|    Sep 25 Tue, 2018 5:01 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ ആളെ കൊല്ലുന്നു

Published : 12th September 2018 | Posted By: kasim kzm

കോഴിക്കോട്: ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ ആളെ കൊല്ലുന്നതാണെന്ന് മുരളി തുമ്മാരുകുടി. കാന്‍സര്‍പോലുള്ള മാരക രോഗത്തിനു വരെ ഇതിന്റെ ഉപയോഗം വഴിവയ്ക്കുമെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍: ഈ പ്രളയദുരന്തത്തിന്റെ തുടക്കത്തില്‍ തന്നെ പ്രളയംമൂലമുണ്ടാവുന്ന മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന് വേഗത്തില്‍ പദ്ധതി ഉണ്ടാക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി താന്‍ പറഞ്ഞിരുന്നു. ഏറ്റവും വേഗത്തില്‍ അത്തരം പദ്ധതികള്‍ ഉണ്ടാക്കിയില്ലെങ്കില്‍ ആളുകള്‍ സ്വന്തം വഴി കണ്ടുപിടിക്കും. ആ വഴിയാവട്ടെ പ്രകൃതിസൗഹൃദമായിരിക്കുകയുമില്ല.
ദുരന്തബാധിത പ്രദേശങ്ങളില്‍ പലയിടത്തും ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ പൊട്ടി വീണുകിടക്കുന്നുണ്ട്. ആസ്ബസ്‌റ്റോസ് ഉണ്ടാക്കുന്ന, കാന്‍സര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ശാസ്ത്രലോകം ഏറെനാള്‍ മുമ്പേ മനസ്സിലാക്കിയതാണ്. അതുകൊണ്ടുതന്നെ ലോകത്തെ അനവധി രാജ്യങ്ങളില്‍ ആസ്ബസ്‌റ്റോസ് നിരോധിക്കപ്പെട്ടിട്ടുണ്ട്. പഴയ കെട്ടിടവും മറ്റും പുതുക്കിപ്പണിയുമ്പോള്‍ പണിക്കാര്‍ക്കും ചുറ്റുമുള്ളവര്‍ക്കും ആസ്ബസ്‌റ്റോസ് നാരുകള്‍ ശ്വസിക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ വലിയ മുന്‍കരുതലുകളാണുള്ളത്.
ആസ്ബസ്‌റ്റോസ് നിയമപരമായി വാങ്ങാനും ഉപയോഗിക്കാനും സാധിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതിനാല്‍ ആസ്ബസ്‌റ്റോസിന്റെ ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി നമുക്കറിയില്ല. അതുകൊണ്ടുമാത്രം കേരളത്തിലെ ആസ്ബസ്‌റ്റോസ് കുഴപ്പമില്ലാത്തതാവുന്നില്ല. ദുരന്തത്തിന്റെ സാഹചര്യത്തില്‍ ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ പൊട്ടിവീണിട്ടുണ്ടെങ്കില്‍ അവ കൈകാര്യം ചെയ്യുന്നതില്‍ നല്ല ശ്രദ്ധവേണം. വിദേശരാജ്യങ്ങളില്‍ ഇതിന് പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകള്‍ തന്നെ ഉണ്ട്. അവര്‍ മാത്രമേ അത് ചെയ്യാവൂ എന്ന് നിയമവുമുണ്ട്. ഇതൊന്നും ഇപ്പോള്‍ കേരളത്തില്‍ സാധ്യമല്ലാത്തതിനാല്‍ ചില പ്രായോഗിക നിര്‍ദേശങ്ങള്‍ തരാം:
1. നിങ്ങളുടെ വീട്ടിലോ ഓഫിസിലോ ഫാക്ടറിയിലോ ആസ്ബസ്‌റ്റോസ് പൊട്ടിവീണിട്ടുണ്ടെങ്കില്‍ ഉടന്‍ എടുത്തുപൊക്കാന്‍ നോക്കരുത്. ഒരു മാസ്‌ക് തീര്‍ച്ചയായും ധരിക്കണം. പൊട്ടിയ ഭാഗത്ത് വെള്ളം ഒഴിച്ച് നനച്ച് വേണം അത് എടുത്തുമാറ്റാന്‍.
2. ഒരു കാരണവശാലും വലിയ ഷീറ്റിനെ ചെറിയതായി മുറിക്കാന്‍ ശ്രമിക്കരുത്. ഉപേക്ഷിക്കാന്‍ എളുപ്പത്തിനായി പൊട്ടിച്ച് ചെറിയ കഷണമാക്കുകയും ചെയ്യരുത്. ആസ്ബസ്‌റ്റോസ് ഷീറ്റ് പൊട്ടിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ നാരുകള്‍ പറക്കുന്നതും നമ്മുടെ ശ്വാസകോശത്തില്‍ എത്തുന്നതും.
3. പഴയ പൊട്ടിയ ഷീറ്റുകള്‍ രണ്ടാമത് ഉപയോഗിക്കരുത്. പുതിയതായി ഒരു കാരണവശാലും ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ വാങ്ങി ഉപയോഗിക്കുകയും ചെയ്യരുത്.
4. ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ ഇട്ട കെട്ടിടത്തിന് താഴെ ജീവിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി തെളിവില്ല. അത് ഡ്രില്‍ ചെയ്യുകയോ മുറിക്കുകയോ പൊട്ടുകയോ ചെയ്യുമ്പോള്‍ ആണ് അപകടകരമാവുന്നത്.
5. ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ എങ്ങനെയാണ് നിര്‍മാര്‍ജനം ചെയ്യേണ്ടതെന്ന് എനിക്കറിയാം. പക്ഷേ, എന്റെ അറിവില്‍ ഇതിനുള്ള സൗകര്യം കേരളത്തിലില്ല. തല്‍ക്കാലം അവ മാറ്റിവയ്ക്കുക, പൊട്ടാതെ നോക്കുക, പുതിയതായി വാങ്ങാതിരിക്കുക എന്നൊക്കെ പറയാനേ എനിക്ക് കഴിയൂ.
ആസ്ബസ്‌റ്റോസിനെക്കുറിച്ച് അറിവും നിയമങ്ങളും ഇല്ലാതിരുന്ന ഏറെ രാജ്യങ്ങളില്‍ ആ അറിവുണ്ടാക്കാനും നിയമം മാറ്റാനും ദുരന്ത അവസരങ്ങള്‍ ഉപയോഗിക്കാറുണ്ട്. കേരളവും ഈ അവസരം അതിനും കൂടി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss