|    Sep 24 Sun, 2017 1:44 am
FLASH NEWS

ആസ്തി വികസന പ്രവൃത്തികള്‍ക്ക് പ്രാധാന്യം നല്‍കും

Published : 25th November 2016 | Posted By: SMR

പാലക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ‘ഭാഗമായി മൂന്ന് വര്‍ഷം മുതല്‍ 65 വര്‍ഷം വരെ ഈട് നില്‍ക്കുന്ന പ്രവൃത്തികള്‍ക്ക് പ്രാധാന്യം നല്‍കി ആസ്തി വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ഇത്തരം പ്രവൃത്തികളില്‍ തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം.സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആവിഷ്‌ക്കരിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജലസ്രോതസ്സുകളുടെയും മണ്ണ്-സസ്യ സമ്പത്തുകളുടെയും സംരക്ഷണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. നടപ്പു വര്‍ഷത്തില്‍ 38,23,989 തൊഴില്‍ദിനങ്ങള്‍ ജില്ലയില്‍ സൃഷ്ടിച്ചു. സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണിത്. സംസ്ഥാനത്ത് തിരുവനന്തപുരത്തിന് തൊട്ടുപുറകില്‍ രണ്ടാമതായാണ് പാലക്കാട് ജില്ല. 139 കോടി ഇതുവരെ പദ്ധതിക്കായി ചെലവിട്ടു. ജലസേചനം, കൃഷി, സാമൂഹിക നീതി, പട്ടികജാതി-വര്‍ഗ, ക്ഷീരവികസനം, മൃഗ സംരക്ഷണം വകുപ്പുകളുടെയും ശുചിത്വ മിഷന്‍, സെറികള്‍ച്ചര്‍, പിഎംഎവൈ, പിഎംജിഎസ് വൈ എന്നിവയുടെയും ഏകോപനത്തിലൂടെയാണ് തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നത്. ഗ്രാമപ്പഞ്ചായത്തുകളില്‍ അങ്കണവാടികളുടെ നിര്‍മാണത്തിന് അഞ്ച് ലക്ഷം വരെ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും ബാക്കി തുക കേന്ദ്ര സര്‍ക്കാരിന്റെ മറ്റു പദ്ധതികളില്‍നിന്നും കണ്ടെത്തും.അട്ടപ്പാടി ബ്ലോക്കിലെ പുതൂര്‍ പഞ്ചായത്തില്‍ അഞ്ച് അങ്കണവാടികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതി ജില്ലയില്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം നല്‍കാനും ഉപദേശക സമിതി യോഗത്തില്‍ ധാരണയായി. പഞ്ചായത്ത്തലത്തില്‍ ‘ഭൗതിക ആസ്തികള്‍ രൂപപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ ഏറ്റെടുക്കണം. ജില്ലയിലെ ഓരോ അസംബ്ലി മണ്ഡലത്തിലെയും തിരഞ്ഞെടുത്ത ഒരു പഞ്ചായത്തിലെ കിണറുകള്‍ ജല സുഭിക്ഷ പദ്ധതിയുടെ ‘ഭാഗമായി നവീകരിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ സുതാര്യമായ നടത്തിപ്പിനായി സോഷല്‍ ഓഡിറ്റ് സൊസൈറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ഷോളയൂര്‍, കുഴല്‍മന്ദം പഞ്ചായത്തുകളില്‍ ഓഡിറ്റ് നടത്തും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലയില്‍ പദ്ധതി വ്യാപിപ്പിച്ച് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക