|    Apr 25 Wed, 2018 10:48 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലെസ്റ്റര്‍ അഞ്ചടി മുന്നില്‍; ലിവര്‍പൂളിന് ജയം

Published : 7th March 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ കറുത്ത കുതിരകളായ ലെസ്റ്റര്‍ സിറ്റി കുതിപ്പ് തുടരുന്നു. 29ാം റൗണ്ട് മല്‍സരത്തില്‍ ലെസ്റ്റര്‍ 1-0ന് വാട്‌ഫോര്‍ഡിനെയാണ് തോല്‍പ്പിച്ചത്. ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം തല്‍ക്കാലത്തേക്ക് ഭദ്രമാക്കാനും ലെസ്റ്ററിന് സാധിച്ചു. ഇന്നലെ നടന്ന മല്‍സരത്തില്‍ ലിവര്‍പൂള്‍ 2-1ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു.
ഇഞ്ചുറിടൈമില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ക്രിസ്റ്റ്യന്‍ ബെന്റേക്ക് ലക്ഷ്യത്തിലെത്തിച്ചതാണ് ലിവര്‍പൂളിന് നാടകീയ ജയമൊരുക്കി കൊടുത്തത്. 62ാം മിനിറ്റില്‍ ജെയിംസ് മില്‍നര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ലിവര്‍പൂള്‍ മല്‍സരം പൂര്‍ത്തിയാക്കിയത്. റോബര്‍ട്ടോ ഫിര്‍മിനോയാണ് (72ാം മിനിറ്റ്) റെഡ്‌സിന്റെ മറ്റൊരു സ്‌കോറര്‍. 48ാം മിനിറ്റില്‍ ജോ ലെഡ്‌ലിയാണ് സ്വന്തം തട്ടകത്തില്‍ പാലസിനു വേണ്ടി ഏക ഗോള്‍ സ്‌കോര്‍ ചെയ്തത്.
എന്നാല്‍, നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയെ 1-1ന് സ്റ്റോക്ക് സിറ്റി സമനിലയില്‍ പിടിച്ചുകെട്ടി. മറ്റൊരു കളിയില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ആസ്റ്റന്‍വില്ലയെ തകര്‍ത്തു.
എവേ മല്‍സരത്തില്‍ 56ാം മിനിറ്റില്‍ റിയാദ് മഹ്‌റേഷ് നേടിയ ഗോളാണ് വാട്‌ഫോര്‍ഡിനെതിരേ ലെസ്റ്ററിന് വിലപ്പെട്ട ജയം സമ്മാനിച്ചത്. സീസണില്‍ താരത്തിന്റെ 15ാം പ്രീമിയര്‍ ലീഗ് ഗോള്‍ നേട്ടം കൂടിയാണിത്.
ഹോംഗ്രൗണ്ടില്‍ 39ാം മിനിറ്റില്‍ ബെര്‍ട്രാന്‍ഡ് ട്രഹോര്‍സിലൂടെയാണ് ചെല്‍സിയാണ് മല്‍സരത്തിലെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍, 85ാം മിനിറ്റില്‍ സ്‌റ്റോക്ക് താരം ബിറാം ദിയൂഫ് നേടിയ ഗോള്‍ മല്‍സരത്തില്‍ ബ്ലൂസിന് വിജയം നിഷേധിക്കുകയായിരുന്നു. ലീഗില്‍ ഗസ് ഹിഡിങ്കിന് കീഴില്‍ തുടര്‍ച്ചയായ 12 മല്‍സരങ്ങളില്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കാനും ചെല്‍സിക്ക് സാധിച്ചു.
ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരായ വില്ലയ്‌ക്കെതിരേ മികച്ച കളിയാണ് സിറ്റി കെട്ടഴിച്ചുവിട്ടത്. ഇരട്ട ഗോള്‍ നേടിയ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോയാണ് മല്‍സരത്തില്‍ സിറ്റിയുടെ ഹീറോ. 50, 60 മിനിറ്റുകളിലാണ് അഗ്വേറോ സിറ്റിക്കു വേണ്ടി നിറയൊഴിച്ചത്. മല്‍സരത്തില്‍ ഹാട്രിക്ക് നേടാന്‍ പെനാല്‍റ്റിയിലൂടെ സുവര്‍ണാവസരം ലഭിച്ചിരുന്നെങ്കിലും അഗ്വേറോ പാഴാക്കുകയായിരുന്നു. അഗ്വേറോയ്ക്കു പുറമേ യായ ടുറേ (48ാം മിനിറ്റ്), റഹീം സ്റ്റെര്‍ലിങ് (66) എന്നിവരും സിറ്റിക്കു വേണ്ടി ലക്ഷ്യംകണ്ടു.
ജയത്തോടെ കിരീട പ്രതീക്ഷ നിലനിര്‍ത്താനും സിറ്റിക്കായി. 28 മല്‍സരങ്ങളില്‍ നിന്ന് 50 പോയിന്റോടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് സിറ്റി. 29 മല്‍സരങ്ങളില്‍ നിന്ന് 60 പോയിന്റോടെ ലെസ്റ്ററാണ് ലീഗില്‍ തലപ്പത്ത്. അഞ്ച് പോയിന്റ് പിറകിലായി ടോട്ടനം ഹോട്‌സ്പര്‍ രണ്ടാമതും 52 പോയിന്റോടെ ആഴ്‌സനല്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ വെസ്റ്റ്ഹാം 3-2ന് എവര്‍ട്ടനെയും ബേണ്‍മൗത്ത് 3-1ന് ന്യൂകാസിലിനെയും സ്വാന്‍സി 1-0ന് നോര്‍വിച്ചിനെയും പരാജയപ്പെടുത്തിയപ്പോള്‍ സതാംപ്റ്റന്‍-സണ്ടര്‍ലാന്റ് പോരാട്ടം 1-1ന് പിരിഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss