|    Jan 19 Thu, 2017 1:52 am
FLASH NEWS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: നാട്ടങ്കത്തില്‍ സിറ്റി സൂപ്പര്‍

Published : 11th September 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മാഞ്ചസ്റ്റര്‍ ടീമുകളുടെ നാട്ടങ്കത്തില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ആവേശകരമായ ക്ലാസിക്കില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി മറികടന്നത്. സൂപ്പര്‍ പരിശീലകന്‍മാരായ പെപ് ഗ്വാര്‍ഡിയോളയും ജോസ് മൊറീഞ്ഞോയും പ്രീമിയര്‍ ലീഗില്‍ ആദ്യമായി നേര്‍ക്കുനേര്‍വന്ന മല്‍സരം കൂടിയായിരുന്നു ഇത്.
എന്നാല്‍, സ്വന്തം കാണികള്‍ക്കു മുന്നില്‍ മൊറീഞ്ഞോ തന്ത്രങ്ങളോതുന്ന മാഞ്ചസ്റ്ററിനെ ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റി വീഴ്ത്തുകയായിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇരുവരും മുഖാമുഖം കളിക്കളത്തില്‍ കൊമ്പുകോര്‍ക്കുന്നത്.
കളിയില്‍ ആധിപത്യം നേടിയ സിറ്റി അര്‍ഹിച്ച ജയമാണ് നേടിയത്. മല്‍സരത്തിലെ മൂന്ന് ഗോളും ഒന്നാംപകുതിയിലായിരുന്നു. കെവിന്‍ ഡിബ്രുയന്റെയും (15ാം മിനിറ്റ്) കെലച്ചി ഇഹിനാചോയുടെയും (36) ഗോളുകളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്. മാഞ്ചസ്റ്ററിന്റെ ആശ്വാസ ഗോള്‍ 42ാം മിനിറ്റില്‍ സൂപ്പര്‍താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ വകയായിരുന്നു.
നാട്ടങ്കത്തില്‍ സിറ്റിയുടെ 50ാം ജയം കൂടിയാണ് ഇന്നലത്തേത്. ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ സീസണില്‍ സിറ്റി ഉജ്ജ്വല കുതിപ്പാണ് നടത്തുന്നത്. പ്രീമിയര്‍ ലീഗില്‍ ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ കളിച്ച നാല് മല്‍സരങ്ങളിലും സിറ്റിക്ക് വിജയിക്കാനായിരുന്നു. മാഞ്ചസ്റ്ററിനെതിരായ ജയത്തോടെ സിറ്റി ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കയറി. എന്നാല്‍, മൊറീഞ്ഞോയ്ക്കു കീഴില്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന്റെ ആദ്യ തോല്‍വിയാണിത്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍.
മറ്റു മല്‍സരങ്ങളില്‍ മുന്‍ ജേതാക്കളായ ആഴ്‌സനല്‍ 2-1ന് സതാംപ്റ്റനെയും ബേണ്‍മൗത്ത് 1-0ന് വെസ്റ്റ്‌ബ്രോമിനെയും ടോട്ടനം ഹോട്‌സ്പര്‍ 4-0ന് സ്റ്റോക്ക് സിറ്റിയെയും വാട്‌ഫോര്‍ഡ് 4-2ന് വെസ്റ്റ്ഹാമിനെയും ക്രിസ്റ്റല്‍ പാലസ് 2-1ന് മിഡില്‍സ്ബര്‍ഗിനെയും തോല്‍പ്പിച്ചു. ഹള്‍സിറ്റി-ബേണ്‍ലി മല്‍സരം 1-1ന് അവസാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക