|    Jun 19 Tue, 2018 11:58 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ആ 512ല്‍ ബാക്കിയാരൊക്കെ?

Published : 13th July 2017 | Posted By: fsq

കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്ന വിഷ്വലായിരുന്നു അത്. ഒരു പാവം പോലിസ് കോണ്‍സ്റ്റബിളിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് മാറില്‍ നിന്ന് നെയിം ബോര്‍ഡ് പറിച്ചെറിഞ്ഞ് തൊപ്പിയെടുത്തു വലിച്ചെറിഞ്ഞ് ആക്രോശിക്കുന്നു:

‘അടിക്കരുതെന്നു ഞാന്‍ പറഞ്ഞിട്ട് നീ കേട്ടില്ലെടാ?’ തിരുവനന്തപുരം എംജി കോളജില്‍ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആര്‍എസ്എസുകാരെ ലാത്തിവീശിയത് ഏമാന് സുഖിച്ചില്ല: ‘യൂ ആര്‍ അണ്ടര്‍ സസ്‌പെന്‍ഷന്‍.’

പരസ്യമായി, ആളുകള്‍ മുഴുവന്‍ നോക്കിനില്‍ക്കേ അക്രമികളായ ആര്‍എസ്എസുകാര്‍ക്ക് കൂട്ടുനിന്ന് ടി പി സെന്‍കുമാര്‍ നടത്തിയ താന്തോന്നിത്തം അന്നാരും മുഖവിലയ്‌ക്കെടുത്തില്ല. ഇത്തരം നടപടികള്‍ പോലിസിന്റെ മനോവീര്യം കെടുത്തുമെന്ന് ഒരു വായ്ത്താരിയുമുണ്ടായിട്ടില്ല. ആര്‍എസ്എസ് ശാഖയില്‍ നിന്ന് കേട്ടു പഠിച്ച വിഡ്ഢിത്തങ്ങളും നുണക്കഥകളും വച്ച് ഇന്റലിജന്‍സ് മേധാവിയായും ഡിജിപിയായും വര്‍ത്തിച്ച ഒരു മഹാമാന്യന്‍ താനാണ് രാജ്യം എന്നു കരുതിയെങ്കില്‍ അയാളെ കുറ്റം പറഞ്ഞിട്ടെന്ത്? കേരളത്തിലെ സംഘടനകളും പാര്‍ട്ടികളുമെല്ലാം ഇയാളെ വാഴ്ത്തിപ്പാടി നടക്കുകയായിരുന്നില്ലേ?

അന്നത്തെ മന്ത്രിമാര്‍ ഇപ്പോള്‍ ഞെട്ടിയിട്ടെന്തു കാര്യം? ഇദ്ദേഹത്തിന്റെ ഓരോ ചെയ്തിയും യുഡിഎഫ് ഭരണകാലത്തു തന്നെ നിരീക്ഷിക്കുന്നവര്‍ക്ക് കാര്യം സുതരാം വ്യക്തമായിരുന്നു.

‘അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം’ എന്നൊരു പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ട് പതിറ്റാണ്ടുകളായി. ഇതുവരെ ആരുടെയും മതവികാരം വ്രണപ്പെടുത്താത്ത ഈ പുസ്തകം പുനഃപ്രസിദ്ധീകരിച്ചവര്‍ക്കെതിരേ രാജ്യദ്രോഹത്തിനു കേസെടുത്തു രംഗത്തിറങ്ങിയ സെന്‍കുമാര്‍ ഇത് എഴുതിയ മഹാന്‍മാരെ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. തന്റെ പിതാവ് എഴുതിയ പുസ്തകം കണ്ടുകെട്ടാന്‍ ഇയാളാര് എന്നു പ്രമുഖ പത്രപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കര്‍ ലേഖനമെഴുതിയപ്പോള്‍ തന്നെ ഇയാളുടെ വങ്കത്തം നാട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. കേരളകൗമുദി സ്ഥാപക പത്രാധിപരായിരുന്ന കെ സുകുമാരന്‍, ഡോ. കെ പി തയ്യില്‍, പി കെ കെ കുഞ്ഞിരാമന്‍, സഹോദരന്‍ കെ അയ്യപ്പന്‍, ബി ആര്‍ പി ഭാസ്‌കറുടെ പിതാവ് എ കെ ഭാസ്‌കരന്‍ എന്നിവര്‍ എഴുതി കേരള തിയ്യ യൂത്ത്‌ലീഗ് പ്രസിദ്ധീകരിച്ചതായിരുന്നു കൃതി. മുസ്‌ലിംകളെ ഒന്നടങ്കം മാമോദീസ മുക്കി ശരിപ്പെടുത്തിക്കളയാമെന്നു വ്യാമോഹിച്ച് ഐപിഎസ് പട്ടവുമായി ഇറങ്ങിത്തിരിച്ച സെന്‍കുമാര്‍ സര്‍വീസില്‍ കയറിയ കാലം തൊട്ട് കൈകാര്യം ചെയ്ത കേസുകളുടെ പുനഃപരിശോധനയിലൂടെ മാത്രമേ എത്ര നിരപരാധികള്‍ ക്രൂശിക്കപ്പെട്ടുവെന്നു മനസ്സിലാവുകയുള്ളൂ.

127 യുഎപിഎ കേസുകള്‍! കേരളത്തില്‍ മുഴുവന്‍ രാഷ്ട്രീയ-മത-സാംസ്‌കാരിക സംഘടനകളും (സംഘികള്‍ ഒഴിച്ച്) തിരസ്‌കരിച്ച യുഎപിഎ എന്ന ഭീകര നിയമം എങ്ങനെ അടിച്ചേല്‍പിക്കപ്പെട്ടു എന്നതുള്‍പ്പെടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. ചെന്നിത്തലയും തിരുവഞ്ചൂരും എന്തുകൊണ്ട് സെന്‍കുമാറിന്റെ കാര്യത്തില്‍ അമിത താല്‍പര്യമെടുത്തു എന്നതും വെളിപ്പെടേണ്ടതുണ്ട്. മുസ്‌ലിമല്ലാത്തവരെ കൊല്ലുകയാണ് ജിഹാദ് എന്നും മറ്റും മനസ്സിലാക്കുകയും പ്രചരിപ്പിക്കുകയും മാത്രമല്ല, തദനുസാരം പോലിസ് തലപ്പത്തിരുന്നു പ്രവര്‍ത്തിക്കുകയും ചെയ്ത സെന്‍കുമാര്‍ പോലിസിനുള്ളില്‍ ചെയ്തുവച്ച സംഘപരിവാര അനുകൂല കാര്യങ്ങള്‍ ഏതൊക്കെ, എത്ര ഏമാന്മാരെ ഉന്നതങ്ങളിലേക്കു തള്ളിക്കയറ്റി എന്നെല്ലാം പരിശോധിക്കണം.

ഇന്ത്യയില്‍ എന്തുകൊണ്ടാണ് ഹിന്ദു-ക്രൈസ്തവ സംഘര്‍ഷമില്ലാത്തതെന്നു ചോദിക്കുന്ന സെന്‍കുമാറിന്, ഫാദര്‍ ഗ്രഹാം സ്റ്റെയിന്‍സ് എന്ന ആസ്‌ത്രേലിയന്‍ പാതിരിയെ ചുട്ടുകൊന്നതോ കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടതോ ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടതോ അറിയില്ല! പക്ഷേ, ഒന്നുണ്ട്: സെന്‍കുമാറിനെ പോലുള്ളവര്‍ ക്രൈസ്തവ സമൂഹത്തിന് ഒരു മാന്യത കല്‍പിക്കുകയും മുസ്‌ലിം വിഭാഗങ്ങളെ മ്ലേഛജന്തുക്കളായി കരുതുകയും ചെയ്യുന്നതിന്റെ രഹസ്യം ഈ വാക്കുകളിലുണ്ട്. മുസ്‌ലിംകള്‍ മാത്രമാണ് ഡീ റാഡിക്കലൈസേഷനു വിധേയരാകേണ്ടവര്‍. മുസ്‌ലിംകള്‍ക്കിടയില്‍ തീവ്രവാദികളെ സൃഷ്ടിക്കുകയും എന്നിട്ട് സത്യങ്ങള്‍ വിളിച്ചുപറയാന്‍ ധൈര്യം കാട്ടുന്നവരുടെ മേല്‍ തീവ്രവാദ ലേബല്‍ ഒട്ടിച്ചുകൊടുക്കുകയും ചെയ്യുന്നു. തീവ്രവാദ വിരുദ്ധ കാംപയിന്‍ നടത്തുകയുമൊക്കെ ചെയ്യാനായി സെന്‍കുമാറിന്റെ ഇന്റലിജന്‍സ് ടീം മുസ്‌ലിംകളില്‍ നിന്നുതന്നെ 512 പേരെ കണ്ടെത്തിയെന്ന് അദ്ദേഹം ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നു. അതില്‍ ഒരാളുടെ പേരും സെന്‍കുമാര്‍ വെളിപ്പെടുത്തി. എണ്ണം കൃത്യമായി അറിയില്ലായിരുന്നുവെങ്കിലും ഈ സംശയം മുമ്പേ പലരും പ്രകടിപ്പിച്ചതാണ്.

പക്ഷേ, അപ്പോഴും തീവ്രവാദവിരുദ്ധ കാംപയിന്‍ നടത്തിയ സംഘടനകളൊക്കെ കരുതിയത് തങ്ങള്‍ക്കു മേല്‍ ഈ ചാപ്പകുത്തുകയില്ലെന്നാണ്. സംഭവിച്ചതോ, ഒരുകാലത്ത് തികഞ്ഞ നിരീശ്വരവാദിയായിരുന്ന, എക്കാലത്തും ആര്‍എസ്എസിന്റെ അരുമയായിരുന്ന, കമ്മ്യൂണിസ്റ്റ് മേല്‍വിലാസം ദുരുപയോഗം ചെയ്ത, ജമാഅത്തെ ഇസ്‌ലാമി വിമര്‍ശനത്തില്‍ സ്‌പെഷ്യലിസ്റ്റായ മാന്യദേഹം മാത്രമാണ് ഒരേയൊരു നല്ല മുസ്‌ലിം എന്നു കണ്ടുപിടിച്ചിരിക്കുന്നു. ഇനി ഇന്റലിജന്‍സ് പോലിസിന്റെ പറ്റുപടിക്കാരായ ബാക്കി 511 മഹാന്‍മാര്‍ ആരെന്നു നാട്ടുകാര്‍ക്കു തീരുമാനിക്കാവുന്നതേയുള്ളൂ. സെന്‍കുമാറിന്റെ വെളിപ്പെടുത്തലുകളില്‍ അവര്‍ ചകിതരാവുന്നത് സ്വാഭാവികം.

സെന്‍കുമാര്‍ സംഘ് സഹായിയും ചെറുപ്പത്തില്‍ ശാഖയില്‍ പങ്കെടുത്തയാളുമാണെന്ന് അറിഞ്ഞാണ് മുഖ്യമന്ത്രി പിണറായി അയാളെ അകറ്റിനിര്‍ത്തിയതത്രേ. പിണറായിക്കെതിരേ ഇതിന്റെ പേരില്‍ പൊങ്കാലയിട്ടവര്‍ ഇപ്പോള്‍ മൗനത്തിലാണ്. ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും സെന്‍കുമാറിനെ വെള്ളപൂശാന്‍ നടന്നവര്‍ അങ്കലാപ്പിലും. എന്നാല്‍, ഐപിഎച്ചിന്റെ 14 പുസ്തകങ്ങള്‍ വര്‍ഗീയത വമിക്കുന്നവയാണെന്ന സെന്‍കുമാറിന്റെ റിപോര്‍ട്ട് ഇടതു സര്‍ക്കാര്‍ സ്വീകരിച്ചു. അവ പരിശോധിക്കാന്‍ കമ്മിറ്റിയുണ്ടാക്കി. തേജസിനു പരസ്യം കൊടുക്കരുതെന്ന റിപോര്‍ട്ടും സ്വീകരിച്ചു നടപ്പാക്കി. അതുകൂടി തിരുത്താന്‍ തയ്യാറായാല്‍ മാത്രമേ ഇക്കാര്യത്തിലുള്ള ഇടതു സര്‍ക്കാരിന്റെയും പിണറായി വിജയന്റെയും ആത്മാര്‍ഥതയും സത്യസന്ധതയും ബോധ്യപ്പെടുകയുള്ളൂ. പുതുവൈപ്പ് സമരം ഉള്‍പ്പെടെ എല്ലാ ജനകീയ സമരങ്ങളോടും ഇയാള്‍ സ്വീകരിച്ചത് ബൂര്‍ഷ്വാ-ജന്മി-സവര്‍ണ മനോഭാവമായിരുന്നു.

ഇസ്രായേലില്‍ ഒന്നര ലക്ഷം മുസ്‌ലിംകളുണ്ട്. ലിബിയയില്‍ എത്ര, സൗദിയില്‍ എത്ര എന്നൊരു ഞെട്ടിക്കുന്ന ചോദ്യാവലി. ഇസ്രായേല്‍ മുഴുക്കെ ഫലസ്തീനായിരുന്നു. മുസ്‌ലിംകളായിരുന്നു. ജൂലാന്‍ കുന്നുകളിലും സീനായിലും ഹൈഫയിലും ഉണ്ടായിരുന്ന ലക്ഷക്കണക്കിനു മുസ്‌ലിംകളെ ഭൂമി വിഴുങ്ങിക്കളഞ്ഞതാണോ? 1948ല്‍ അറബ് നാട് പിടിച്ചടക്കി ബ്രിട്ടിഷുകാര്‍ സ്ഥാപിച്ചുകൊടുത്തതാണ് ഇസ്രായേല്‍ എന്നും ലോകത്തുള്ള എല്ലാ ജൂതരെയും ആളെ തികയ്ക്കാന്‍ അങ്ങോട്ടു കടത്തിയതാണെന്നും അറിയാത്ത മരമണ്ടനൊന്നുമല്ല സെന്‍കുമാര്‍. ലൗജിഹാദ് ഹൈക്കോടതിയില്‍ ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ തള്ളിക്കളഞ്ഞതായിട്ടും ജസ്റ്റിസ് ശങ്കരന്റെ തെറ്റായ വിധിയും പൊക്കിപ്പിടിച്ചു നടക്കുന്ന സംഘികള്‍ക്ക് യജമാനനേക്കാള്‍ യജമാനസ്‌നേഹമുള്ള എന്തോ ഒന്നിനെ ലഭിച്ചിരിക്കുന്നു. കേസെടുത്ത് ജയിലില്‍ അടയ്‌ക്കേണ്ടത് ആരെയെന്ന് ഇനി പറഞ്ഞിട്ടു വേണോ?

ആര്‍എസ്എസിനെ നാണിപ്പിച്ചുകളഞ്ഞു സെന്‍കുമാര്‍. മുസ്‌ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്തു കുട്ടികളെ ഉണ്ടാക്കണമെന്നൊക്കെ പ്രസ്താവിച്ചവരും മാപ്പിളപ്പെണ്ണുങ്ങള്‍ പന്നി പെറും പോലെ പെറ്റുകൂട്ടുന്നുവെന്ന് പറഞ്ഞവരും ലജ്ജിച്ചിരിപ്പാണ്. അതുക്കും മേലെയിരിക്കുന്നു മുന്‍ സംസ്ഥാന പോലിസ് മേധാവി. അദ്ദേഹത്തിനു വേണ്ടി സൗജന്യമായി കേസ് വാദിച്ചതില്‍ ഖേദിക്കുന്നു ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ രണ്ട് അഭിഭാഷകര്‍. ലൗജിഹാദ് എന്നതിന് ഒരു തെളിവുമില്ലെന്നു വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നു ഐബിയുടെ മുന്‍ ജോയിന്റ് ഡയറക്ടര്‍ ജോണ്‍ വി ജോര്‍ജ്. ഭാവനയില്‍ ലൗജിഹാദ് സൃഷ്ടിച്ചെടുക്കുന്ന സെന്‍കുമാറിനെതിരേ കേസ് എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്.

കഴിഞ്ഞ 20 വര്‍ഷമായി സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന മുസ്‌ലിംവിരുദ്ധ പൊതുബോധത്തിന്റെ സൃഷ്ടിപ്പുകാരിലൊരുവനാണ് ഈ ഐപിഎസുകാരന്‍. ഞാനല്ല, അവനാണ് തീവ്രവാദി എന്ന് ആക്ഷേപിച്ച് കാംപയിനുകള്‍ക്ക് ഇറങ്ങുന്നവര്‍ ഇനിയെങ്കിലും തിരിച്ചറിയണം, നമ്മളെല്ലാം തീവ്രവാദികളായിത്തീര്‍ന്നിരിക്കുന്നുവെന്ന്.

ഒരൊറ്റ നല്ല മുസ്‌ലിം മാത്രമാണ് കേരളത്തിലുള്ളത്. നിങ്ങളൊക്കെ ആ തലത്തില്‍ എത്തണമെങ്കില്‍ ആദ്യം തൊപ്പി ഊരിവയ്ക്കണം. പിന്നെ താടിയും മീശയും വടിക്കണം. പൈജാമ പാടില്ല. പള്ളിക്കു സമീപം കണ്ടുപോകരുത്. സംഘി സെമിനാറില്‍ പങ്കെടുത്ത് അവരെ പുകഴ്ത്തിപ്പറയണം. ഇഫ്താറുകളില്‍ പങ്കെടുപ്പിച്ചാലൊന്നും മതിയാവില്ല. ഇനിയെത്ര ഐഎഎസ്-ഐപിഎസുകാരുടെ മുഖംമൂടി അഴിഞ്ഞുവീഴാനിരിക്കുന്നു എന്നതാണ് നമ്മെ അലോസരപ്പെടുത്തേണ്ട വസ്തുത. ഇടതുപക്ഷം ഭരിച്ചിട്ടും പോലിസിന്റെ സംഘപരിവാര സഹവര്‍ത്തിത്വം കേരളത്തിന്റെ കണ്ണുതുറപ്പിക്കണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss