|    Jul 19 Thu, 2018 11:44 am
FLASH NEWS
Home   >  Sports  >  Cricket  >  

ആസ്‌ത്രേലിയ – ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: കംഗാരുക്കള്‍ക്ക് അനായാസ ജയം

Published : 7th September 2017 | Posted By: ev sports


ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയക്ക് തകര്‍പ്പന്‍ ജയം. 13 വിക്കറ്റുകളുമായി നദാന്‍ ലിയോണ്‍ കളം നിറഞ്ഞ മല്‍സരത്തില്‍ ഏഴ് വിക്കറ്റിനാണ് ആസ്‌ത്രേലിയ വിജയം പിടിച്ചെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ 86 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് പട 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു. ജയത്തോടെ രണ്ട് മല്‍സര പരമ്പരയില്‍ ഓസീസും ബംഗ്ലാദേശും ഓരോ മല്‍സരങ്ങള്‍ വീതം ജയിച്ച് സമനില പങ്കിട്ടു.
ബംഗ്ലാദേശ് പടുത്തുയര്‍ത്തിയ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 305 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസീസ് 119.5 ഓവറില്‍ 377 റണ്‍സ് അടിച്ചെടുത്തു. സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണര്‍ (123) അര്‍ധ സെഞ്ച്വറി നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (82), സ്റ്റീവ് സ്മിത്ത് (58) എന്നിവരുടെ ബാറ്റിങ് കരുത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 72 റണ്‍സിന്റെ ലീഡും ഓസീസ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശിന്റെ ബാറ്റിങ് പടയ്ക്ക് ലിയോണിന് മുന്നില്‍ കാലിടറി. സ്വന്തം മൈതാനത്ത് ലിയോണിന്റെ സ്പിന്‍ കെണിയില്‍ എവിടെ ബാറ്റുവെക്കണമെന്നറിയാതെ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ കുഴങ്ങിയപ്പോള്‍ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്‌സ് 157 റണ്‍സില്‍ കൂടാരം കയറി. ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഷ്ഫിഖര്‍ റഹിം (31) ടോപ് സ്‌കോററായപ്പോള്‍ മൊമിനുള്‍ ഹഖ് (29), സാഹിര്‍ റഹ്മാന്‍ (24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒന്നാം ടെസ്റ്റിലെ താരങ്ങളായ തമിം ഇക്ബാല്‍ (12), ഷക്കീബ് അല്‍ഹസന്‍ (2) എന്നിവര്‍ പെട്ടെന്ന് പുറത്തായതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. ഒന്നാം ഇന്നിങ്‌സില്‍ 72 റണ്‍സിന്റെ ലീഡ് വഴങ്ങിയ ബംഗ്ലാദേശ് 86 റണ്‍സ് എന്ന ചെറിയ വിജയ ലക്ഷ്യവും ഓസീസ് മുന്നില്‍വെച്ചു. ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ ലിയോണ്‍ രണ്ടാം ഇന്നിങ്‌സില്‍ 33 ഓവറില്‍ 60 റണ്‍സ് വഴങ്ങി ആറ് വിക്കറ്റും സ്വന്തമാക്കി. പാറ്റ് കുമ്മിന്‍സ്, ഒക്കീഫെ എന്നിവര്‍ രണ്ട് വിക്കറ്റുകളും വീതം വീഴ്ത്തി തിളങ്ങി.
താരതമ്യേന ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് തുടക്കത്തിലേ തന്നെ വാര്‍ണറെ (8) നഷ്ടമായെങ്കിലും മാറ്റ് റിന്‍ഷോ (22), സ്റ്റീവ് സ്മിത്ത് (16), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (16*) ഗ്ലെന്‍ മാക്‌സ് വെല്‍ (25) എന്നിവരുടെ ബാറ്റിങ് കൂടുതല്‍ അപകടം വരുത്താതെ ഓസീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുര്‍ റഹ് മാന്‍, ഷക്കീബ് അല്‍ ഹസന്‍, തയ്ജുല്‍ ഇസ്‌ലാം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം പങ്കിട്ടു.
നദാന്‍ ലിയോണ്‍ കളിയിലെ താരമായപ്പോള്‍ പരമ്പരയിലെ താരം പട്ടം ലിയോണും വാര്‍ണറും ചേര്‍ന്ന് പങ്കിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss