|    Dec 11 Tue, 2018 9:09 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ആസൂത്രിത വ്യക്തിഹത്യക്കിരയായിട്ടും സഹിഷ്ണുത കാണിച്ച നേതാവ്‌

Published : 22nd November 2018 | Posted By: kasim kzm

സ്വന്തം പ്രതിനിധി

കല്‍പ്പറ്റ: ആസൂത്രിത വ്യക്തിഹത്യക്കിരയായിട്ടും സഹിഷ്ണുത പുലര്‍ത്തിയ നേതാവായിരുന്നു എം ഐ ഷാനവാസ് എംപി. ഗുരുതര രോഗത്തോട് മല്ലിട്ട് ചികില്‍സയില്‍ കഴിയുമ്പോള്‍ പോലും നവമാധ്യമങ്ങളിലൂടെ ക്രൂരമായി അദ്ദേഹത്തെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമം നടത്തി. തികഞ്ഞ മതേതരവാദിയായിട്ടും വര്‍ഗീയമായിപ്പോലും കഥകള്‍ മെനഞ്ഞു. അര്‍ഹിക്കുന്ന രീതിയില്‍ അവഗണിച്ചാണ് ഇത്തരം ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയത്.
വ്യാജ പ്രചാരണങ്ങളും അവഹേളനങ്ങളും ആക്ഷേപങ്ങളും തുടര്‍ച്ചയായി ഉണ്ടായിട്ടും നിയമനടപടിക്കൊരുങ്ങണമെന്ന പ്രവര്‍ത്തകരുടെ സമ്മര്‍ദത്തിന് അദ്ദേഹം കീഴ്‌പ്പെട്ടില്ല. ഒടുവില്‍, പ്രളയത്തെ തുടര്‍ന്ന് നാടൊന്നിച്ച് കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സമയത്തും അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്നതിന് ഗൂഢാലോചന നടന്നു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലത്തിലെത്താത്തത് തന്നെ ക്ഷണിക്കാത്തതുകൊണ്ടാണെന്ന വ്യാജ വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ചുരം ബദല്‍പാത സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ തന്നെ ക്ഷണിക്കാത്തതുകൊണ്ടാണ് പങ്കെടുക്കാന്‍പറ്റാഞ്ഞതെന്ന് പ്രവര്‍ത്തകരോട് വിവരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരിലാക്കി മാറ്റുകയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ ഈ വ്യാജ വീഡിയോ ഷെയര്‍ ചെയ്തവരിലുണ്ട്. ഇതിനെതിരേ പ്രവര്‍ത്തകരുടെ സമ്മര്‍ദത്തിനു വഴങ്ങി പോലിസില്‍ പരാതിപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണ്.
വയനാട് റെയില്‍വേ, ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍, ദേശീയപാതയിലെ രാത്രിയാത്രാനിരോധനം തുടങ്ങിയ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളിലും മറ്റും കുടുങ്ങി ഇവയുടെ പരിഹാരം സാധ്യമായില്ല. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ എംപിയെ കാണാനില്ല എന്ന പേരില്‍ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ട്രോള്‍മല്‍സരം ഉള്‍പ്പെടെ സംഘടിപ്പിച്ച പരിപാടികളോടുപോലും അസഹിഷ്ണുത കാണിച്ചില്ല.
അതിനിടെ, കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായി എംപിക്കെതിരായി ശക്തമായ ഉപജാപകസംഘവും മണ്ഡലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ടു. വിഭാഗീയതയെ തന്റെ അനുഭവസമ്പത്തും നേതൃപാടവവും കൈമുതലാക്കി മറികടക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വാണിജ്യം, മാനവശേഷി വികസനം എന്നീ സ്റ്റാന്റിങ് കമ്മിറ്റികള്‍, എംപി ലാഡ്‌സ് സമിതി, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശകസമിതി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ച ഷാനവാസ് മികച്ച രാഷ്ട്രീയനിരീക്ഷകന്‍ കൂടിയായിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss