|    Apr 22 Sun, 2018 4:56 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ആസ്‌ത്രേലിയന്‍ ഓപണ്‍: നദാലിനും വീനസിനും ഷോക്ക്‌

Published : 20th January 2016 | Posted By: SMR

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാംദിനം രണ്ടു പ്രമുഖര്‍ക്ക് ഷോക്ക്. പുരുഷ സിംഗിള്‍സില്‍ മുന്‍ ചാംപ്യനും മുന്‍ ലോക ഒന്നാംറാങ്കുകാരനുമായ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലും വനിതകളില്‍ മുന്‍ ഒന്നാംനമ്പര്‍ അമേരിക്കന്‍ താരം വീനസ് വില്യംസുമാണ് അപ്രതീക്ഷിത തോല്‍വിയോടെ പുറത്തായത്.

പുരുഷ സിംഗിള്‍സില്‍ ബ്രിട്ടന്റെ ആന്‍ഡി മുറേ, ആസ്‌ത്രേലിയയുടെ ബെര്‍ണാര്‍ഡ് ടോമിക്ക്, കാനഡയുടെ മിലോസ് റവോനിക് എന്നിവരും വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡ് ഗബ്രീന്‍ മുഗുറുസ, ഏഴാം സീഡ് ആഞ്ചലിക് കെര്‍ബര്‍ എന്നിവരും രണ്ടാംറൗണ്ടില്‍ കടന്നു.
എന്നാല്‍ രണ്ടാം സീഡായ റുമാനിയന്‍ താരം സിമോണ ഹാലെപ് ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്തായി.
നാട്ടുകാരനായ ഫെര്‍ണാണ്ടോ വെര്‍ഡാസോയ്‌ക്കോയ്ക്കു മുന്നിലാണ് നദാലിന്റെ ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടമെന്ന ലക്ഷ്യം ആദ്യറൗണ്ടില്‍ തന്നെ വീണുടഞ്ഞത്. അഞ്ചു സെറ്റുകള്‍ നീണ്ട വാശിയേറിയ പോരാട്ടത്തില്‍ 7-6, 4-6, 3-6, 7-6, 6-2നാണ് നദാല്‍ മല്‍സരം കൈവിട്ടത്. മല്‍സരം നാലു മണിക്കൂറും 40 മിനിറ്റും നീണ്ടുനിന്നു. നിര്‍ണായകമായ അഞ്ചാമത്തെ യും അവസാനത്തെയും സെറ്റില്‍ 0-3ന് പിന്നിട്ടുനിന്ന ശേഷമാണ് ഉജജ്വല തിരിച്ചുവരവ് നടത്തി വെര്‍ഡാസ്‌കോ ജയം പിടിച്ചെടുത്തത്.
കഴിഞ്ഞ വര്‍ഷം ഒരു ഗ്രാന്റ് സ്ലാം പോലും നേടാനാവാതെ തിരിച്ചടി നേരിട്ട നദാല്‍ ഈ വര്‍ഷം ഇതിനു പ്രായശ്ചിത്തം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. 2015ലെ ആസ്‌ത്രേലിയന്‍ ഓപണ്‍, ഫ്രഞ്ച് ഓപണ്‍ എന്നിവയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറ ത്തായ നദാല്‍ വിംബിള്‍ഡണിന്റെ രണ്ടാംറൗണ്ടിലും യുഎസ് ഓപണിന്റെ മൂന്നാംറൗണ്ടിലും തോല്‍ക്കുകയായിരുന്നു.
ആസ്‌ത്രേലിയന്‍ ഓപണിന്റെ ആദ്യറൗണ്ടില്‍ത്തന്നെ ഇത്തവണ മടങ്ങേണ്ടിവന്നത് കടുത്ത മാനസിക വിഷമമുണ്ടാക്കുന്നുണ്ടെന്നു മല്‍സരശേഷം നദാ ല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതു പോലെയല്ല ഈ വര്‍ഷം. കാരണം പരിക്കില്‍ നിന്നു പൂര്‍ണമായി മുക്തനായ ഞാന്‍ അടുത്തിടെ കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇത്രയേറെ കഠിനാധ്വാനത്തിനുശേഷം ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ആദ്യറൗണ്ടില്‍ തന്നെ തോല്‍ക്കുകയെന്നത് നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍ പൊരുതാതെയല്ല ഇന്നലെ ഞാന്‍ കീഴടങ്ങിയത്. ജയത്തിനു വേണ്ടി കഴിവിന്റെ പരമാവധി ശ്രമിച്ചു. ഇന്നലെ എന്റെ ദിവസമായിരുന്നില്ല. കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തി അടുത്ത ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താനാണ് ഇനി എന്റെ ശ്രമം- താരം വിശദമാക്കി.
അതേസമയം, എട്ടാം സീഡായ വീനസിനെ ബ്രിട്ടന്റെ ഒന്നാംനമ്പര്‍ താരമായ ജൊഹാന കോ ന്റയാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. തികച്ചും ഏകപക്ഷീയമായിരുന്നു കോന്റയുടെ വിജയം. സ്‌കോര്‍: 6-4, 6-2.
35 കാരിയായ വീനസിന് 24 കാരിയായ കോന്റയുടെ മാസ്മ രിക ഫോമിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മല്‍സരം 79 മിനിറ്റ് കൊണ്ടു തന്നെ അവസാനിച്ചു. മല്‍സരഫലത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് കോന്റ പ്രതികരിച്ചു. വീനസിന്റെ പ്രായമല്ല മല്‍സരത്തില്‍ നിര്‍ണായകമായത്. വളരെയേറെ അനുഭവസമ്പത്തും അറിവുമുള്ള ചാംപ്യ ന്‍ താരമാണ് അവര്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന താരം കൂടിയാണ് വീനസ്- കോന്റ കൂട്ടിച്ചേര്‍ത്തു.
പുരുഷ സിംഗിള്‍സിലെ മറ്റു മല്‍സരങ്ങളില്‍ മുറേ 6-1, 6-,2, 6-3ന് ജര്‍മനിയുടെ അലെക്‌സാണ്ടര്‍ സ്വവെര്‍വിനെയും ടോമി ക്ക് 6-1, 6-4, 6-4ന് ലൂക്കാസ് പോളിയെയും അമേരിക്കയുടെ ജോ ണ്‍ ഇസ്‌നര്‍ 6-3, 7-6, 6-3ന് പോളണ്ടിന്റെ ജെര്‍സി യാനോവിച്ചിനെയും കെവിന്‍ ആന്‍ഡേഴ്‌സന്‍ 6-7, 7-6, 6-3, 6-3ന് രാജീവ് റാമിനെയും കീഴടക്കി.
വനിതകളില്‍ ചൈനയുടെ ഷുയ് സാങാണ് ഹാലെപ്പിനെ 4-6, 3-6ന് അട്ടിമറിച്ചത്. മറ്റു പ്ര ധാന മല്‍സരങ്ങളില്‍ അന ഇവാനോവിച്ച് 6-2, 6-3ന് ടമ്മി പീറ്റേഴ്‌സനെയും യെലേന യാങ്കോവിച്ച് 6-3, 6-3ന് പൊളോന ഹെര്‍കോഗിനെയും കെര്‍ബന്‍ 6-7, 7-6, 6-3ന് മിസാകി ദോയിയെയും തോല്‍പ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss