|    Nov 15 Thu, 2018 3:44 pm
FLASH NEWS
Home   >  Kerala   >  

ആ വാര്‍ത്തയില്‍ സത്യത്തിന്റെ ഒരംശമുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം ഈ നിമിഷം നിര്‍ത്തും:കെടി ജലീല്‍

Published : 13th May 2018 | Posted By: mi.ptk

തിരുവനന്തപുരം: മലപ്പുറത്ത് ഒരു സിനിമാ തിയേറ്ററില്‍ വച്ച് പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ താന്‍ പ്രതിയെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന മാധ്യമ വാര്‍ത്തക്കെതിരെ മന്ത്രി കെടി ജലീല്‍. ആ വാര്‍ത്തയില്‍ സത്യത്തിന്റെ ഒരംശമുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം ഈ നിമിഷം താന്‍ നിര്‍ത്തുമെന്ന് ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.തന്റെ പേരു പറയാതെ എന്നാല്‍ താനാണെന്ന് കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും സംശയിക്കാന്‍ ഇടവരുത്തും വിധം വാര്‍ത്ത നല്‍കുന്നത് സാമാന്യ മാധ്യമ ധര്‍മ്മത്തിന് നിരക്കുന്നതല്ല. തെളിവിന്റെ ഒരു തരിയെങ്കിലും നിങ്ങള്‍ കൊണ്ട് വരൂ, പൊതുപ്രവര്‍ത്തനം ഈ നിമിഷം താന്‍ നിര്‍ത്താമെന്നും ജലീല്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്റെ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എടപ്പാളിലെ ഒരു തിയ്യേറ്ററില്‍വെച്ച് പത്ത് വയസ്സായ ബാലിക കുബേരനായ ഒരു നരാധമനാല്‍ ലൈംഗിക അതിക്രമത്തിന് വിധേയമായ അത്യന്തം ഹീനമായ സംഭവം നമ്മുടെ നാട്ടിലെ ഓരോ രക്ഷിതാവിന്റെയും മനസ്സിനുണ്ടാക്കുന്ന ഞെട്ടല്‍ വിവരണാതീതമാണ്. പോലീസ് പരാതി കിട്ടിയിട്ടും അന്വേഷിക്കാന്‍ തയ്യാറാകാതിരുന്നത് ഗുരുതരമായ തെറ്റാണ്. അത്‌കൊണ്ടാണ് ചങ്ങരംകുളം എസ്.ഐ യെ സസ്‌പെന്റ് ചെയ്തിരിക്കുന്നതും അദ്ദേഹത്തിനെതിരെ മറ്റു നിയമ നടപടികള്‍ കൈകൊള്ളുന്നതും. DYSP ക്ക് എസ്.ഐ പരാതി കൈമാറിയിരുന്നെന്ന് പറയപ്പെടുന്ന കാര്യം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അന്വേക്ഷിക്കുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന്റെ അതീവ ജാഗ്രതയോടെയുള്ള നീക്കം രസിക്കാത്ത കോണ്‍ഗ്രസ്സ് ചാനല്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തയാണ് ഇതുമായി ബന്ധപ്പെട്ട് നല്‍കുന്നത്. മലപ്പുറത്ത് നിന്നുള്ള ഒരുമന്ത്രി പ്രതിയെ സഹായിക്കാന്‍ ഇടപെട്ടുവെന്ന രീതിയില്‍ ‘ജയ്ഹിന്ദ്’ ചാനലാണ് ഫ്‌ലാഷ് ന്യൂസ് സംപ്രേഷണം ചെയ്തത്. എന്റെ പേരു പറയാതെ എന്നാല്‍ ഞാനാണെന്ന് കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും സംശയിക്കാന്‍ ഇടവരുത്തും വിധം വാര്‍ത്ത നല്‍കുന്നത് സാമാന്യ മാധ്യമധര്‍മ്മത്തിന് നിരക്കുന്നതല്ല. ആ വാര്‍ത്തയില്‍ സത്യത്തിന്റെ ഒരംശമുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം ഈ നിമിഷം ഞാന്‍ നിര്‍ത്തും. ‘ ജയ് ഹിന്ദ് ‘ ചാനലിനെ ആയിരം വട്ടം ഞാന്‍ വെല്ലുവിളിക്കുന്നു . തെളിവിന്റെ ഒരു തരിയെങ്കിലും നിങ്ങള്‍ കൊണ്ട് വരൂ .

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച ‘ഈര്‍ഷ്യ’ തീര്‍ക്കേണ്ടത് കള്ളക്കഥകള്‍ മെനഞ്ഞെടുത്ത് ജനസമക്ഷം വിളമ്പിയല്ല . നേര്‍ക്കുനേര്‍ പോരാടിയാണ് . ദൈവം സാക്ഷി , വേദഗ്രന്ഥങ്ങള്‍ സാക്ഷി … എടപ്പാള്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയും സഹായിക്കാന്‍ ശ്രമിക്കുക പോയിട്ട് അങ്ങിനെ ചിന്തിക്കുക പോലും ചെയ്തിട്ടില്ല …. എനിക്കതിന് കഴിയില്ല …. കാരണം രണ്ട് പെണ്‍കുട്ടികളടക്കം മൂന്ന് മക്കളുടെ പിതാവുകൂടിയാണ് ഞാന്‍ . സത്യമേവ ജയതേ ……

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss