|    Apr 22 Sun, 2018 12:38 pm
FLASH NEWS
Home   >  Editpage  >  Article  >  

ആ തൂവെള്ളയില്‍ രക്തക്കറ പുരട്ടരുത്

Published : 17th April 2016 | Posted By: SMR

അംബിക

”ഞങ്ങള്‍ക്കിനിയും കീറിപ്പറിഞ്ഞ യൂനിഫോമുമായി ജോലിചെയ്യാന്‍ വയ്യ. ശമ്പളമായി കിട്ടുന്ന തുച്ഛമായ തുകയില്‍നിന്ന് യൂനിഫോമിനായി നീക്കിവയ്ക്കാനുമില്ല. അതുകൊണ്ട് യൂനിഫോം അലവന്‍സോ യൂനിഫോമോ കിട്ടിയേ തീരൂ”- കോഴിക്കോട് മൊടക്കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ ഉന്നയിച്ച ഒരു പ്രധാന ആവശ്യം ഇതായിരുന്നു. ഇവര്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ടല്ല സമരം തുടങ്ങിയത്. ശമ്പളം അതതു മാസം അഞ്ചാംതിയ്യതിക്കെങ്കിലും ലഭ്യമാക്കണം, ഇഎസ്‌ഐയും പിഎഫും അനുവദിക്കണം, യൂനിഫോം അലവന്‍സോ യൂനിഫോമോ ലഭ്യമാക്കണം.
വിഷുദിനം കേരളക്കരയാകെ ആഘോഷത്തിമിര്‍പ്പിലാണ്ടപ്പോള്‍ എംഎംസിക്കു മുമ്പില്‍ 200ലേറെ പേര്‍ നിരാഹാരസമരത്തിലായിരുന്നു. അവിടത്തെ നഴ്‌സുമാരും രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായെത്തി. ഈ ആവശ്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ഡിമാന്‍ഡ് നോട്ടീസ് എംഎംസിയിലെ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ 2015 നവംബര്‍ 14ന് മാനേജ്‌മെന്റിനും ജില്ലാ ലേബര്‍ ഓഫിസര്‍ക്കും നല്‍കിയിരുന്നു. തുടര്‍ന്ന് റീജ്യനല്‍ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ എല്ലാ ജീവനക്കാര്‍ക്കും 3,500 രൂപ ബോണസ്, 1,500 രൂപ യൂനിഫോം അലവന്‍സ് അല്ലെങ്കില്‍ രണ്ടു ജോടി യൂനിഫോം, എല്ലാ മാസവും അഞ്ചാംതിയ്യതി ശമ്പളം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ മാനേജ്‌മെന്റ് രേഖാമൂലം അംഗീകരിക്കുകയുണ്ടായി.
എന്നാല്‍, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. കീറിയ യൂനിഫോം ഉപയോഗിക്കാനാവില്ലെന്നും പുതിയത് ലഭിക്കുന്നതുവരെ യൂനിഫോമില്ലാതെ ജോലിചെയ്യുമെന്നുമുള്ള യൂനിയന്റെ തീരുമാനം മാനേജ്‌മെന്റ് അംഗീകരിച്ചു. പ്രതിഷേധസൂചകമായി യൂനിഫോം ധരിക്കാതെ ഇഷ്ടമില്ലെങ്കിലും ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി.
ഇതിനിടയില്‍ പുതുതായി ചാര്‍ജെടുത്ത മെഡിക്കല്‍ സൂപ്രണ്ട് യൂനിഫോം ധരിക്കാത്തതിന്റെ പേരില്‍ രണ്ടുപേരെ ജോലിയില്‍നിന്നു പുറത്താക്കി. ഇതു ചോദ്യംചെയ്തതിന്റെ പേരില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഈ ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്യുന്ന യുഎന്‍എയുടെ നേതാവുകൂടിയായ ശ്രീമേഷിനെതിരേ വധശ്രമത്തിന് കള്ളക്കേസ് കൊടുക്കുകയും ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയുമാണുണ്ടായത്. യൂനിയന്‍ നേതാവായ ശ്രീമേഷിനെതിരേ നടപടിയെടുത്താല്‍ നഴ്‌സുമാരെല്ലാം പണിമുടക്കുസമരത്തിനിറങ്ങുമെന്നു പറഞ്ഞെങ്കിലും അതു വകവയ്ക്കാതെ സസ്‌പെന്‍ഷന്‍ നടപടി നടപ്പാക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് നഴ്‌സുമാര്‍ സമരരംഗത്തേക്കിറങ്ങുന്നത്. ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗങ്ങളിലെല്ലാം അവശ്യം നഴ്‌സുമാരെ നിലനിര്‍ത്തിക്കൊണ്ടാണ് സമരം തുടങ്ങിയത്. മാത്രമല്ല, ഏതൊരു തൊഴില്‍മേഖലയിലായാലും പകരം ജീവനക്കാരെ പുതുതായി നിയമിക്കാന്‍ സമരമുഖത്തുള്ള ഒരു തൊഴിലാളിയും അനുവദിക്കുന്ന പതിവില്ല. എന്നാല്‍, ഇവര്‍ അതിനെ പോലും എതിര്‍ത്തിട്ടില്ല. രോഗികള്‍ക്ക് വിഷമമില്ലാതെ കാര്യങ്ങള്‍ നടക്കട്ടെ എന്ന നിലപാടാണ് ഇക്കാര്യത്തിലും അവര്‍ കൈക്കൊണ്ടത് എന്നതും ശ്രദ്ധേയമാണ്.
ഹൈക്കോടതി ഇടപെട്ടാണ് നഴ്‌സ് ശ്രീകല നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചത്. എന്നാല്‍, കോടതി നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. മാത്രമല്ല, കഴിഞ്ഞ 11ന് ഹൈക്കോടതി ഇടപെട്ടുകൊണ്ട് നടത്തിയ ചര്‍ച്ചയും മാനേജ്‌മെന്റിന്റെ കടുംപിടിത്തം കാരണം പരാജയപ്പെടുകയായിരുന്നു. കോഴിക്കോട് ജില്ലാ കലക്ടര്‍, എംപി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളും മാനേജ്‌മെന്റിന്റെ ദുര്‍വാശിക്കു മുന്നില്‍ പരാജയപ്പെട്ടു.
ഭരണതലത്തില്‍ സ്വാധീനമുള്ള സ്ഥാപനത്തിന് 150 മെഡിക്കല്‍ സീറ്റ് ലഭിച്ചിട്ടുണ്ട്. ഇതിനേക്കാള്‍ സൗകര്യവും സംവിധാനങ്ങളുമുള്ള വന്‍ സ്ഥാപനങ്ങള്‍ക്കുവരെ 100 സീറ്റ് തന്നെ ലഭ്യമാവുന്നില്ലെന്നിരിക്കെ ഇതെങ്ങനെ സാധ്യമായി എന്ന ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. ചികില്‍സാ സ്ഥാപനം എന്നതിനപ്പുറം വിദ്യാഭ്യാസ കച്ചവടസ്ഥാപനം എന്ന രീതിയിലാണ് ഈ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നതെന്ന അഭിപ്രായവും നാട്ടുകാര്‍ക്കുണ്ട്. ഇത്തരമൊരു സമരത്തിനു നേതൃത്വം കൊടുക്കേണ്ട മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെ ട്രേഡ് യൂനിയനുകളായ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് എന്നിവയും ഈ പാവം തൊഴിലാളികളുടെ തീര്‍ത്തും ന്യായമായ സമരത്തിന് എതിരാണെന്നതും മുകളില്‍ പറഞ്ഞ കാര്യങ്ങളും ചേര്‍ത്തുവായിക്കേണ്ടതാണ്.
ഒരു സമരസഹായസമിതിയുടെ പിന്തുണയും സമരത്തിനുണ്ട്. എന്തായാലും കേരളത്തിലെ വമ്പന്‍ മാനേജ്‌മെന്റുകളെ മുട്ടുകുത്തിച്ച യുഎന്‍എ ഈ സമരത്തിലും സമ്പൂര്‍ണ വിജയത്തിനപ്പുറമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നു സംഘടനയുടെ സ്റ്റേറ്റ് സെക്രട്ടറി ജിതിന്‍ ലോഹ്യയും സഹപ്രവര്‍ത്തകരും ഉറച്ചുവിശ്വസിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss