|    Oct 20 Fri, 2017 6:17 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ആസ്‌ത്രേലിയയില്‍ വീണ്ടും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി

Published : 11th July 2016 | Posted By: SMR

കാന്‍ബറ: ആസ്‌ത്രേലിയയില്‍ പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുളിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. കഴിഞ്ഞയാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചതായി ടേണ്‍ബുള്‍ പ്രഖ്യാപിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും മുഖ്യ എതിരാളികളായ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയും തമ്മില്‍ ശക്തമായ മല്‍സരമായിരുന്നു തിരഞ്ഞെടുപ്പില്‍ നടന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തന്നെ വിജയിക്കുമെന്നു വ്യക്തമായതായി നേതാക്കള്‍ അറിയിച്ചു.
ആസ്‌ത്രേലിയന്‍ പാര്‍ലമെന്റിന്റെ അധോസഭയായ പ്രതിനിധി സഭയില്‍ കേവല ഭൂരിപക്ഷം അവകാശപ്പെടാന്‍ വേണ്ട 76 സീറ്റുകള്‍ നേടിയെടുക്കാന്‍ കണ്‍സര്‍വേറ്റീവുകളുടെ നേതൃത്വത്തിലുള്ള സഖ്യത്തിനു കഴിഞ്ഞിട്ടില്ല. എന്നാല്‍, 74 സീറ്റ് നേടി സ്വതന്ത്രരുടെയും ചെറു പാര്‍ട്ടികളുടെയും പിന്തുണയോടെ സഖ്യം ഭൂരിപക്ഷം തികച്ചെന്ന സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയം നേടാനായെന്നും പാര്‍ലമെന്റിലേക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചുവെന്നും ടേണ്‍ബുള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ശക്തമായ മല്‍സരം നേരിട്ടതായും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പരാജയം അംഗീകരിക്കുന്നതായും ടേണ്‍ബുളിനെ അഭിനന്ദനം അറിയിക്കുന്നതായും പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് ബില്‍ ഷോര്‍ട്ടണ്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 66 സീറ്റുകളാണ് ലേബര്‍ പക്ഷത്തിനു നേടാനായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക