|    Oct 17 Tue, 2017 10:48 pm
FLASH NEWS

ആ ശങ്കയ്ക്ക് ഇടമില്ല, ഉള്ളിടത്തൊന്ന് പോകാനും കഴിയില്ല; ആലത്തൂരില്‍ ആദ്യം വേണ്ടത് നല്ലൊരു ശുചിമുറി

Published : 2nd July 2016 | Posted By: SMR

ആലത്തൂര്‍: മഴക്കാലമായാല്‍ മനുഷ്യരില്‍ മൂത്രശങ്ക വര്‍ദ്ധിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ ശങ്ക തീര്‍ക്കാന്‍ ഒരു ഇടമില്ലാതെ ശങ്കിച്ചു നില്‍ക്കുകയാണ് ആലത്തൂരിലെ യാത്രക്കാര്‍. മൂത്രശങ്ക തീര്‍ക്കുന്നതിന് പോലും നഗരത്തില്‍ നല്ലൊരു ശുചിമുറി ഇല്ല.
1989 ല്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് വി സി രാമചന്ദ്രന്‍ പുതിയ ബസ്സ് സ്റ്റാന്റില്‍ സ്ഥാപിച്ച ശുചിമുറിയാണ് നഗരത്തില്‍ ആകെയുള്ളത്. എന്നാല്‍ പഴയ സ്റ്റാന്റില്‍ വച്ചോ സ്വാതിജങ്ഷനില്‍ വച്ചോ ശങ്ക തോന്നുന്ന യാത്രക്കാര്‍ ഓട്ടോറിക്ഷ പിടിച്ച് വേണം പുതിയ ബസ്സ്‌സ്റ്റാന്റിലെ ശുചിമുറിയിലെത്താന്‍. ഏറെ പ്രയാസമനുഭവിച്ച് ഈ ശുചിമുറിയിലെത്തിയാല്‍ തന്നെ വൃത്തിഹീനമായ ശുചിമുറിയുടെ ദയനീയാവസ്ഥ കണ്ടാല്‍ ആരും ചിന്തിച്ച് പോകും. ശുചിത്വം തീരെയില്ലാത്ത ഇത്തരം മുറിയുടെ പേരോ ശുചിമുറിയെന്ന്. വര്‍ഷങ്ങളായി കഴുകിയിട്ടില്ല, വാതിലുകള്‍ പലതും പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്. കൈ കഴുകുന്നതിന് സ്ഥാപിച്ചിട്ടുള്ള പൈപ്പിലും വാഷ്‌ബേസിനിലും മുറുക്കി തുപ്പിയും സിഗരറ്റ്, തീപ്പെട്ടി, മദ്യകുപ്പി എന്നിവയടക്കം ധാരാളം മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുകയുമാണ്. കൂടാതെ വലിയൊരു ചാക്കിലും ഒരു പൊട്ടിയ ബക്കറ്റിലും ധാരാളം മാലിന്യം നിക്ഷേപിച്ച നിലയില്‍ ശുചിമുറിക്കകത്ത് കാണാനാകും. വൃത്തി മാത്രമല്ല വേണ്ടത്ര സൗകര്യങ്ങളും ശുചിമുറിക്കകത്തില്ല. ധാരാളം കപ്പുകള്‍ വച്ചിട്ടുണ്ടെങ്കിലും മൂത്രപ്പുരക്കകത്ത് ആകെയുള്ളത് ഒരു പൈപ്പാണ്. മഴ കനത്തതോടുകൂടി വൃത്തിഹീനത വളരെ വര്‍ദ്ധിച്ചിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ അടച്ചുറപ്പില്ലാത്ത ശുചിമുറി അത്യാവശ്യഘട്ടങ്ങളില്‍പോലും ഉപയോഗിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ശുചിമുറിയുടെ ഉപയോഗം ആളുകളില്‍ മാരകരോഗം വരെ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
ശുചീകരണ പ്രവര്‍ത്തനം നടത്താതെ പഞ്ചായത്ത് ശങ്ക തീര്‍ക്കാന്‍ വരുന്നവരില്‍ നിന്നും യാതൊരു ശങ്കയുമില്ലാതെ പണപ്പിരിവ് നടത്തുന്നുമുണ്ട്.
ആലത്തൂരിന്റെ തൊട്ടടുത്ത നഗരമായ വടക്കഞ്ചേരിയില്‍ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഇ ടോയ്‌ലറ്റ് വരെ വന്നിട്ടും ആലത്തൂര്‍ എന്ന ചരിത്രപ്രസിദ്ധമായ നഗരത്തില്‍ നല്ലൊരു ശുചിമുറിപോലും ഇല്ല. ആലത്തൂരിന്റെ ആദ്യ ആവശ്യം നല്ലൊരു ശുചിമുറി വേണം എന്നതു തന്നെയാണ്. എന്നാല്‍ ഈ വിഷയത്തോടുള്ള അധികൃതരുടെ അനാസ്ഥ തുടരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക