|    Oct 20 Sat, 2018 8:04 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ആ നിമിഷം ഗൗരി ലങ്കേഷിനെ ഓര്‍ത്തു: ഉമര്‍ ഖാലിദ്‌

Published : 14th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തന്റെ നേര്‍ക്ക് തോക്കുചൂണ്ടിയ ആ നിമിഷം ശരിക്കും ഭയന്നുപോയെന്ന് ജെഎന്‍യു സമരനേതാവ് ഉമര്‍ ഖാലിദ്. ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയുടെ പുറത്ത് അജ്ഞാതനായ അക്രമിയുടെ വെടിവയ്പില്‍ നിന്നു കഷ്ടിച്ച രക്ഷപ്പെട്ടതിനു പിന്നാലെ ദ ക്വിന്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൗരി ലങ്കേഷാണ് അപ്പോള്‍ ഓര്‍മയിലെത്തിയത്. ഗൗരി ലങ്കേഷിന്റെ വിധി തനിക്കും വന്നെത്തിയെന്നാണു ചിന്തിച്ചത്. തന്റെ സമയം അടുത്തെത്തിയെന്നു കരുതി. അക്രമിയെ കീഴ്‌പ്പെടുത്തുകയും തന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി- ഉമര്‍ ഖാലിദ് പറഞ്ഞു.
വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരേ സംഘടിപ്പിച്ച ചടങ്ങിനു മുമ്പായി തന്നെ കൊലപ്പെടുത്താനുള്ള ശ്രമം സൂചനയായിരുന്നെന്നും ഇത് അപ്രതീക്ഷിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കും നയങ്ങളെ എതിര്‍ക്കുന്നവര്‍ക്കുമെതിരേ ഭരണകക്ഷിയുടെ നിയന്ത്രണത്തിലുള്ള ചില മാധ്യമങ്ങളും ട്രോള്‍ സൈന്യവും രണ്ടുവര്‍ഷമായി തെറ്റിദ്ധാരണയും വിദ്വേഷപ്രചാരണവും നടത്തിവരുകയാണ്. ദേശവിരുദ്ധരായി ചിത്രീകരിക്കാനും ശ്രമം വ്യാപകമാണ്- ഉമര്‍ ഖാലിദ് പറഞ്ഞു.
യൂനൈറ്റഡ് എഗെയ്ന്‍സ്റ്റ്് ഹേറ്റ്, ഭയത്തില്‍നിന്നുള്ള മോചനം എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങിനെത്തിയപ്പോഴാണ് ഖാലിദിനെതിരേ ആക്രമണശ്രമമുണ്ടായത്.
സര്‍ക്കാരിനെതിരേ സംസാരിക്കുന്നവരെല്ലാം ആക്രമിക്കപ്പെടുന്ന രീതിയില്‍ രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുകയാണ്. അക്രമികള്‍ ആരാണെന്നു തനിക്കറിയില്ല. എന്നാല്‍, സര്‍ക്കാരിനെതിരേ സംസാരിക്കുന്നവര്‍ ഏതുസമയത്തും കൊല്ലപ്പെടാം എന്ന സന്ദേശമാണ് അവര്‍ നല്‍കുന്നത്.
അതേസമയം, വധശ്രമത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വധശ്രമം ഞെട്ടിക്കുന്നതാണെന്ന് ജെഎന്‍യു സമരനേതാവ് ഷെഹ്‌ല റാഷിദ് പറഞ്ഞു. സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഉമര്‍ ഖാലിദിന്റെ സുരക്ഷ സംബന്ധിച്ച് ഭീതിയുണ്ടെന്നും ഷെഹ്‌ല റാഷിദ് പ്രതികരിച്ചു. ജനാധിപത്യസമൂഹത്തില്‍ അക്രമങ്ങ ള്‍ക്ക് ഇടമില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
ഉമര്‍ ഖാലിദിനു നേരെ രണ്ടുവര്‍ഷം മുമ്പും വധശ്രമം നടന്നിരുന്നതായി ദലിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ജൂണില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ രവി പൂജാരിയില്‍ നിന്നു വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഉമര്‍ ഖാലിദ് പോലിസിനു പരാതി നല്‍കിയിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഉമര്‍ ഖാലിദിന്റെ പിതാവിനും ഭീഷണി ഫോണ്‍വിളികള്‍ ഉണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss