|    Jan 21 Sat, 2017 11:18 pm
FLASH NEWS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മൂന്നടിച്ച് സിറ്റി മുന്നോട്ട്

Published : 30th August 2016 | Posted By: SMR

ലണ്ടന്‍: പുതിയ കോച്ച് പെപ് ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്വപ്‌നതുല്യമായ വിജയക്കുതിപ്പ് തുടരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ സിറ്റി ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു വെസ്റ്റ്ഹാമിനെ കെട്ടുകെട്ടിച്ചു. ലീഗില്‍ സിറ്റിയുടെ തുടര്‍ച്ചയായ മൂ ന്നാം വിജയമാണിത്. ഈ ജയത്തോടെ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു തിരിച്ചെത്തുകയും ചെയ്തു.
ഇംഗ്ലീഷ് വിങര്‍ റഹീം സ്റ്റര്‍ലിങിന്റെ ഇരട്ടഗോളാണ് വെസ്റ്റ്ഹാമിനെതിരേ സിറ്റിക്ക് അനായാസവിജയം സമ്മാനിച്ചത്. ഏഴ്, 90 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ഫെര്‍ണാണ്ടീഞ്ഞോയാണ് മറ്റൊരു സ്‌കോറ ര്‍. വെസ്റ്റ്ഹാമിന്റെ ആശ്വാസഗോള്‍ 51ാം മിനിറ്റില്‍ മൈക്കല്‍ അന്റോണിയോയുടെ വകയായിരുന്നു.
ബയേണ്‍ മ്യൂണിക്ക് വിട്ട് ഗ്വാര്‍ഡിയോള ഈ സീസണി ല്‍ കോച്ചായ ശേഷം ഉജ്ജ്വല പ്രകടനമാണ് സിറ്റി കാഴ്ചവയ്ക്കുന്നത്. നേരത്തേ വമ്പന്‍ ജയത്തോടെ യുവേഫ  ചാംപ്യന്‍സ് ലീഗിനു ടിക്കറ്റെടുക്കാനും സിറ്റിക്കു കഴിഞ്ഞിരു ന്നു. അടുത്തയാഴ്ച നഗരവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേയുള്ള ഗ്ലാമര്‍ പോരാട്ടത്തിന് തങ്ങള്‍ തയ്യാറാണെന്നു തെളിയിക്കുന്നതായിരുന്നു സിറ്റിയുടെ പ്രകടനം.
സിറ്റി, ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവരാണ് പോയിന്റ് പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്. മൂന്നു ടീമുകള്‍ക്കും ഒമ്പത് പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച ഗോള്‍ശരാശരി സിറ്റിയെ തലപ്പത്തെത്തിച്ചു.
സീസണില്‍ സിറ്റിയുടെ പ്രകടനം താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതാണെന്ന് ഗ്വാര്‍ഡിയോള മല്‍സരശേഷം പ്രതികരിച്ചു. ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ തുടര്‍ച്ചയായി അഞ്ചു കളികളില്‍ സിറ്റി ജയം കൊയ്തിരുന്നു.
”പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് വെസ്റ്റ്ഹാമിനെതിരേ സിറ്റി കാഴ്ചവച്ചത്. നിരവധി നല്ല കാര്യങ്ങള്‍ കളിക്കാരില്‍ എനിക്കു കാണാന്‍ സാധിക്കുന്നുണ്ട്. ഇത്ര കുറഞ്ഞ സമയത്തിനുള്ള അവര്‍ ഇത്ര മികവുള്ളവരാണെന്ന് അറിയാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എത്ര കഴിവുള്ളവരാണ് ടീമിലുള്ളത് എന്നതിന്റെ തെളിവാണിത്”- കോച്ച് വിശദമാക്കി.
”സിറ്റിയിലെ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. തങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാനാവുമെന്ന് താരങ്ങള്‍ക്കുള്ള ആത്മവിശ്വാസമാണ് ടീമിന്റെ വിജയക്കുതിപ്പിന് പിന്നില്‍. എന്നാല്‍ മികച്ച പ്രകടനം നടത്തിയിട്ടും നല്ല റിസല്‍റ്റുണ്ടാക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ ഇത്ര ആഹ്ലാദമുണ്ടാവുമായിരുന്നില്ല”- കോച്ച് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സീസണില്‍ വന്‍ തുകയ്ക്ക് ലിവര്‍പൂളില്‍ നിന്നെത്തിയ സ്റ്റര്‍ലിങ് ഈ സീസണിലാണ് തന്റെ മൂല്യത്തിനൊത്ത പ്രകടനം കാഴ്ചവയ്ക്കുന്നത്. കോച്ച് ഗ്വാര്‍ഡിയോളയോടെയാണ് ഈ ഫോമിന് താ ന്‍ കടപ്പെട്ടിരിക്കുന്നതെന്ന് സ്റ്റര്‍ലിങ് പറഞ്ഞു.
അതേസമയം, ലീഗിലെ മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്‌ബ്രോമും മിഡില്‍സ്‌ബ്രോയും ഗോള്‍രഹിത സമനിലയില്‍ പിരി ഞ്ഞു.
ഈ സീസണില്‍ ലീഗില്‍ അരങ്ങേറിയ മിഡില്‍സ്‌ബ്രോ പോയിന്റ് പട്ടികയില്‍ ആറാമതുണ്ട്.
ഒരു ജയവും രണ്ടു സമനിലയുമടക്കം അഞ്ചു പോയിന്റാണ് അവരുടെ സമ്പാദ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക