|    Dec 17 Mon, 2018 11:39 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ആസ്‌ത്രേലിയയിലും വിജയം തുടരാന്‍ ടീം ഇന്ത്യ

Published : 14th November 2018 | Posted By: kasim kzm

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി വിജയവഴിയില്‍ തിരിച്ചെത്തിയ ടീം ഇന്ത്യ ആസ്‌ത്രേലിയന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ട്വന്റി 20 പരമ്പരയ്ക്കു ശേഷം നടക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യക്കു മുന്നിലുള്ളത്.
മുരളി വിജയ്, രോഹിത് ശര്‍മ, പാര്‍ഥിവ് പട്ടേല്‍ എന്നിവരെയെല്ലാം ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്. പരിക്ക് പൂര്‍ണമായി ഭേദമാവാത്തതിനാല്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പുറത്തു തന്നെയാണ്.
അവസാനത്തെ ഓസീസ് പര്യടനത്തില്‍ ഇന്ത്യ 0-2നു പരാജയപ്പെട്ടിരുന്നു. ഇത്തവണ വിലക്ക് മൂലം സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഓസീസ് നിരയില്‍ ഇല്ലെന്നത് ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.

ഈ പരമ്പരയില്‍ ഇന്ത്യക്കു നിര്‍ണായകമാവുന്ന താരങ്ങള്‍ ഇവരാണ്.

രോഹിത് ശര്‍മ
ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ ഹിറ്റ്മാന്‍ രോഹിത് ശര്‍മ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഫോം ടെസ്റ്റിലും ആവര്‍ത്തിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളില്‍ കളിച്ചതൊഴിച്ചാല്‍ മറ്റുള്ളവയില്‍ രോഹിത് കാഴ്ചക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിക്ക് ഏറെ യോജിക്കുന്നതാണ് ആസ്‌ത്രേലിയയിലെ പിച്ചുകള്‍.
കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഇത്തവണ വലിയ ഇന്നിങ്‌സുകള്‍ കളിച്ച് ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കാനൊരുങ്ങുകയാണ് രോഹിത്.

റിഷഭ് പന്ത്
ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനൊരുങ്ങുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരിക്കും. വെസ്റ്റിന്‍ഡീസിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പയില്‍ രണ്ടു തവണ 90നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ പന്തിനായി. അതിനു മുമ്പ് നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ സെഞ്ച്വറിയും നേടി. ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഈ ഫോം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടീം. വിക്കറ്റ് കീപ്പിങിലെ ചില പോരായ്മകള്‍ കൂടി പരിഹരിക്കാനായാല്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ പന്തിനാവും.

പൃഥ്വി ഷാ
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനാണ് യുവ ഓപണര്‍ പൃഥ്വി ഷാ. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ പൃഥ്വി കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായാണ് വരവറിയിച്ചത്. പരമ്പരയില്‍ 237 റണ്‍സ് താരം അടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഓസീസ് പര്യടനത്തില്‍ ഇന്ത്യക്കു വന്‍ പ്രതീക്ഷയുള്ള താരമാണ് പൃഥ്വി. ടീമിന് മികച്ച തുടക്കം നല്‍കാന്‍ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന് കഴിയുമെന്ന് ആരാധകരും ഉറച്ചു വിശ്വസിക്കുന്നു.
ലോകേഷ് രാഹുല്‍
മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള ചുരുക്കം താരങ്ങളിലൊരാളാണ് ലോകേഷ് രാഹുല്‍. നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ഭേദപ്പട്ട പ്രകടനമാണ് രാഹുല്‍ കാഴ്ചവയ്ക്കുന്നതെങ്കിലും ടെസ്റ്റില്‍ താരം മോശം ഫോമിലാണ്. മികച്ച പ്രകടനം നടത്തി ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ രാഹുലിന് ലഭിച്ച അവസരം കൂടിയാണ് ഓസീസിനെതരായ ടെസ്റ്റ് പരമ്പര. അവസാനമായി ഇന്ത്യ ഓസീസില്‍ പര്യടനത്തിയപ്പോഴാണ് താരത്തിന്റെ അരങ്ങേറ്റം. അന്ന് രണ്ടാം ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ പരാജയപ്പെട്ടതിന് ആസ്‌ത്രേലിയയില്‍ പ്രായശ്ചിത്തം ചെയ്യുകയാവും താരത്തിന്റെ ലക്ഷ്യം.

രവീന്ദ്ര ജഡേജ
വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ കഴിഞ്ഞ പരമ്പരകളില്‍ മികച്ച പ്രകടനം നടത്തിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടെസ്റ്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊന്നാണ്. ബാറ്റിങിലും താരം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഫീല്‍ഡിങിലും ജഡേജ സൂപ്പറാണ്. ആസ്‌ത്രേലിയയില്‍ ഇതാദ്യമായാണ് ടെസ്റ്റില്‍ കളിക്കാന്‍ പോവുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss