|    May 24 Wed, 2017 8:08 am
FLASH NEWS

ആ വിരല്‍ ആരുടേത് ?

Published : 15th August 2016 | Posted By: Navas Ali kn

finger

പെരുമ്പാവൂരില്‍ ജിഷയുടെ കൊലയാളിയെ ചെരുപ്പുവഴി പിടികൂടിയ കേരളാ പോലിസിന് നാദാപുരത്തു കിട്ടിയത് ഒരു വിരലാണ്. ആ വിരലില്‍ പിടിച്ചു വേണം തൂണേരിയിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയവരെ കണ്ടെത്താന്‍. അസ്്‌ലമിനെ വാഹനമിടിച്ചു വീഴ്ത്തിയ വെട്ടിയ സ്ഥലത്തു നിന്നും ലഭിച്ച വിരല്‍ അസ്‌ലമിന്റേതോ കുടെയുണ്ടായിരുന്ന സുഹൃത്തുക്കളുടേതോ അല്ല. അപ്പോള്‍ പിന്നെ ഇത് കൊലയാളി സംഘത്തില്‍പ്പെട്ടവരുടേതാകാമെന്നാണ്് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇക്കാര്യം ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടുമുണ്ട്.
പാടത്തെ പണിക്ക് വരമ്പത്ത തന്നെ കൂലി കൊടുക്കുമെന്ന കോടിയേരിയുടെ പ്രഖ്യാപനവും ഷിബിന്റെ ഘാതകരെ വെറുതെ വിടില്ല എന്ന നാദാപുരം സഖാക്കളുടെ വെല്ലുവിളിയും നിലനില്‍ക്കെ അസ്‌ലമിന്റെ കൊലപാതകം ആര് നടപ്പിലാക്കിയാലും അത് ആസൂത്രണം ചെയ്തത് ആരാകുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ തരമില്ല. ഇതിനിടെ അക്രമം നടത്തിയത് വളയം, ചുഴലി സ്വദേശികളായ ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്ന സംശയവും പോലിസ് ഉയര്‍ത്തുന്നുണ്ട്. അക്രമികള്‍ എത്തിയ ഇന്നോവ കാറിനെ കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് ഈ സംശയം ബലപ്പെട്ടത്. അക്രമികള്‍ കണ്ണൂര്‍ ജില്ലയിലേക്കു കടന്നിട്ടുണ്ടാകുമെന്നും സൂചനയുണ്ട്.  പക്ഷേ അതിനിടക്ക് സിപിഎം ഏരിയാ സെക്രട്ടറിയുടെ വീട് റെയ്ഡ് ചെയ്ത് പോലിസ് അന്വേഷണത്തിലെ നിഷ്പക്ഷത നാട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്തു. അസ്‌ലമിന്റെ വീട്ടുകാര്‍ക്ക് അരക്കോടി രൂപ സഹായധനം വേണമെന്ന് മുസ്‌ലിം ലീഗ് സമാധാന കമ്മറ്റി യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകും. പിഎസ്‌സി ലിസ്റ്റിലെന്ന പോലെ പാര്‍ട്ടിയുടെ വാടകക്കൊലയാളികളുടെ പട്ടികയില്‍ ചേക്കേറാന്‍ ഗുണ്ടകള്‍ കാത്തുനില്‍ക്കുമ്പോള്‍ പ്രതികള്‍ ദിവസങ്ങള്‍ക്കകം പിടിയിലാകുക തന്നെ ചെയ്യും. പ്രതികളെ പിടിക്കുന്നതോടെ സര്‍ക്കാറിനും കനത്ത തുക നഷ്ടപരിഹാരം കുടുംബത്തിന് വാങ്ങി നല്‍കുന്നതിലൂടെ മുസ്‌ലിം ലീഗിനും ബാധ്യത ഒഴിവാകും. പക്ഷേ, അപ്പോഴും ഒരു നഷ്ടം മാത്രം നികത്തപ്പെടാതെ കിടക്കും. യൗവനത്തിലേക്ക് കടന്ന മകന്‍ കൊല ചെയ്യപ്പെട്ട ഒരു കുടുംബത്തിനുണ്ടായ നഷ്ടം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day