|    May 21 Mon, 2018 10:54 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇംഗ്ലണ്ടിന് മുകളില്‍ കിവി പക്ഷി പറന്നില്ല; ആതിഥേയര്‍ സെമി ഫൈനലില്‍

Published : 6th June 2017 | Posted By: ev sports

ഇംഗ്ലണ്ടിന്റെ ജയം 87 റണ്‍സിന്
കാര്‍ഡിഫ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരേ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. 87 റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ട് വിജയം കൈപ്പിടിയിലൊതുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.3 ഓവറില്‍ 310 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിങിലെ കിവീസിന്റെ പോരാട്ടം 44.3 ഓവറില്‍ 223 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലക്കറ്റും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ആദില്‍ റഷീദും ജേക്ക് ബെല്ലുമാണ് കിവീസിന്റെ ചിരകരിഞ്ഞത്. നേരത്തെ ജോയ് റൂട്ട്(64), അലെക്‌സ് ഹെയ്ല്‍സ്(56) ജോസ് ബട്‌ലര്‍(61*) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കുന്ന ജേസണ്‍ റോയിയും(13) ആലെക്‌സ് ഹെയ്ല്‍സും ഭേദപ്പെട്ട തുടക്കം തന്നെ ടീമിന് സമ്മാനിച്ചു. 23 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 13 റണ്‍സെടുത്ത റോയിയെ ആദം മില്‍നി ക്ലീന്‍ ബൗള്‍ഡ് ചെയ്തപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് എട്ട് ഓവറില്‍ ഒരു വിക്കറ്റിന് 37 റണ്‍സെന്ന നിലയിലായിരുന്നു. രണ്ടാമനായി ക്രീസിലെത്തിയ ജോയ് റൂട്ടും ബാറ്റിങില്‍ താളം കണ്ടെത്തിയതോടെ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് കുതിച്ചു. മോശം പന്തുകളെ തിരഞ്ഞാക്രമിച്ച് മുന്നേറിയ റൂട്ട് ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിന് വേഗം കൂട്ടി. അര്‍ധ സെഞ്ച്വറി നേടിയതോടെ ബാറ്റിങ് ടോപ് ഗിയറിലേക്ക് മാറ്റിയ ഹെയ്ല്‍സ് മില്‍നിയെ സിക്‌സര്‍ പറത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ മില്‍നി വിക്കറ്റ് പിഴുതു. 62 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും പറത്തിയാണ് ഹെയ്്ല്‍സ് 56 റണ്‍സ് അടിച്ചെടുത്തത്. ഹെയ്ല്‍സ് മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് 21 ഓവറില്‍ രണ്ട് വിക്കറ്റിന് 118 എന്ന മികച്ച നിലയിലായിരുന്നു.
ട്രന്റ്് ബോള്‍ട്ടിനെ ബൗണ്ടറി കടത്തി അക്കൗണ്ട് തുറന്ന ഓയിന്‍ മോര്‍ഗന്‍ (13) ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും കോറി ആന്‍ഡേഴ്‌സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലൂക്ക് റോഞ്ചിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. നാലാം വിക്കറ്റിലൊത്തുചേര്‍ന്ന ബെന്‍ സ്‌റ്റോക്‌സും(48) റൂട്ടും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങവേ റൂട്ടിനെ മടക്കി കോറി ആന്‍ഡേഴ്‌സണ്‍ കരുത്തുകാട്ടി. 65 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും സഹിതം 64 റണ്‍സെടുത്ത റൂട്ട് ആന്‍ഡേഴ്‌സണ്് മുന്നില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ മധ്യനിരയില്‍ ആളിക്കത്തിയതാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 48 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറുകളും സഹിതം 61 റണ്‍സുമായി ബട്‌ലര്‍ പുറത്താവാതെ നിന്നു. എന്നാല്‍ മധ്യനിരയില്‍ മോയിന്‍ അലിക്ക്(12) തിളങ്ങാനാവാതെ പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. 11 പന്തില്‍ 12 റണ്‍സെടുത്ത മോയിന്‍ അലിയെ ആന്‍ഡേഴ്‌സണ്‍ ബോള്‍ട്ടിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ആദില്‍ റഷീദ് (12), ലിയാം പ്ലക്കറ്റ്(15), മാര്‍ക്ക് വുഡ്(0), ജേക്ക് ബെല്‍(0) എന്നിവരും കാര്യമായ സംഭാവന ചെയ്യാതെ മടങ്ങിയതോടെ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് മൂന്ന് പന്തുകള്‍ ബാക്കി നിര്‍ത്തി 310 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു.
ന്യൂസിലന്‍ഡിന് വേണ്ടി ആദം മില്‍നി 10 ഓവറില്‍ 79 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കോറി ആന്‍ഡേഴ്‌സണ്‍ ഒമ്പത് ഓവറില്‍ 55 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റും സ്വന്തമാക്കി. ടിം സൗത്തി രണ്ടും ട്രന്റ് ബോള്‍ട്ട്, മിച്ചല്‍ സാന്റെര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
കിവീസ് നിരയില്‍ കെയ്ന്‍ വില്യംസണ്‍(87) അര്‍ധ സെഞ്ച്വറി നേടി പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. റോസ് ടെയ്‌ലര്‍(39), മാര്‍ട്ടിന്‍ ഗുപ്റ്റില്‍(27) എന്നിവരാണ് കിവീസ് നിരയിലെ മറ്റ് സ്‌കോറര്‍മാര്‍. ബെന്‍ സ്‌റ്റോക്‌സ് മാര്‍ക്ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി. തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ നേടിയ ഇംഗ്ലണ്ട് ചാംപ്യന്‍സ് ട്രോഫിയുടെ സെമി ഫൈനലില്‍ കടന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss