|    Oct 20 Fri, 2017 6:21 pm
FLASH NEWS

ആസൂത്രണ സമിതി തിരഞ്ഞെടുപ്പ്; വി ആര്‍ സിനി രാജിവയ്ക്കണമെന്ന് വി എം സുധീരന്‍

Published : 13th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ നിന്നും ജില്ലാആസൂത്രണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വി ആര്‍ സിനിയോട് തല്‍സ്ഥാനം രാജിവയ്ക്കാന്‍ നി ര്‍ദ്ദേശിക്കണമെന്ന് കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനോട് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ സംബന്ധിച്ച് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നടത്തിയ അന്വേഷണറിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. ബിജെപിയുമായോ സിപിഎമ്മുമായോ യുഡിഎഫിനു പുറത്തുള്ള കക്ഷികളുമായോ ഒരുതരത്തിലുമുള്ള തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ സഹകരണമോ പാടില്ലെന്നാണ് യുഡിഎഫിന്റെ നയം. ഇതിനു വിരുദ്ധമായി നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. അവരെ താക്കീത് ചെയ്യാനും മേലില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ തികഞ്ഞ ജാഗ്രത പാലിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ഡിസിസി പ്രസിഡന്റിനോട് കെപിസിസി പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ നയപരമായ തീരുമാനമെടുക്കുന്നതിനു മുമ്പ് ഡിസിസിയുമായി ആശയവിനിമയം നടത്തണമെന്ന മുന്‍ നിലപാട് കൃത്യമായി പാലിക്കണമെന്ന് കൗണ്‍സിലര്‍മാരെ അറിയിക്കാനും ഡിസിസി പ്രസിഡന്റിന് കെപിസിസി പ്രസിഡന്റ് ചുമതലപ്പെടുത്തി. വിഎം.സുധീരന്‍ ഇതിനോടകം പലവട്ടം കോണ്‍ഗ്രസ് ജില്ലാനേതൃത്വവുമായും കോര്‍പ്പറേഷനിലെ യുഡിഎഫ് നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ദേശീയതലത്തിലും സംസ്ഥാനരാഷ്ട്രീയത്തിലും ബിജെപി.ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കുന്നതായിരുന്നു തലസ്ഥാന കോര്‍പ്പറേഷനിലെ സംഭവവികാസങ്ങള്‍. അതേസമയം ഈ വിഷയം ഏറ്റെടുത്ത് പ്രചാരണം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് സിപിഎം കോര്‍പ്പറേഷനില്‍ യുഡിഎഫ് ബിജെപി സഖ്യമാണെന്നാരോപിച്ച് നാളെ മുതല്‍ നഗരത്തിലെ പ്രാദേശികകേന്ദ്രങ്ങളിലെല്ലാം സിപിഎം സായാഹ്നധര്‍ണ നടത്താനൊരുങ്ങുകയാണ്. യുഡിഎഫും ബിജെപിയും തമ്മിലുണ്ടാക്കിയ രാഷ്ട്രീയധാരണ കാരണമാണ് ബിജെപിക്ക് ഇത്രയും സീറ്റുകള്‍ കോര്‍പ്പറേഷനില്‍ കിട്ടിയതെന്ന പ്രചാരണത്തിലാണ് പാര്‍ട്ടി ശ്രദ്ധയൂന്നുന്നത്. ഒപ്പം നേമം മണ്ഡലത്തില്‍ വിജയിക്കാനും പാപ്പനംകോട് ഉപതിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനം നിലനിര്‍ത്താനും ബിജെപിയെ സഹായിച്ചത് യുഡിഎഫ് ആണെന്ന് പ്രചരിപ്പിക്കാനും എല്‍ഡിഎഫ് പദ്ധതിയിടുന്നു. യുഡിഎഫും ബിജെപിയും ചേര്‍ന്ന് കോര്‍പ്പറേഷന്റെ ക്ഷേമ പെന്‍ഷന്‍ വിതരണം അട്ടിമറിച്ചുവെന്നും സിപിഎം ഇതോടൊപ്പം ആരോപിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക