|    May 27 Sun, 2018 5:11 pm
FLASH NEWS

ആസ്യ വധക്കേസ്: രണ്ടാം പ്രതിക്കും ജീവപര്യന്തം: വിധിയില്‍ സന്തോഷമെന്ന്മകന്‍; അര്‍ഹിക്കുന്ന ശിക്ഷ

Published : 31st January 2016 | Posted By: SMR

കല്‍പ്പറ്റ: മാതാവിനെ കൊലപ്പെടുത്തിയവരെ ശിക്ഷിച്ച കോടതി നടപടിയില്‍ സന്തോഷിക്കുന്നെന്നു മകന്‍. ചെന്നലോട് ആസ്യ വധക്കേസില്‍ രണ്ടാംപ്രതി മുഹമ്മദ് മുസ്തഫയെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ആസ്യയുടെ മകനും സംഭവത്തിലെ പ്രധാന സാക്ഷിയുമായ ഷാഫി.
ജീവപര്യന്തം തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കൊലപാതകശ്രമം- ഏഴു വര്‍ഷം, കവര്‍ച്ച- ഏഴു വര്‍ഷം, ഗൂഢാലോചന- മൂന്നുവര്‍ഷം എന്നിങ്ങെനയാണ് കല്‍പ്പറ്റ ഡിസ്ട്രിക്ട് അഡീഷനല്‍ സെഷന്‍സ് കോടതി -ഒന്ന് ജഡ്ജ് പാഞ്ചകേശന്‍ ശിക്ഷ വിധിച്ചത്. തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ഒന്നാം പ്രതി ചെന്നലോട് കുത്തിനി വീട്ടില്‍ ഇബ്രാഹീമിനെ നേരത്തെ ജീവപര്യന്തം തടവിനും പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. വിചാരണവേളയില്‍ ഒളിവില്‍പോയ മുസ്തഫയെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പടിഞ്ഞാറത്തറ വീട്ടിക്കാമൂല ടീച്ചര്‍ മുക്കില്‍ തിണ്ടന്‍ അഹമ്മദിന്റെ മകള്‍ ആസ്യയെ കൊലപ്പെടുത്തുകയും മകന്‍ ഷാഫിയെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. 2007 ജനുവരി 31ന് രാത്രിയിലാണ് സംഭവം. അന്നു വൈത്തിരി സിഐ ആയിരുന്ന ഇ പി പൃഥ്വിരാജാണ് കേസന്വേഷിച്ചത്.
30 സാക്ഷികളെ വിസ്തരിച്ചു. 43 രേഖകളും 34 തൊണ്ടിമുതലുകളും ഹാജരാക്കി. സംഭവം നടന്ന് ഒമ്പതു വര്‍ഷം പിന്നിടുന്നതിന്റെ തലേന്നാണ് കേസിലെ മുഴുവന്‍ പ്രതികളെയും ശിക്ഷിച്ചത്. നാടിനെയാകെ നടുക്കിയ കൊലപാതകത്തിലെ പ്രതികളെ പിടികൂടാന്‍ നാട്ടുകാര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ആസ്യയും മകനും ഒന്നിച്ചു കിടങ്ങുറമ്പോഴാണ് അക്രമമുണ്ടായത്. ഇരുവരെയും കൊന്ന് മോഷണം നടത്തുകയായിരുന്നു ഇബ്രാഹീമിന്റെയും മുഹമ്മദിന്റെയും ലക്ഷ്യം. ആസ്യയും മകനും താമസിച്ചിരുന്ന ഷെഡില്‍ പ്രതികള്‍ അതിക്രമിച്ചു കടക്കുകയും പിക്കാസും ഇരുമ്പുപാരയും ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. മാരകമായി പരിക്കേറ്റ ആസ്യയും മകനും കരഞ്ഞുബഹളം വച്ചതോടെ വീണ്ടും തലയ്ക്കടിക്കുകയും ആസ്യ മരണപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് വീട്ടില്‍ നിന്നു സ്വര്‍ണവും പണവും കവര്‍ന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കുറച്ചു സ്വര്‍ണം പണയം വയ്ക്കുകയും ബാക്കി ഒന്നാം പ്രതി ഇബ്രാഹീമിന്റെ വീട്ടില്‍ ഒളിച്ചുവയ്ക്കുകയും ചെയ്തു. കൊലയ്ക്ക് ഉപയോഗിച്ച പാര സമീപത്തെ വീട്ടില്‍ നിന്നാണ് മോഷ്ടിച്ചത്. കൃത്യത്തിനു ശേഷം പാര സമീപത്തെ കുളത്തില്‍ ഉപേക്ഷിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കുറ്റസമ്മതമൊഴി പ്രകാരം കൃത്യത്തിനുപയോഗിച്ച പാര, പിക്കാസ്, ഒളിപ്പിച്ചതും പണയംവച്ചതുമായ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിരുന്നു. കൊലപാതക ശ്രമത്തിനിടെ തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ ഷാഫി ഏറെക്കാലത്തെ ചികില്‍സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. അന്നു 13 വയസ്സായിരുന്നു ഷാഫിയുടെ പ്രായം. വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ജീവപര്യന്തം ശിക്ഷിച്ചതില്‍ സന്തോഷമുണ്ടെന്നും ഷാഫി പറഞ്ഞു.
കൊലപാതകം നടന്നയുടന്‍ തന്നെ വീട്ടിക്കാമൂല ടീച്ചര്‍മുക്ക് നിവാസികള്‍ ശക്തമായി തന്നെ രംഗത്തുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഓരോ ഘട്ടങ്ങളിലും നാട്ടുകാരുടെ സജീവ പിന്തുണയുണ്ടായി. ആദ്യപ്രതി ഇബ്രാഹീമിന്റെ നേതൃത്വത്തില്‍ കേസ് വഴിതിരിച്ചുവിടുന്നതിന് ശ്രമം നടന്നെങ്കിലും നാട്ടുകാരുടെ ഇടപെടലിലൂടെ പരാജയപ്പെട്ടു. മറ്റൊരാളെ പ്രതിയാക്കുന്നതിന് ഇബ്രാഹീമും മറ്റു ചിലരും ശ്രമങ്ങള്‍ നടത്തിയിരുന്നു. ആദ്യഘട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് രംഗത്തെത്തിയവരില്‍ മുന്‍നിരയില്‍ തന്നെ ഇബ്രാഹീമും ഉണ്ടായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തു വിചാരണ നടക്കുന്നതിനിടെയാണ് രണ്ടാം പ്രതി മുഹമ്മദ് മുസ്തഫ ഒളിവില്‍ പോയത്. ഇയാള്‍ക്കു വേണ്ടി കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്‍പ്പെടെ അന്വേഷണം നടത്തിയിരുന്നു. ഒടുവില്‍ മലപ്പുറത്ത് നിന്നാണ് പിടിയിലായത്. ഇതിനിടെ ഇയാള്‍ വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ നാലു വയസ്സുള്ള പെണ്‍കുട്ടിയുണ്ട്.
അയല്‍വാസികളും സുഹൃത്തുകളുമായിരുന്നു പ്രതികളായ ഇബ്രാഹീമും മുസ്തഫയും. ഒന്നിച്ച് ചെറിയ മോഷണങ്ങള്‍ നടത്തിയ പ്രതികള്‍ പിന്നീട് വന്‍ കവര്‍ച്ചയിലും ഒടുവില്‍ കൊലപാതകത്തിലും എത്തുകയായിരുന്നു. ഏതായാലും നാടിനെ നടുക്കിയ കൊലപാതകത്തിലെ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ടീച്ചര്‍മുക്ക് നിവാസികള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss