|    Sep 19 Wed, 2018 3:16 am
FLASH NEWS
Home   >  Editpage  >  Article  >  

ആ ഇലയൊന്ന് കഴുകിക്കോ, നന്നായിത്തന്നെ…

Published : 16th December 2017 | Posted By: kasim kzm

ഗ്രീന്‍ നോട്‌സ് – ജി  എ  ജി  അജയമോഹന്‍

ഫാഷന്‍ ലോകത്ത് ഓരോ സീസണിലും ഓരോ തരം വസ്ത്രങ്ങളാണ് തരംഗമാവുക പതിവ്. വേനല്‍-വസന്തകാലം വര്‍ണപ്പൊലിമയുടെ ആഘോഷമാണെങ്കില്‍ ശൈത്യകാല ഡിസൈനുകള്‍ പൊതുവേ ഇളംനിറങ്ങളിലെ വിസ്മയമായിരിക്കും. പ്രകൃതിക്കും ഇത്തരം നിറഭേദങ്ങളുണ്ടെന്നു തോന്നും, മഞ്ഞുകാലത്ത് രാത്രിയില്‍ വീട്ടിലെത്തുന്ന ചില അതിഥികളെ കണ്ടാല്‍. നിശാശലഭങ്ങളെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. വര്‍ണപ്പൊലിമയാണ് ചിത്രശലഭങ്ങളുടെ പ്രത്യേകതയെങ്കില്‍ നിശാശലഭങ്ങളുടെ ചിറകുകളില്‍ പൊതുവേ നേര്‍ത്ത നിറങ്ങളിലുള്ള ചിത്രപ്പണികളാണ്. ഇളംനിറങ്ങളിലെ ഈ വിസ്മയങ്ങളാകട്ടെ ഏതൊരു ചിത്രകാരനെയും അതിശയിപ്പിക്കുന്നതാണ്.  ഫോട്ടോഗ്രാഫര്‍മാരുടെ സൗകര്യത്തിനെന്നോണം പകല്‍വെളിച്ചത്തില്‍, വൈകുന്നേരങ്ങളില്‍ പുറത്തിറങ്ങുന്ന വെങ്കണ്ണനീലി എന്നൊരു ശലഭമുണ്ട്. ഇവയുടെ ഒരിനം അറിയപ്പെടുന്നത് നാലുമണി ശലഭം എന്നാണ്- ഫോര്‍ ഒ ക്ലോക്ക് മോത്ത്. നാലുമണിപ്പൂവ് എന്നൊക്കെ പറയുന്നതുപോലൊരു പേര്. പകല്‍സമയത്ത് നാലാളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാനുള്ളതിനാലാകും, നല്ല നീലക്കുപ്പായമൊക്കെയായി അല്‍പം വര്‍ണപ്പൊലിമയൊക്കെയുണ്ട് നീലിക്ക്. പൊതുവേ ശാന്തസ്വഭാവക്കാരാണ് നിശാശലഭങ്ങള്‍. സമാധിക്കൂട്ടില്‍ നിന്നു പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം പല്ലിയുടെ വയറ്റിലെത്താനാണ് പലതിന്റെയും യോഗം. എന്നാല്‍, ഈ ശലഭങ്ങളുടെ പൂര്‍വാവതാരങ്ങള്‍ പൊതുവേ പ്രശ്‌നക്കാരും കാണുമ്പോള്‍ തന്നെ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നവരുമാണ്. നിശാശലഭങ്ങള്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്ന തണുപ്പുകാലത്തു തന്നെയാണ് ഈ ശലഭപ്പുഴുക്കള്‍ നാട്ടിലെങ്ങും ശല്യമുണ്ടാക്കുന്നതും. ചൊറിയന്‍പുഴു, കമ്പിളിപ്പുഴു, ഇലചുരുട്ടിപ്പുഴു, തടതുരപ്പന്‍, കായതുരപ്പന്‍ എന്നിങ്ങനെ പല ജാതി പുഴുക്കള്‍. ഇതിനെല്ലാം പുറമേ കേരളത്തില്‍ ചിലയിടങ്ങളില്‍ പട്ടാളവും ഇറങ്ങിയിട്ടുണ്ടത്രേ- പട്ടാളപ്പുഴു! പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്നതുപോലെ ഒരു കൃഷിയിടം പിടിച്ചടക്കിയ ശേഷം മറ്റൊന്നിലേക്കു നീങ്ങുമെന്നതിനാലാണ് ഇവയ്ക്കു പട്ടാളപ്പുഴുവെന്ന പേര് വന്നത്. ഈ പുഴുക്കള്‍ ഒരിടത്ത് ഇറങ്ങിക്കഴിഞ്ഞാല്‍ ആ പ്രദേശത്ത് ഇലകളൊന്നുംതന്നെ ബാക്കിവയ്ക്കില്ല. ഭക്ഷ്യസുരക്ഷയെത്തന്നെ ഒറ്റയിരിപ്പിന് അകത്താക്കിക്കളയുന്ന ഇവയെ വളരെ ഗൗരവപൂര്‍വമാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ഈ പുഴുക്കള്‍ പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് യുഎന്‍ ഭക്ഷ്യകാര്‍ഷിക സംഘടന സിംബാബ്‌വേയില്‍ ഈയിടെ അടിയന്തര യോഗം കൂടി നടപടികള്‍ സ്വീകരിച്ചിരുന്നു. ആ യോഗത്തില്‍ സംഘടനയുടെ ദക്ഷിണാഫ്രിക്കന്‍ കോ-ഓഡിനേറ്റര്‍ പറഞ്ഞത് ചരിത്രമാണ്. ”ഇവയെ ഇല്ലാതാക്കാന്‍ വഴിയില്ല. 1957 മുതല്‍ ഈ പുഴുക്കള്‍ അമേരിക്കയിലുണ്ട്. അവര്‍ക്കു പോലും ഇവയെ നിയന്ത്രിക്കാനായിട്ടില്ല; പിന്നെയാണോ ആഫ്രിക്കയില്‍” എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും ഭീകരന്‍മാരായ ഈ പുഴുക്കള്‍ ആഫ്രിക്കയിലെത്തിയതും അമേരിക്കയില്‍ നിന്നാണെന്നു സംശയിക്കുന്നവരുണ്ട്. രണ്ടു വര്‍ഷം മുമ്പ് വരള്‍ച്ച മൂലമുള്ള ഭക്ഷ്യധാന്യക്ഷാമം പരിഹരിക്കാന്‍ അമേരിക്കയില്‍ നിന്നെത്തിച്ച ധാന്യങ്ങളില്‍ നിന്നാണ് പുഴുക്കള്‍ എത്തിയതെന്നാണ് ഇവരുടെ സംശയം. കാഴ്ചയില്‍ ചെറുതാണെങ്കിലെന്താ, അന്താരാഷ്ട്ര ബന്ധങ്ങളില്‍ പോലും നിര്‍ണായക ഘടകമാണ് ഈ പുഴുക്കള്‍ എന്നര്‍ഥം. വിവിധ രാജ്യങ്ങളില്‍ ഭക്ഷ്യസുരക്ഷയെ പോലും അപകടപ്പെടുത്തുംവിധം ‘വിധ്വംസക പ്രവര്‍ത്തനങ്ങളി’ല്‍ ഏര്‍പ്പെട്ടുവരുന്ന ഇവയും ചിലയിനം നിശാശലഭങ്ങളുടെ ലാര്‍വകളാണ്. മഞ്ഞുകാലത്ത് നമ്മുടെ നാട്ടില്‍ പ്രത്യക്ഷപ്പെടുന്ന ചൊറിയുന്നതും അല്ലാത്തതുമായ പല പുഴുക്കളും ഇത്ര ഭീകരന്‍മാരൊന്നുമല്ല. എന്നാലും നാട്ടുകാര്‍ക്ക് ഇവ ‘ജൊറിയമ്പുടു’ തന്നെയാണ്- ചൊറിഞ്ഞാലും ഇല്ലെങ്കിലും. ഓറഞ്ചും കറുപ്പും കലര്‍ന്ന രോമാവൃതമായ ശരീരത്തോടുകൂടിയ കമ്പിളിപ്പുഴുവിനെയാണ് പലര്‍ക്കും ഏറെ പേടി. മരങ്ങളില്‍ നിന്നു സര്‍ക്കസ്സുകാരനെപ്പോലെ നൂലില്‍ തൂങ്ങിയിറങ്ങുന്ന ഇരുണ്ട നിറമുള്ള മറ്റൊരിനവും ഏറെ കുപ്രസിദ്ധനാണ്. തൊപ്പപ്പുഴുവെന്നും ഇവയെ കോഴിക്കോട്ടുകാര്‍ വിളിക്കാറുണ്ട്. പട്ടാളപ്പുഴുവിനോളം ഭീകരന്‍മാരൊന്നുമല്ലെങ്കിലും പലര്‍ക്കും ശലഭപ്പുഴുക്കളെ എന്തെന്നില്ലാത്ത ഭയവും വെറുപ്പുമാണ്. ചിലര്‍ക്ക് ഇവയെ കാണുമ്പോഴേ അങ്ങു ചൊറിഞ്ഞുകയറും. ഇവയുടെ രോമം തൊട്ടാല്‍ പോലും ചൊറിയും എന്നൊക്കെയുള്ള ഭീകര കഥകളും നിലവിലുണ്ട്. ടൈഗര്‍ മോത്ത് എന്നൊരു ശലഭത്തിന്റെ ലാര്‍വയെക്കുറിച്ച് ഇത്തരമൊരു ആരോപണം ശാസ്ത്രജ്ഞര്‍ ഉന്നയിച്ചിട്ടുണ്ട്. ഇവ ത്വഗ്‌രോഗങ്ങള്‍ക്കു കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. പുഴുക്കള്‍ ഏറ്റവുമധികം ശല്യം ചെയ്യുന്നത് കര്‍ഷകര്‍ക്കാണ്- പ്രത്യേകിച്ചും നെല്ല്, പച്ചക്കറി, വാഴ കര്‍ഷകര്‍ക്ക്. വാഴയെ തിന്നുതീര്‍ക്കുകയോ മറിച്ചിടുകയോ ഒന്നും ചെയ്യില്ലെങ്കിലും ഇലകളെ കൂട്ടത്തോടെ പുഴുക്കള്‍ ആക്രമിക്കുന്നതായി കര്‍ഷകര്‍ പരാതിപ്പെടുന്നു. കൃഷിപ്പണികള്‍ക്കായി തോട്ടത്തില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയും. ഒന്നോ രണ്ടോ ആഴ്ചയോ കൂടിപ്പോയാല്‍ ഒരു മാസമോ ആണ് ഇവയുടെ ഉപദ്രവം കലശലായി ഉണ്ടാവുക എങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ കൃഷിയിറക്കുന്നവര്‍ ഇതു നിസ്സാരമായി കാണാറില്ല. കിട്ടാവുന്ന മരുന്നുകള്‍ പ്രയോഗിച്ച് പുഴുക്കളെ പിടിച്ചുകെട്ടാനാണ് പിന്നീടുള്ള ശ്രമം. ഇവിടെയാണ് അപകടം. ഊണിനായി വാഴയില ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പണി കിട്ടും. പുഴുക്കളെ നേരിടാന്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍ ചിലപ്പോള്‍ പുഴുക്കളേക്കാള്‍ വലിയ പ്രശ്‌നമുണ്ടാക്കിയേക്കാം. അതുകൊണ്ട് സദ്യ വിളമ്പും മുമ്പ് ആ ഇലയൊന്നു കഴുകുന്നതു നന്ന്.                     ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss