്യത നഷ്ടമായത്. ലിവര്‍പൂളിന്റെ പിന്നില്‍ 75 പോയിന്റോടെയാണ് ആഴ്‌സനല്‍ സീസണ്‍ പൂര്‍ത്തിയാക്കിയത്. 8ാം മിനിറ്റില്‍ ബെല്ലെറിന്‍ ഗോള്‍ അക്കൗണ്ട് തുറന്നപ്പോള്‍ 14ാം മിനിറ്റില്‍ ആഴ്‌സനല്‍ പത്ത് പേരായി ചുരുങ്ങി. കോസെയ്ല്‍നി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോയെങ്കിലും 27ാം മിനിറ്റില്‍ സാഞ്ചസിന് വല ചലിപ്പിക്കാന്‍ അതൊന്നും തടസ്സമായില്ല. 58ാം മിനിറ്റില്‍ എവര്‍ട്ടന്‍ ഗോള്‍വേട്ടക്കാരന്‍ ലുക്കാകുവിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ ഇഞ്ച്വറി ടൈമില്‍ റംസീയുടെ ഗോള്‍ കൂടിയായതോടെ മൂന്ന് ഗോള്‍ നേടി കരുത്തുറ്റ ജയം തന്നെ ആഴ്‌സനല്‍ നേടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss