|    Oct 16 Tue, 2018 3:23 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ഇത് കോന്റെയുടെ വിജയം, ഒപ്പം ഒത്തൊരുമയുടെയും…

Published : 14th May 2017 | Posted By: fsq

 

2016ലാണ് അന്റോണിയോ കോന്റെ ബ്ലൂസിന്റെ പരിശീലക വേഷം ഏറ്റെടുക്കുന്നത്. 2014-15 സീസണില്‍ നേടിയ കിരീടം തൊട്ടടുത്ത സീസണില്‍ നഷ്ടപ്പെടുത്തിയ ചെല്‍സി അന്ന് ആകെ തകര്‍ന്നിരിക്കുകയായിരുന്നു. കളിക്കാര്‍ക്കിടയിലെ അഹന്തയും ഒത്തൊരുമയില്ലായ്മയും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ജോസ് മൊറീഞ്ഞോയെ പറഞ്ഞയച്ച ഒഴിവിലേക്കാണ് അന്റോണിയോ കോന്റെ എന്ന ഇറ്റാലിയന്‍ പരിശീലകനെ ചെല്‍സി മാനേജ്‌മെന്റ് നിയോഗിച്ചത്. തന്റെ ചുമലില്‍ വഹിച്ച് നീലപ്പടയെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നു കോന്റെ. അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ, പരിശ്രമത്തിന്റെ, തന്ത്രങ്ങളുടെ ഫലമാണ് ഇന്ന് കാണുന്ന ചെല്‍സി. അഥവാ, ഇന്ന് കാണുന്ന ചാംപ്യന്‍മാരുടെ നീലപ്പട. വെറും 10 മാസം കൊണ്ടാണ് കോന്റെ ചെല്‍സിയുടെ കരുത്ത് വീണ്ടെടുത്ത് ഇംഗ്ലണ്ടിലെ രാജാക്കന്മാരാക്കിയത്. അവിസ്മരണീയ ഗാഥയായിരുന്നു ഈ 10 മാസം. പ്രീമിയര്‍ ലീഗ് സീസണ്‍ തുടക്കത്തില്‍ പിന്നിലായെങ്കിലും പിന്നീട് വ്യക്തമായ ആധിപത്യത്തോടെ ഒന്നാംസ്ഥാനം നിലനിര്‍ത്തിയ ചെല്‍സി മറ്റാരെയും അവിടേക്ക് അടുപ്പിച്ചില്ല. 36 മല്‍സരങ്ങള്‍ പിന്നിട്ട ഇക്കാലയളവില്‍ ആകെ അഞ്ചു തവണ മാത്രമാണ് കോന്റെയും ശിഷ്യരും തലകുനിച്ച് മടങ്ങിയത്. ഐക്യം വീണ്ടെടുത്ത ടീം അര്‍ഹിക്കുന്ന ജയം എന്നാണ് കോന്റെ നേട്ടത്തെ വിശേഷിപ്പിച്ചത്. ‘സ്റ്റാംഫോര്‍ഡിലെത്തുമ്പോള്‍ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. വ്യത്യസ്ത സ്വഭാവക്കാരായ, വ്യത്യസ്ത ഭാഷക്കാരായ, അനുഭവ സമ്പത്തുള്ള ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുക എന്നത് ഭാരിച്ച ഉത്തരവാദിത്വമായിരുന്നു. പക്ഷേ, നീല ജേഴ്‌സി അണിഞ്ഞ ടീം, അവര്‍ അത് നേടിയെടുത്തു. ഈ ചുണക്കുട്ടന്‍മാരോടാണ് എനിക്ക് അതിന്റെ കടപ്പാട് അറിയിക്കാനുള്ളത്. അവര്‍ കരുത്ത് വീണ്ടെടുത്തു, ഈ സീസണില്‍ വന്‍ നേട്ടം തന്നെയായിരിക്കുമെന്ന് അവര്‍ എന്നെ ബോധ്യപ്പെടുത്തി. മൂന്ന് പേരെ പ്രതിരോധത്തിന്റെ കരുത്താക്കി നിലനിര്‍ത്തിയ ‘മിഡാസ് ടച്ച്’ തന്ത്രത്തിന്റെ വിജയമായിരുന്നു ഇത്തവണത്തെ സീസണ്‍. ആ തീരുമാനം ഞങ്ങളുടെ സീസണ്‍ തന്നെ മാറ്റിമറിച്ചു. പുതിയ തന്ത്രം ആവിഷ്‌കരിക്കേണ്ട സന്ദര്‍ഭത്തില്‍ 3-4-3 എന്ന ഫോര്‍മേഷനാണ് എന്റെ മനസ്സില്‍ ഓടിയെത്തിയത്. ആ തന്ത്രത്തിന്റെ വിജയമായിരുന്നു കഴിഞ്ഞ സപ്തംബര്‍ മുതല്‍.കളിക്കാര്‍ക്കൊപ്പം മൈതാനത്ത് പന്ത് തട്ടുന്ന അതേ മനോഭാവമായിരുന്നു എനിക്ക് ഓരോ മല്‍സരത്തിലും. ഞാന്‍ എന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ചു. കളിയുടെ ഓരോ നിമിഷത്തിലും, പരാജയത്തിലായാലും വിജയത്തിലായാലും, എന്റെ കളിക്കാര്‍ക്കൊപ്പം തന്നെ നില്‍ക്കാന്‍ എനിക്ക് സാധിച്ചു. അങ്ങനെ, ഞങ്ങള്‍ ഒത്തൊരുമിച്ച് ഈ സീസണ്‍ സ്വന്തമാക്കി. ഇത് ഭാഗ്യം നല്‍കിയതല്ല, അധ്വാനിച്ച് നേടിയതാണ്. ഇപ്പോള്‍ വിശ്രമം അനിവാര്യമാണ്. എന്നാല്‍, ഈ വലിയ സീസണില്‍ തന്നെ എഫ്എ കപ്പും നേടേണ്ടത് ഞങ്ങള്‍ക്ക് അത്യാവശ്യമാണ്’- കോന്റെ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss